ഇന്ത്യയില്‍ ഫാസിസമുണ്ടോ? പലര്‍ക്കും സന്ദേഹമുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുന്ന രീതിയില്‍ മൂന്നു ഘട്ടമായി പ്രചാരണം നടത്താനും ആവശ്യമെങ്കില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ചുവിടാനും ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ സന്നദ്ധത അറിയിച്ചതായുള്ള ഒളിക്യാമറ റിപ്പോര്‍ട്ട് കോബ്രാപോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിട്ടത് ഇയ്യിടെയാണ്. എതിരാളിക്കെതിരേ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും അവര്‍ തയാറാണ്. ആദ്യ മൂന്നു മാസം ഹിന്ദുത്വ ആശയം ശക്തമായി പ്രചരിപ്പിക്കണം. തുടര്‍ന്ന് വിനയ് കത്യാര്‍, ഉമാഭാരതി, മോഹന്‍ ഭഗത് തുടങ്ങിയവരുടെ തീവ്രഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കണം. അടുത്ത ഘട്ടത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെ അധിക്ഷേപിക്കുന്ന തരത്തിലേക്ക് പ്രചാരണം മാറ്റണം. ചാനലുകള്‍ തുടങ്ങിവെക്കുന്ന ഈ പ്രചാരണം തുടര്‍ന്ന് പ്രിന്റ്, ഓണ്‍ലൈന്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയിലേക്കും എത്തിക്കണം. എതിരാളികളെ ഇല്ലാതാക്കാന്‍ ഏതറ്റം വരെയും പോകുന്ന ബി.ജെ.പിയുടെ ഫാസിസ്റ്റ് മുഖമാണ് കോബ്രാപോസ്റ്റ് ഒരിക്കല്‍ക്കൂടി അനാവരണം ചെയ്തത്. തന്നെ വിമര്‍ശിക്കാനും കളിയാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരക്കണക്കിനു സൈബര്‍ പോരാളികളെ അണിനിരത്തിയിട്ടുണ്ടെന്നു രാഹുല്‍ ഗാന്ധി മുമ്പൊരിക്കല്‍ പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. അതിലും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കോബ്രാപോസ്റ്റ് ഒളിക്യാമറയിലൂടെ പുറത്തുവിട്ടത്.
ഒന്നാം ലോകയുദ്ധ കാലത്ത് ഇറ്റലിയില്‍ ആരംഭിച്ച പ്രത്യയശാസ്ത്രപരമായ ആശയമാണു ഫാസിസം. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരായി തോന്നിയാല്‍ ഫാസിസ്റ്റുകള്‍ അസഹിഷ്ണുക്കളാകുകയും അവരെ ശത്രുക്കളായി കരുതുകയും ചെയ്യും. ഡോ. ലോറന്‍സ് ബ്രിറ്റ് എന്ന പ്രമുഖ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഫാസിസത്തിന് 14 മുഖങ്ങളുണ്ടെന്നാണ്. ഏകാധിപതികളായ ജര്‍മനിയിലെ ഹിറ്റ്‌ലര്‍, ഇറ്റലിയിലെ മുസോളിനി, സ്‌പെയിനിലെ ഫ്രാങ്കോ, ഇന്തോനേഷ്യയിലെ സുഹാര്‍ത്തോ, ചിലിയിലെ പിനാഷെ എന്നിവരെക്കുറിച്ച് പഠിച്ചാണ് അദ്ദേഹം ഇക്കാര്യം കണ്ടെത്തിയത്.
അതിശക്തമായ ദേശീയത പ്രചരിപ്പിക്കുക, മനുഷ്യാവകാശങ്ങളെ തൃണവത്കരിക്കുക, പൊതു ശത്രുവിനെ നിര്‍വചിക്കുക, പുരുഷ കേന്ദ്രീകൃത സമൂഹമുണ്ടാക്കുക, മാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക, ദേശീയ സുരക്ഷ സംബന്ധിച്ച് കൃത്രിമമായ ആശങ്ക സൃഷ്ടിക്കുക, മതവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തുക, കോര്‍പറേറ്റുകള്‍ ഭരണം നിയന്ത്രിക്കുക, തൊഴിലാളികളെ അടിച്ചമര്‍ത്തുക, ബുദ്ധിജീവികളോട് അസഹിഷ്ണുത കാട്ടുക, ഉന്നത വിഭ്യാഭ്യാസ രംഗം തകര്‍ക്കുക, അഴിമതി വ്യാപകമാകുക, തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുക, പട്ടാളം മേല്‍ക്കൈ നേടുക, പൊലീസിന് അമിതാധികാരം നല്‍കുക തുടങ്ങിയവയാണിവ.
