ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ഏഴര ദശാബ്ദ കാലം നിറഞ്ഞുനിന്ന രാഷ്ട്രീയമായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടേത്. തങ്ങളുടെ ജീവിതം തങ്ങളുടെ സന്ദേശത്തിലൂടെ തന്നെ വായിച്ചെടുക്കുന്ന ഒരു മാതൃകയാണ്. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ മുസ്‌ലിംലീഗ് രാഷ്ട്രീയത്തില്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ട ഒന്നാണ്. തങ്ങള്‍ കാണിച്ച ചില ഉദാത്ത മാതൃകകള്‍ ഉണ്ട്.

സാമ്പത്തികമായി ഏത് കാലത്തും പിന്നാക്കംനിന്ന വ്യക്തിയായിരുന്നു തങ്ങള്‍. എന്നാല്‍ അതൊന്നും ആരേയും അറിയിക്കാതെയാണ് ജീവിതം നയിച്ചത്. തങ്ങള്‍ കൊയിലാണ്ടിയില്‍ നിന്ന് കോഴിക്കോട്ടെത്തി ലീഗ് ഓഫീസിലേക്ക് വരുന്നത് ഓട്ടോറിക്ഷയിലായിരിക്കും. തങ്ങള്‍ക്ക്‌വേണമെങ്കില്‍ ആരെയെങ്കിലും വിളിച്ചാല്‍ കൊയിലാണ്ടിയില്‍ വന്ന് കൂട്ടിക്കൊണ്ടുവരാന്‍ വണ്ടിയെത്തും. പക്ഷേ തങ്ങള്‍ ആരേയും ബുദ്ധിമുട്ടിക്കാറില്ല. തങ്ങള്‍ ലീഗ് ഹൗസില്‍ വരുന്നത് ആരേയും അറിയിക്കാതെയുമായിരിക്കും.

