Connect with us

Video Stories

കൊച്ചി മെട്രോ: യു.ഡി.എഫ് വികസനചിത്രം

Published

on

മലയാളികള്‍ക്ക് ഇത് അഭിമാന മുഹൂര്‍ത്തം. അയ്യായിരം കോടി രൂപയുടെ ആകാശ റെയില്‍ പദ്ധതി കൊച്ചു കേരളത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമായി. നാളെ മുതല്‍ കൊച്ചി മെട്രോ കുതിക്കും.
കേരളത്തിലെ വ്യവസായ വാണിജ്യ സിരാ കേന്ദ്രത്തിലൂടെ എത്ര വേഗത്തിലാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമായത്. 2012 സെപ്തംബര്‍ 13 ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് കൊച്ചി മെട്രോക്ക് തറക്കല്ലിട്ടു. 2013 ജൂണ്‍ ഏഴിന് നിര്‍മ്മാണം തുടങ്ങി. ഒന്നാംഘട്ടം മൂന്ന് വര്‍ഷം കണക്കാക്കി. കണ്ണ് ചിമ്മിയ വേഗതയില്‍ കൊച്ചി മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായി. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിമൂന്ന് കിലോ മീറ്റര്‍ പാതയിലാണ് മെട്രോ തീവണ്ടി ആദ്യമോടുന്നത്. ആലുവാ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 25 കിലോ മീറ്ററാണ് ഒന്നാംഘട്ടമായി നിര്‍മ്മിക്കുന്നത്. ഐ.ടി നഗരമായ കാക്കനാട്ടേക്ക് രണ്ടാംഘട്ട നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ശേഷമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാര കൈമാറ്റം നടത്തിയത്.
അതിവേഗം വളര്‍ന്നുവരുന്ന തുറമുഖ നഗരിയായ കൊച്ചിയില്‍ വന്‍ പദ്ധതി വിഭാവന ചെയ്തതും നടപ്പാക്കിയതും യു.പി.എ സര്‍ക്കാരിന്റെ പിന്തുണയോടെ യു.ഡി.എഫ് സര്‍ക്കാരാണ്. ഇടുക്കി അണക്കെട്ട് കഴിഞ്ഞാല്‍ കേരളത്തില്‍ സാധ്യമാക്കിയ വന്‍ പദ്ധതികളുടെ പട്ടികയില്‍ അവസാനത്തേതാണ് കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് പൂര്‍ത്തിയാക്കിയ ഈ സ്വപ്‌ന പദ്ധതി. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്ത ഡോ. മന്‍മോഹന്‍ സിങിന്റെ പിന്തുണയോടെയാണ് കണ്ണൂര്‍ വിമാനത്താവളം, കൊച്ചി സ്മാര്‍ട്ട് സിറ്റി, പ്രകൃതിവാതക ടെര്‍മിനല്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വന്‍ പദ്ധതികള്‍ക്കെല്ലാം അനുമതി നേടിയെടുത്തതും നിര്‍മ്മാണം നടത്തിയതും ലോകമെമ്പാടും നിര്‍മ്മാണ മേഖലയിലും ശാസ്ത്ര സാങ്കേതിക രംഗത്തുമെല്ലാം സ്തുത്യര്‍ഹ സേവനങ്ങള്‍ അര്‍പ്പിക്കുന്ന മലയാളിക്ക് വികസിത രാജ്യങ്ങളെ പോലെ കൊച്ചു കേരളത്തെ മാറ്റിയെടുക്കണമെന്ന മോഹമുണ്ട്. ഇതേക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും ഘോരഘോരം നടത്തും. പദ്ധതികള്‍ കടലാസിലൊതുങ്ങും. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ യു.പി.