മേല്‍പ്പറഞ്ഞവയില്‍ മിക്കതും പൂര്‍ണ രൂപത്തിലും ഭാഗിക രൂപത്തിലും ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യന്‍ ദേശീയതയെ മതവിശ്വാസവുമായി കൂട്ടിക്കെട്ടുകയാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. ദേശീയ വിശ്വാസങ്ങള്‍, ദേശീയ മുദ്രകള്‍, ദേശീയ ചിഹ്നങ്ങള്‍, മുദ്രാവാക്യങ്ങള്‍ തുടങ്ങിയവയെ മതവുമായി കൂട്ടിക്കലര്‍ത്തുന്നു. മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്നു. മാധ്യമങ്ങളില്‍ വന്നത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഏറ്റവും ഒടുവിലത്തെ ശ്രമമാണ്. മാധ്യമങ്ങളെ പണം കൊടുത്ത് വിടുവേല ചെയ്യിക്കുന്നതും സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യം.
സാംസ്‌കാരിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവരുടെ ജീവിതം ഹോമിക്കപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കര്‍, എഴുത്തുകാരന്‍ ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് തുടങ്ങിയവര്‍ ഫാസിസ്റ്റ് ശക്തികളാല്‍ കൊല്ലപ്പെട്ടവരാണ്. ഇവരെ കൊന്നതാര്, കൊല്ലിച്ചതാര് എന്ന ചോദ്യങ്ങള്‍ക്ക് ഇന്നുവരെ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. പ്രതികളെപോലും പിടിച്ചിട്ടില്ല.
ഗോ സംരക്ഷണ സേന രംഗത്തിറങ്ങിയപ്പോള്‍ നിരവധി പേര്‍ കൊലക്കത്തിക്ക് ഇരയായി. നിരവധി പേരുടെ വീടുകള്‍ കൊള്ളയടിച്ചു. ആളുകളെ നഗ്നരാക്കി പൊതു വഴിയിലൂടെ നടത്തി അപമാനിച്ചു. സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കി. പശുവിന്റെ പേരില്‍ രാജ്യം നീറിപ്പുകഞ്ഞു. അര്‍ധരാത്രിയില്‍ നടപ്പാക്കിയ നോട്ടുനിരോധനം ഫാസിസമല്ലാതെ മറ്റെന്താണ്? എ.ടി.എമ്മുകള്‍ക്ക് മുമ്പിലും ബാങ്കുകള്‍ക്ക് മുന്നിലും നോട്ടുമാറ്റിയെടുക്കാന്‍ ക്യൂ നിന്ന് 150 പേരാണ് മരണമടഞ്ഞത്. ഒന്നരവര്‍ഷം കഴിഞ്ഞിട്ടും എത്ര കള്ളപ്പണം കണ്ടെത്തിയെന്നോ എത്ര കള്ള നോട്ടുകള്‍ പിടിച്ചെടുത്തെന്നോ, എത്ര പണം തിരികെ വന്നെന്നോ വ്യക്തമല്ല.
ഓരോ ദിവസവും പെട്രോള്‍- ഡീസല്‍ വില കുതിച്ചുയരുന്നു. പെട്രോള്‍ ബങ്കില്‍ ചെല്ലുമ്പോള്‍ പോലും വിലയെത്രയെന്നു തിട്ടമില്ല. ‘ഒരു നിശ്ചയവുമില്ലൊന്നിനും’ എന്നു കുമാരനാശാന്‍ പറഞ്ഞത് എണ്ണവിലയുടെ കാര്യത്തില്‍ എത്ര ശരിയാണ്. ക്രൂഡോയിലിന്റെ വില അന്താരാഷ്ട്ര വിപണയില്‍ കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഇവിടെ പെട്രോളിയം ഉത്പന്നങ്ങളുടെ വില കത്തിക്കയറുന്നത്. കേന്ദ്ര സര്‍ക്കാര്‍ 9 തവണ എക്‌സൈസ് ഡ്യൂട്ടി കൂട്ടി ജനങ്ങളെ കുത്തിപ്പിടിച്ചു നികുതി പിടിച്ചുവാങ്ങുന്നു. യു.പി.എ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയും യു.ഡി.എഫ് സര്‍ക്കാര്‍ നികുതി വരുമാനം വേണ്ടെന്നുവച്ചുമൊക്കെ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിച്ച കാലം ഇനി സ്വപ്‌നത്തില്‍ മാത്രം.