ഇന്നത്തെ സൗകര്യപ്രദമായ ഓഫീസ് ഉണ്ടാകുന്നതിന് മുമ്പ് വലിയങ്ങാടിയിലുള്ള ഇപ്പോള്‍ യൂത്ത് ലീഗ് ഉപയോഗിക്കുന്ന ഓഫീസായിരുന്നു നമുക്ക് ഉണ്ടായിരുന്നത്. ആ സമയത്തൊക്കെ തങ്ങള്‍ പരിപാടികള്‍ കഴിഞ്ഞ് കോഴിക്കോട് വന്നാല്‍ താമസിക്കുക ഈ ലീഗ് ഓഫീസില്‍ ആയിരുന്നു. നല്ലൊരു ഹോട്ടലില്‍ തങ്ങള്‍ താമസിച്ചതായി ഓര്‍മയില്ല. ലീഗ് ഓഫീസില്‍ താമസിച്ച് ചായയും മറ്റും അങ്ങോട്ട് കൊണ്ട്‌വരിക എന്നല്ലാതെ സൗകര്യമുള്ള സ്ഥലത്ത് പോയി താമസിക്കുന്ന പ്രകൃതം തങ്ങള്‍ക്കുണ്ടായിരുന്നില്ല. ബാഫഖി തങ്ങള്‍ ഏറ്റവും അധികം വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പിച്ച പ്രധാന വ്യക്തി ഉമര്‍ ബാഫഖി തങ്ങളായിരുന്നു. കാരണം ബാഫഖി തങ്ങള്‍ക്ക് അറിയാമായിരുന്നു ഉമര്‍ബാഫഖി തങ്ങള്‍ക്ക് ലീഗ് തന്നെ ആയിരുന്നു ജോലി എന്ന്. തങ്ങള്‍ യാഥാര്‍ത്ഥത്തില്‍ ഏറ്റവും വിശ്വസ്തനായി അദ്ദേഹത്തെ കണ്ടു. തങ്ങളുടെ ചെറുപ്പത്തില്‍ ബാഫഖി തങ്ങള്‍ വരുമെന്ന് അറിയിച്ച പരിപാടികളില്‍ ബാഫഖി തങ്ങള്‍ക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഉമര്‍ ബാഫഖി തങ്ങളാണ് പങ്കെടുക്കാറ്. ഏറി വന്നാല്‍ പത്തോ പതിനഞ്ചോ മിനുറ്റ് മാത്രമേ സംസാരിക്കാറുള്ളൂ. ആ പ്രസംഗം എഴുതി എടുത്ത് പ്രസ്സിലേക്ക് കൊടുത്താല്‍ എഡിറ്റ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. സ്ഫുടം ചെയ്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. കേരളത്തിലാകെ നിറഞ്ഞ്‌നിന്ന വ്യക്തിത്വമായിരുന്നു ഉമര്‍ ബാഫഖി തങ്ങള്‍. കൃത്യസമയത്ത് പറഞ്ഞു തീര്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു തങ്ങള്‍. മടി എന്ന സംഗതി രാഷ്ട്രീയത്തില്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. തങ്ങള്‍ എപ്പോഴും ആക്ടീവ് ആയിരുന്നു, മരിക്കാന്‍ കിടക്കുന്ന ഘട്ടത്തില്‍ പോലും. മുസ്‌ലിം സമുദായത്തിലെ ഉന്നതരായ പലരും വിദ്യാഭ്യാസപരമായി നേട്ടങ്ങള്‍ കൈവരിച്ചവരായിരുന്നില്ല. എന്നാല്‍ നമുക്ക് കിട്ടാതെ പോയ ഭാഗ്യം നമ്മുടെ കുട്ടികള്‍ക്ക് കിട്ടണമെന്ന തിരിച്ചറിവ് ഉമര്‍ ബാഫഖി തങ്ങള്‍ക്കുണ്ടായി. അതിന് വേണ്ടി ബാഫഖി കുടുംബം കുടുംബപരമായി തന്നെ പലരെയും ദത്തെടുക്കാറുണ്ടായിരുന്നു. ഒരു കുട്ടിയുടെ കാര്യം ഉമര്‍ബാഫഖി തങ്ങളോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അബൂബക്കര്‍ ബാഫഖി ഇങ്ങനെ ദത്തെടുത്ത് പഠിപ്പിക്കുന്നുണ്ട്, അക്കൂട്ടത്തില്‍ ആ കുട്ടിയേയും ചേര്‍ത്ത് ഉമര്‍ബാഫഖി തങ്ങള്‍ വഴി കണ്ടെത്തി. മതപരമായ കാര്യത്തിലും അതിന്റെ നിഷ്ഠയുടെ കാര്യത്തിലും തങ്ങള്‍ക്ക് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. അന്നൊക്കെ പരിപാടികള്‍ കഴിഞ്ഞ് ഞങ്ങള്‍ ലീഗ് ഓഫീസില്‍ തങ്ങളോടൊപ്പം തങ്ങാറുണ്ടായിരുന്നു. ഹാളിനകത്ത് മേശക്കരികിലായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത.് പരിപാടികള്‍ കഴിഞ്ഞ് വളരെ വൈകി എത്തിയാല്‍ പോലും തങ്ങള്‍ വളരെ നേരത്തെ എണീറ്റ് തഹജ്ജുദ് നമസ്‌കരിക്കുമായിരുന്നു. തങ്ങള്‍ ആരോടും ദേഷ്യപ്പെടാറില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് സംസാരത്തിന്റെ ടോണില്‍ ഉണ്ടാകും. അത് കൃത്യമായി തന്നെ വായിച്ചെടുക്കാന്‍ സാധിക്കും.

നിര്‍ഭാഗ്യവശാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ കാലത്ത് മറ്റു നേതാക്കളെപോലെതന്നെ അത് ഉണ്ടാകാന്‍ പാടില്ല എന്ന് ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. വളരെ ശുദ്ധമായ മനസ്സായിരുന്നു തങ്ങളുടേത്. ഏതാണ്ട് അറുപത് അറുപത്തഞ്ച് വര്‍ഷത്തെ നിറഞ്ഞ്‌നിന്ന രാഷ്ട്രീയപ്രവര്‍ത്തനവുമായി നടന്നതിന് ശേഷം തങ്ങള്‍ പോകുന്ന സമയത്ത്, മഹാന്‍മാരെ പറ്റി പറയുന്നത് പോലെ ഈ ദുനിയാവില്‍ സ്വന്തമായി ഒന്നും നേടിയെടുക്കാതെ അല്ലാഹുവിന്റെ പ്രീതിക്കായി പരിശ്രമിച്ച് ധന്യമായ ജീവിതം കഴിഞ്ഞാണ് തങ്ങള്‍ വിടവാങ്ങിയത്. ആ മഹത്തായ പാരമ്പര്യം ഓര്‍ക്കാന്‍ കഴിയണം. ഒരുപാട് കാര്യങ്ങള്‍ തങ്ങളില്‍ നിന്ന് പഠിക്കാനുണ്ട്. ആ കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക എന്നതാണ് ഉമര്‍ബാഫഖി തങ്ങളോടുള്ള സ്മരണ.