എ ഭരണവും എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഭരണവുമാണ് വന്‍ പദ്ധതികളില്‍ ഏറെയും യാഥാര്‍ത്ഥ്യമാക്കിയത്. ദുബൈ ഭരണാധികാരികളുടെ ശക്തമായ പിന്തുണയോടെയും സഹകരണത്തോടെയുമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റിയും കൊച്ചി തുറമുഖത്തെ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖ പദ്ധതിയും പണിപൂര്‍ത്തിയാക്കിയത്. ദുബൈ ടീകോം കമ്പനിക്കാരെ പാപ്പരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചവരാണ് അന്നത്തെ പ്രതിപക്ഷ നേതാവും പിന്നീട് മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍. കെ. കരുണാകരനാണ് നെടുമ്പാശേരി ഗ്രാമത്തിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശില്‍പി. സ്വകാര്യ പങ്കാളിത്തത്തോടെ നെടുമ്പാശേരിയില്‍ വിമാനത്താവളം പണിയാന്‍ അനുവദിക്കില്ലെന്നും ‘എന്റെ നെഞ്ചത്തുകൂടെ മാത്രമെ വിമാനം ഇറങ്ങൂ’ എന്നും പ്രതിഷേധിച്ച സഖാക്കള്‍ പിന്നീട് നെടുമ്പാശേരി വിമാനത്താവളത്തിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുത്തത് കൊച്ചിക്കാര്‍ കണ്ടു. വിഴിഞ്ഞം പദ്ധതിക്ക് പാരപണിയാന്‍ ഇക്കൂട്ടര്‍ എത്രയോ ശ്രമം നടത്തി. പാര്‍ലമെന്ററി ജനാധിപത്യ ഭരണ സമ്പ്രദായത്തില്‍ കേരളം പോലുള്ള കൊച്ചു പ്രദേശത്ത് യാഥാര്‍ത്ഥ്യബോധത്തോടെ ഇഛാശക്തിയോടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതിനുള്ള അധികം ക്രെഡിറ്റും മുസ്‌ലിം ലീഗിന്റെ ശക്തമായ പിന്തുണയുള്ള യു.ഡി.എഫ് സംവിധാനത്തിനുള്ളതാണ്.
വികസനത്തിന് ഒരു സെന്റ് ഭൂമി വിട്ടുകൊടുക്കാന്‍ മനസില്ലാത്തവരാണ് മലയാളികള്‍. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ റോഡ് മാര്‍ഗം രണ്ടും മൂന്നും മണിക്കൂര്‍ യാത്ര വേണ്ടി വരുമായിരുന്നു. കൊച്ചി മെട്രോ വണ്ടിയില്‍ ഈ ദൂരം താണ്ടാന്‍ നാല്‍പത് മിനിട്ട് മതി. ആലുവ മുതല്‍ പാലാരിവട്ടം വരെ പ്രധാനപ്പെട്ട എല്ലാ സ്‌റ്റോപ്പിലും നിര്‍ത്തിയാണ് മെട്രോ ട്രെയിന്‍ സഞ്ചരിക്കുക. പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ട്കാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക് എന്നിവിടങ്ങളില്‍ റെയില്‍വേസ്‌റ്റേഷനുകളുണ്ട്. കൊച്ചി സിറ്റി ബസ് സര്‍വീസ് നിര്‍ത്തുന്ന പ്രധാന ബസ് സ്‌റ്റോപ്പുകളിലെല്ലാം ആകാശപാതയില്‍ മെട്രോ ട്രെയിന് സ്‌റ്റോപ്പുണ്ട്. മിനിമം പത്ത് രൂപയാണ് ടിക്കറ്റ്. ആലുവ മുതല്‍ പാലാരിവട്ടം വരെ 25 മിനിട്ട് നീണ്ട യാത്രക്ക് നിരക്ക് നാല്‍പത് രൂപയാണ്. കേവലം ആകാശ യാത്രാ വണ്ടിയല്ല കൊച്ചി മെട്രോ. കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ഇതിടയാക്കും. സമഗ്ര യാത്രാ സംവിധാനം കൊച്ചി മെട്രോയുടെ ഭാഗമാണ്. പ്രധാനമായും ജലമെട്രോയാണ് ആകര്‍ഷകം. മെട്രോ ബസ്, മെട്രോ ടാക്‌സി, മെട്രോ ബോട്ട്, സൈക്കിള്‍, വാക്‌വേ, ബിസിനസ് സംരംഭങ്ങള്‍, പാര്‍പ്പിട സമുച്ഛയം എല്ലാം കൊച്ചി മെട്രോ പദ്ധതിയുടെ ഭാഗമാണ്. മൂന്നാംഘട്ടമായി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് ആലുവ പുഴക്ക് കുറുകെ മെട്രോ ആകാശപാത നീളും. നിലവില്‍ കൊച്ചി മെട്രോ വന്നതോടെ റോഡ് സൗകര്യവും പുതിയ പാലങ്ങളും #ൈഓവറുകളും ഇതിനകം നിര്‍മ്മിച്ചു. കേരളം പിറന്നശേഷം കേള്‍ക്കുന്ന #ൈഓവറുകളാണ് പാലാരിവട്ടം, ഇടപ്പള്ളി, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍. എറണാകുളം നോര്‍ത്ത് പാലവും കെ.