ഫാസിസത്തിന്റെ മറ്റൊരു മുഖമാണ് കേരളത്തില്‍ കാണുന്ന അക്രമരാഷ്ട്രീയം. പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം രാഷ്ട്രീയകൊലപാതകങ്ങളില്‍ കൊല്ലപ്പെട്ടത് 23 പേരാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം 10 പേര്‍. ലോകത്തൊരിടത്തും രാഷ്ട്രീയത്തിന്റെ പേരില്‍ ഇതുപോലെ ആളുകള്‍ കൊല്ലപ്പെടുന്നില്ല. സമ്പൂര്‍ണ സാക്ഷരരെന്നു അഭിമാനിക്കുന്ന നാട്ടിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഏറ്റവും കൂടുതല്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറിയ മൂന്നാമത്തെ സംസ്ഥാനം എന്ന സ്ഥാനമാണിപ്പോള്‍ കേരളത്തിന്. നമുക്കു മുകളില്‍ യു.പിയും ബീഹാറും മാത്രമേയുള്ളു. കുറ്റകൃത്യനിരക്കിലും സ്ത്രീകളോടുള്ള അതിക്രമത്തിലും കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു എന്നതിന് ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ പുതിയ കണക്കുകള്‍ സാക്ഷി.
കേരളത്തിന് നാണംകെടാന്‍ ഇനിയുമുണ്ട് സംഭവങ്ങളേറെ. കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയും അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 32-ാം പ്രതിയുമായ പി. ജയരാജന്‍ സി.പി.എം ജില്ലാ സെക്രട്ടറിയാണ്. ഷുക്കൂര്‍ വധക്കേസില്‍ 33-ാം പ്രതി ടി.വി രാജേഷ് എം.എല്‍.എയാണ്. ഫസല്‍ വധക്കേസില്‍ പ്രതികളായ കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലും കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലും അധ്യക്ഷന്മാരായി. എന്നാല്‍, എറണാകുളം വിടാന്‍ അനുവാദമില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും രാജിവെക്കേണ്ടിവന്നു. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ആജീവനാന്തം ജയിലില്‍ കഴിയേണ്ട പ്രതി കുഞ്ഞനന്തന്‍ രണ്ടു വര്‍ഷമായി വല്ലപ്പോഴും ജയിലില്‍ എത്തുന്ന സന്ദര്‍ശകന്‍ മാത്രം. 20 മാസത്തിനുള്ളില്‍ 193 ദിവസമാണ് കുഞ്ഞനന്തന് പരോള്‍ കൊടുത്തത്. 15 തവണയാണ് പരോളില്‍ പുറത്തിറക്കിയത്. ഇപ്പോള്‍ ശിക്ഷായിളവ് നല്‍കി ഇയാളെ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആവേശത്തോടെ കര്‍മനിരതമാണ്. ഷുഹൈബ് കൊലക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് മൂന്നു ദിവസത്തിനുള്ളില്‍ 12 മണിക്കൂര്‍ കാമുകിയോടൊപ്പം ജയിലില്‍ കഴിയാന്‍ അവസരം നല്‍കി. ടി.പി കേസിലെ പ്രതികളായ കൊടി സുനിക്കും കിര്‍മാണിക്കും ജയിലില്‍ ആയൂര്‍വേദ സുഖചികിത്സ.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത് കേരളത്തെ വല്ലാതെ നാണംകെടുത്തി. ശരീരത്തില്‍ 50 ഓളം പരിക്കേറ്റ മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊല്ലുകയായിരുന്നു. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 16 പേരില്‍ പലരും സി.പി.എമ്മുമായി ബന്ധമുള്ളവരാണ്. കോഴിക്കോട് കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിക്കുകയും ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത് കോടഞ്ചേരി കല്ലത്തറമേട് ബ്രാഞ്ച് സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെയുള്ള സംഘം. തന്റെ ചെറുകിട സംരംഭത്തില്‍ കൊടിനാട്ടി വട്ടംകറക്കിയ എ.ഐ.വൈ.എഫിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവവും കേരളത്തെ ഞെട്ടിച്ചു. 40 വര്‍ഷം പ്രവാസിയായിരുന്നു സുഗതന്‍. ഭരിക്കുന്നവര്‍ നിയമം കയ്യിലെടുക്കുകയും നിയമവാഴ്ചയെ തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ്. അക്രമികള്‍ക്ക് സംരക്ഷണവും കുറ്റവാളികള്‍ക്ക് ശിക്ഷായിളവും നല്‍കി ഭരണകൂടം അവരെ പ്രോത്സാഹിപ്പിക്കുന്നു. കുറ്റം ചെയ്യുന്നതും ശിക്ഷവിധിക്കുന്നതുമെല്ലാം സി.പി.എം തീരുമാന പ്രകാരം.
ഇതിനിടെ വിലക്കയറ്റം എല്ലാ നിയന്ത്രവും വിട്ടു കുതിക്കുകയാണ്. പൊതുവിതരണ സമ്പ്രദായം തകര്‍ന്നിരിക്കുന്നു. കേന്ദ്രത്തിന്റെ നികുതി കൊള്ളക്ക് സംസ്ഥാന സര്‍ക്കാരും കൂട്ടുനില്‍ക്കുന്നു. കാര്‍ഷിക മേഖല ഇതുപോലെ തകര്‍ന്നടിഞ്ഞ കാലഘട്ടമില്ല. എല്ലാ കാര്‍ഷിക വിളകളുടെയും വില ഒരേസമയം നിലം പൊത്തുന്നത് ഇതാദ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകുന്ന പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ പോലും ഇപ്പോള്‍ മുടങ്ങിയിരിക്കുന്നു.
കേരളത്തില്‍ അവശേഷിക്കുന്ന പച്ചപ്പുകള്‍കൂടി ഇല്ലാതാക്കാനുള്ള ശ്രമമാണ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി റോഡ് നിര്‍മിക്കുന്നതിലൂടെ കാണുന്നത്. വയനാട്ടില്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി തൂക്കിവില്‍ക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും കണ്ടു. മൂന്നാറില്‍ നിന്ന് ഒരിഞ്ചു ഭൂമി പോലും ഒഴിപ്പിച്ചില്ലെന്നു മാത്രമല്ല, ഇപ്പോള്‍ അവിടെ വ്യാപകമായ കയ്യേറ്റം നടക്കുകയുമാണ്. സംസ്ഥാനം വീണ്ടും മദ്യത്തില്‍ മുങ്ങിയിരിക്കുന്നു. ഘട്ടംഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനമെന്ന യു.ഡി.എഫ് മദ്യനയം പാടേ വെള്ളത്തില്‍ മുക്കിയാണ് ബാറുടമകള്‍ക്കുവേണ്ടി ചുവന്ന പരവതാനി വിരിച്ചുകൊടുത്തത്.
രാജ്യവും കേരളവും ഇന്നൊരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ഇതിനെതിരേ അതിശക്തമായ ജനകീയ പ്രതിരോധം ഉയരേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഫാസിസത്തിന്റെയും അക്രമത്തിന്റെയും അന്ധകാരം നമ്മെ മൂടുകയും അത് നമ്മെ തന്നെ വിഴുങ്ങുകയും ചെയ്യുന്ന കാലഘട്ടം വിദൂരമല്ല. ഫാസിസവും അക്രമവും നമ്മുടെ വീട്ടുമുറ്റത്ത് എത്തിയിരിക്കുന്നു. അക്രമത്തിനും ഫാസിസത്തിനുമെതിരേയുള്ള ജനമോചന യാത്രക്ക് ഇന്ന് തുടക്കമിടുകയാണ്. ഈ അന്ധകാര ശക്തികളില്‍ നിന്നുള്ള മോചനമാണ് ജനമോചനയാത്ര ലക്ഷ്യം വെക്കുന്നത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പുന:സ്ഥാപനമാണ് നമ്മുടെ ലക്ഷ്യം. രാജ്യവും കേരളവും നേരിടുന്ന ഏറ്റവും വലിയ രണ്ട് അപകടങ്ങളായ അക്രമത്തെക്കുറിച്ചും ഫാസിസത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും അവയ്‌ക്കെതിരേ അതിശക്തമായ രീതിയില്‍ ജനങ്ങളെ അണിനിരത്താനുമാണ് ഈ യാത്ര.