എസ്.ആര്‍.ടി.സി ബസ്‌സ്‌റ്റേഷന് മുമ്പിലുള്ള റെയില്‍വേ #ൈഓവറും ഉയര്‍ന്നത് കൊച്ചി മെട്രോയുടെ ഭാഗമാണ്. ആലുവ, എറണാകുളം റോഡുകളില്‍ ഇഴഞ്ഞിഴഞ്ഞല്ലാതെ വാഹനങ്ങള്‍ നീങ്ങില്ല. അത്രയധികം വാഹനങ്ങളാണ് ഓരോ വര്‍ഷവും പൊതുനിരത്തിലിറങ്ങുന്നത്. ഇതേ പാതയില്‍ കോണ്‍ക്രീറ്റ് തൂണിലാണ് കൊച്ചി മെട്രോ നിര്‍മ്മിച്ചത്.
വൈദ്യുതീകരിക്കപ്പെട്ട അതിവേഗ നഗര റെയില്‍ ശൃംഖലയാണ് മെട്രോ. ലോകത്ത് തന്നെ 165 നഗരങ്ങളിലാണ് മെട്രോ റെയില്‍വേയുള്ളത്. ഓരോ പത്ത് മിനിട്ടും ഇടവിട്ട് ആലുവ, പാലാരിവട്ടം റൂട്ടില്‍ മെട്രോ ട്രെയിന്‍ സര്‍വീസ് നടത്തും. മൂന്ന് കമ്പാര്‍ട്ട്‌മെന്റുകളുള്ള ഒന്‍പത് ട്രെയിനുകളാണ് കൊച്ചിയിലുള്ളത്.
മലയാളികളുടെ അഭിമാനമായ മെട്രോ മാന്‍ ഇ. ശ്രീധരനാണ് കൊച്ചി മെട്രോയുടെയും ഗതിവേഗം ഏറ്റെടുത്ത് നടത്തിയത്. ഡല്‍ഹി മെട്രോയുടെ വിജയപഥമാണ് കൊച്ചിക്ക് പ്രേരകമായത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന ഇ. ശ്രീധരനാണ് കൊച്ചിക്ക് ആത്മവിശ്വാസം നല്‍കിയത്. കൊച്ചിയില്‍ റോഡിന് വീതി കൂട്ടുകയും പാലങ്ങളും #ൈഓവറുകളും നിര്‍മ്മിക്കുകയും ചെയ്താല്‍ മതിയെന്നും മെട്രോ പ്രായോഗികമല്ലെന്നും പറഞ്ഞവര്‍ക്ക് മുമ്പില്‍ ഒരു അവകാശവാദവും ഉന്നയിക്കാതെ ശരവേഗത്തില്‍ കൊച്ചി പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. സെന്റിന് അരക്കോടി രൂപയും അതിലേറെയും നല്‍കിയാണ് എറണാകുളം നഗരത്തില്‍ മെട്രോ സ്‌റ്റേഷനായി സ്ഥലം ഏറ്റെടുത്തത്. പുതിയ സമാന്തര റോഡും #ൈഓവറും നിര്‍മ്മിക്കാനാണെങ്കില്‍ പതിനായിരക്കണക്കിന് കോടി രൂപ സ്ഥമേറ്റെടുക്കാന്‍ മാത്രം വേണ്ടി വരും. നാല് വര്‍ഷം കൊണ്ട് നഗരഹൃദയത്തിലൂടെ ആകാശ യാത്ര നടത്താനായി. പുതിയ റോഡ് പുതിയ സ്ഥലമേറ്റെടുത്ത് നിര്‍മ്മിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടി വരുമായിരുന്നു. കെ.എം.ആര്‍.എല്‍ വിഭാവനം ചെയ്ത കൊച്ചി മെട്രോ പദ്ധതി കൊച്ചി മേട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) കമ്പനിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടപ്പാക്കിയത്. കൊച്ചി കോര്‍പറേഷന്‍ കമ്മീഷണര്‍ കൂടിയായിരുന്ന ഏലിയാസ് ജോര്‍ജ്, കൊച്ചി മെട്രോ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. ആസൂത്രിത പൊതു ഗതാഗത സംവിധാനമില്ലാത്ത നഗരമാണ് കൊച്ചി.
ആകാശ ട്രാക്കിലൂടെ കൊച്ചി മെട്രോ കുതിക്കുമ്പോള്‍ കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ വികസനത്തിന് ഇത് നാന്ദികുറിക്കും.

Health

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; മലപ്പുറത്ത്‌ 4,45,201 കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കും

ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

Published

on

പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നാളെ (മാര്‍ച്ച് മൂന്നിന്) നടക്കും. മലപ്പുറം ജില്ലയില്‍ 4,45,201 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കും. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വളണ്ടിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടായിരത്തിന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Continue Reading

kerala

മരിച്ച വിദ്യാർഥിക്കെതിരെ വ്യാജ ആരോപണം, ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കി: വി ഡി സതീശൻ

എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Published

on

പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച വിദ്യാർഥിക്കെതിരെ വ്യാജ ആരോപണം ഉയർത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആന്തൂർ സാജൻ്റെ കാര്യത്തിൽ സംഭവിച്ച പോലെ സിദ്ധാർഥനെയും കുടുംബത്തെയും അപമാനിക്കുകയാണ്.

മുഴുവൻ പ്രതികളെയും സിപിഎം സംരക്ഷിക്കുകയാണ്. കേരളത്തിലെ രക്ഷിതാക്കളെ മുഴുവൻ ഭയത്തിലാക്കി. എസ്എഫ്ഐ, ഡിവൈഎഫ്ഐ ക്രിമിനലുകൾക്ക് എല്ലാ പ്രോത്സാഹനവും കൊടുക്കുന്നത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ഒരു വധശിക്ഷ കഴിഞ്ഞ് വേറൊരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. വ്യാജ ആരോപണങ്ങൾ ഉണ്ടാക്കി ആ കുടുംബത്തെ അപമാനിക്കുന്നു. പ്രതികളെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ വയനാട്ടിലെ മുതിർന്ന സിപിഐഎം നേതാവ് തന്നെ കൂടെ വന്നു. ഇത് ഭീഷണിയാണ്, അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടലാണ്.
മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളങ്ങളിൽ ഒളിച്ചിരിക്കുകയാണ്. ക്രിമിനലുകൾക്ക് അഴിഞ്ഞാടാൻ മുഖ്യമന്ത്രി അവസരം കൊടുക്കുകയാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ ക്രിമിനൽ കേസിൽ പ്രതിയാണ്. ഈ ക്രിമിനലുകളിൽ നിന്ന് കേരളത്തെ രക്ഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിദ്ധാർത്ഥ് ഒരു പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് സിദ്ധാർത്ഥിന്‍റെ മരണശേഷം കോളേജിന് പരാതി ലഭിച്ചിരുന്നു. ഫെബ്രുവരി 14ന് കോളേജിൽ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആരോപണം. കോളേജിലെ ആഭ്യന്തര പരാതി സെല്ലിലാണ് പരാതി കൊടുത്തിരുന്നത്. ഈ പരാതി കെട്ടിച്ചമതാണെന്നാണ് സംശയം. കുറ്റാരോപിതന് നോട്ടീസ് നൽകാൻ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോർട്ട്.

വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥനെ ഫെബ്രുവരി 18-ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉണ്ട്.

സിദ്ധാര്‍ത്ഥനെ കോളേജ് പരിസരത്ത് നാലിടത്ത് വെച്ച് സംഘം മര്‍ദ്ദിച്ചതായി ആന്റി റാഗിങ്ങ് കമ്മിറ്റിയുടെ റിപ്പോർട്ടും പുറത്തു വന്നു. കോളേജ് ഹോസ്റ്റലിന്റെ നടുമുറ്റം, കോളേജ് ഹോസ്റ്റൽ, ഹോസ്റ്റലിന് സമീപത്തെ കുന്ന്, ഡോര്‍മെറ്ററിക്ക് അകത്ത് എന്നിവിടങ്ങളിൽ വെച്ചാണ് മര്‍ദ്ദനമുണ്ടായത്. ഹോസ്റ്റലിൽ കിടന്നുറങ്ങിയ വിദ്യാർത്ഥിയെ വിളിച്ച് മർദനം ‘ഡെമോ’ പോലെ കാണിച്ചു കൊടുത്തെന്നും റിപ്പോർട്ടിൽ പറയുന്നു.

31-ൽ 19പേരാണ് സിദ്ധാർഥിനോട് മൃഗീയമായി പെരുമാറിയത്. ബെൽറ്റ് കൊണ്ട് ഒട്ടേറെ തവണ അതിക്രൂരമായി മർദ്ദിച്ചു. ചവിട്ടി നിലത്തിട്ടു. ഡോർമെറ്ററിയിലെ കട്ടിലിൽ ഇരുന്നപ്പോൾ അവിടെ വെച്ചും മർദ്ദിച്ചു.സിദ്ധാർത്ഥന്റെ രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചു. മുറിയിലെ വെള്ളം തുടപ്പിച്ചു. പുറത്ത് പറയരുതെന്ന് കുട്ടികളെ അക്രമി സംഘം ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. പ്രധാന പ്രതികളിലൊരാളായ കാശിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

Health

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Published

on

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറൽ ഹെപറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതിൽ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending