ടി.എ അഹമ്മദ് കബീര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളം ഇക്കുറി വിസ്മയം സൃഷ്ടിക്കാന്‍ കാത്തിരിക്കുന്നുവെന്നാണ് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ജനങ്ങളില്‍നിന്നുയര്‍ന്നുവരുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിഗമനങ്ങളെയും മുന്‍വിധികളെയും നിരാകരിക്കുന്ന ഉറച്ചതും സുചിന്തിതവുമായ രാഷ്ട്രീയ നിലപാട്‌കൊണ്ട് സവിശേഷമായിരിക്കും ജനവിധിയെന്ന് ഉറപ്പിക്കാവുന്ന സൂചനകളാണ് ലഭിക്കുന്നത്. ദേശീയ താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന മലയാളികളുടെ മനസ്സാണ് ജനവിധിയില്‍ പ്രതിഫലിച്ച് കാണുന്നത്. ദേശീയോദ്ഗ്രഥനവും ജനങ്ങളുടെ സഹവര്‍ത്തിത്തവും പ്രാദേശികമായ അസന്തുലിതാവസ്ഥയില്ലാത്ത വികസനവുമാണ് മലയാളി ആഗ്രഹിക്കുന്നതെന്ന് മൊത്തത്തില്‍ വിലയിരുത്താന്‍ കഴിയും. ഒറ്റകക്ഷി ഭരണത്തേക്കാള്‍ പുരോഗമന സ്വഭാവമുള്ള മുന്നണി ഭരണം, മലയാളി സ്വന്തം നാട്ടില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെയടിസ്ഥാനത്തില്‍ ആവാം സ്വാഗതം ചെയ്യാന്‍ തിടുക്കം കാട്ടുന്നു. അക്കാരണം കൊണ്ടാണ് ഇക്കുറി ഐക്യജനാധിപത്യമുന്നണിക്കനുകൂലമായ ജനവിധി കേരളത്തെ ശ്രദ്ധേയമാക്കുമെന്ന് രാഷ്ട്രീയ പഠന കേന്ദ്രങ്ങള്‍ ആവര്‍ത്തിച്ച് സൂചിപ്പിക്കുന്നത്.
ഗൗരി ലങ്കേശ് അടക്കമുള്ള സാംസ്‌കാരിക നായകന്മാരുടെ കൊലപാതകം മലയാളിയെ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നുവെന്നാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്. ആദ്യമൊക്കെ കൃഷ്ണയ്യരെയും സുകുമാര്‍ അഴീക്കോടിനെയും എം. എന്‍ വിജയനേയും ബാബു പോളിനെയും പില്‍ക്കാലത്ത് പി പരമേശ്വരനെയും എം.കെ സാനു മാഷ്, സമദാനി, രാജന്‍ ഗുരുക്കള്‍, സുനില്‍ പി ഇളയിടം, കെ.എന്‍.എ ഖാദര്‍ എന്നിവരെയും കേള്‍ക്കാന്‍ പോകുന്ന മലയാളികള്‍ ഈ കൊലപാതകങ്ങള്‍ കൊടും അശ്ലീലതയായാണ് കാണുന്നത്. അതിന് പകരം ചോദിക്കാനുള്ള അവസരമെന്ന നിലക്ക് ഈ തെരഞ്ഞെടുപ്പിനെ അവര്‍ വിലയിരുത്തുന്നു.
ഇന്ത്യയില്‍ ജനായത്തം വഴിമുട്ടാതിരിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയാവാന്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കണമെന്നാണ് മലയാളി കൊതിക്കുന്നത്. രാജ്യത്തിന്റെ വീണ്ടെടുപ്പിനൊരവസരം തരണം എന്ന കോണ്‍ഗ്രസ് പ്രമേയം മലയാളിയെ സ്വാധീനിക്കുന്നുണ്ട്. നെഹ്‌റുവിയന്‍ ശൈലിയില്‍നിന്ന് ശക്തിയാര്‍ജിച്ച് മുന്നോട്ടു പോവുകയല്ലാതെ നെഹ്‌റുവിയന്‍ ശൈലി പാടെ ഉപേക്ഷിക്കാനുള്ള സംഘ്പരിവാര്‍ നീക്കം മലയാളിയെ അസ്വസ്ഥമാക്കുന്നുവെന്നര്‍ത്ഥം. കേരളത്തില്‍ കാലുറപ്പിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ മലയാളിക്ക് അസ്വീകാര്യമായത് അക്കാരണത്താലാണ്. ദേശീയതലത്തില്‍ തീവ്ര വലതുപക്ഷ നിലപാടുകളെ എതിര്‍ക്കുന്നതില്‍ കുതിപ്പ് തന്നെ നടത്തുന്ന കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കക്ഷിബന്ധങ്ങള്‍ക്കുപരിയായി സമാനമായി ചിന്തിക്കുന്ന ജനങ്ങളുടെ ഇടയില്‍ ഈ ദിശയില്‍ പുനരണിചേരല്‍ നടന്നുകഴിഞ്ഞു. രാഷ്ട്രീയ ശാക്തിക ചേരികളും കാലക്രമേണ ഈ സരണിയില്‍ അഴിച്ചുപണി നടത്താന്‍ നിര്‍ബന്ധിതരാകുമെന്ന് പ്രവചിക്കാന്‍ അറയ്‌ക്കേണ്ടതില്ല.
മലയാളികള്‍ നെഞ്ചേറ്റുന്ന വിശാലമായ ദേശീയ വിഷയങ്ങള്‍ക്കൊപ്പം ഗുരുതരമായ ചില കേരളീയ മാനങ്ങള്‍ കൂടി ഈ തെരഞ്ഞെടുപ്പ് വിധിയെ സ്വാധീനിക്കും. 1. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ കേരള സര്‍ക്കാറിന്റെ ഫലശൂന്യമായ പ്രകടനം 2.സി.പി.എം അഴിച്ചുവിടുന്ന കൊലപാതകങ്ങള്‍ 3. പ്രളയ കാലത്ത് അണക്കെട്ടുകളുടെ നടത്തിപ്പ് സംബന്ധിച്ച് കേരള സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ തിരുത്തരവാദിത്തപരമായ സമീപനം പരക്കെ വിമര്‍ശിക്കപ്പെട്ടു. 4. വകുപ്പുകള്‍ക്ക് കാര്യം വിട്ട് കൊടുക്കുകയും സര്‍ക്കാര്‍ തലത്തില്‍ ഏകോപനം നടത്താതിരിക്കുകയും ചെയ്തതിലെ പരാജയം മാപ്പര്‍ഹിക്കുന്നില്ല. ആലുവയും പരിസരവും വെള്ളത്തില്‍ മുങ്ങി വീര്‍പ്പ്മുട്ടിയിട്ടും ഒരു മുന്നറിയിപ്പായി കരുതി നടപടി സ്വീകരിക്കാതിരുന്ന സര്‍ക്കാരിന്റെ വീഴ്ച കേരളത്തെ തകര്‍ത്തെറിയുകയാണ് ചെയ്തത്. 5. പ്രളയാനന്തര നടപടികളിലും സര്‍ക്കാര്‍ പ്രകടനം വേണ്ടത്ര ആശ്വാസ്യമായില്ല എന്ന് ജനങ്ങള്‍ ഉറച്ച് കരുതുന്നു 6. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാര്‍ കാണിച്ച വീഴ്ച്ചകള്‍ അക്ഷന്തവ്യമായ അപരാധമാണ് 7. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കേരളത്തിലെ ഹൈന്ദവമത വിശ്വാസികളെ പ്രത്യേകിച്ചും മലയാളികളെ പൊതുവിലും അതൃപ്തരാക്കിയെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സംഘ്പരിവാര്‍ ദുരുപദിഷ്ടമായ ഇരട്ട നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ അവസരത്തിനൊത്തുയര്‍ന്നില്ലെന്നത് മലയാളികളെ ഒന്നടങ്കം ആശങ്കയിലാക്കപ്പെടുത്തിയത് കാണാം. സംഘ്പരിവാറുമായി അടുത്തബന്ധം പുലര്‍ത്തുന്ന കേരളത്തിന് പുറത്തുള്ള വനിതാഅഭിഭാഷകരാണ് ശബരിമല ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതെന്ന വസ്തുതയുടെ ഗൗരവം സര്‍ക്കാര്‍ അവഗണിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാടിന്റെ സാരം. 8. കോണ്‍ഗ്രസാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങള്‍ക്ക് ദിശ കാണിക്കാന്‍ മുന്നോട്ട് വന്നത്. 9. ഹൈന്ദവ മതവിശ്വാസികളുടെ ശബരിമല വിഷയത്തിലെ നിലപാട് കോണ്‍ഗ്രസ് സ്വന്തം വിഷയമാക്കിയെടുത്തു. ആചാരങ്ങള്‍ മാറ്റാനാവില്ലെന്ന എന്‍.എസ്.എസ് അടക്കമുള്ള ബന്ധപ്പെട്ടവരുടെ നിലപാടിന് കോണ്‍ഗ്രസ് തുറന്ന പിന്തുണ നല്‍കുക വഴി ബി. ജെ.പിയുടെ വഴിയടഞ്ഞു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്നായിരുന്നു ബി.ജെ.പി ശ്രമമെന്ന് ജനങ്ങള്‍ക്ക് വ്യക്തമായി. സംഘ്പരിവാറിന് ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ പോയത് കോണ്‍ഗ്രസിന്റെ ദീര്‍ഘവീക്ഷണം കൊണ്ടായിരുന്നു. സാധാരണ ഗതിയില്‍ ഇത്തരം വിഷയങ്ങളില്‍ പരസ്യമായി ഇടപെടാത്ത കോണ്‍ഗ്രസ് കേരളത്തെ അതിന്റെ മഹിത പാരമ്പര്യം സംരക്ഷിക്കാന്‍ വഴി തുറക്കുകയാണ് ചെയ്തത്. 10. സുപ്രീംകോടതിയില്‍ പുനര്‍പരിശോധന ഹര്‍ജി കൊടുക്കാനുള്ള കോണ്‍ഗ്രസിന്റെ അപേക്ഷ കേരള സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഈ പേരില്‍ നടന്ന അനാശ്യാസമായ ധാരാളം സംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. 11. വിധി നടപ്പിലാക്കുന്നതിന് സാവകാശം വേണമെന്ന് വാദിക്കാനുള്ള മതിയായ രണ്ട് കാരണങ്ങള്‍ ഉണ്ടായിട്ടും കേരള സര്‍ക്കാര്‍ താല്‍പര്യം എടുക്കാതിരുന്നതിലെ ദുരൂഹത വിമര്‍ശന വിധേയമായത് ഈ സാഹചര്യത്തിലാണ്. 12. ബി.ജെ.പിക്കാര്‍ സന്നിധാനവും പരിസരവും സമരവേദിയാക്കി മാറ്റിയത് കേരളത്തിലെ ഹൈന്ദവ ജനത പൊറുക്കുകയില്ലെന്ന് കേരള സര്‍ക്കാര്‍ മനസിലാക്കി നടപടികള്‍ സ്വീകരിക്കണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന പോലും മാനിക്കപ്പെട്ടിട്ടില്ല. 13. ബി.ജെ.പിക്കാര്‍ സന്നിധാനവും പരിസരവും സമരവേദിയാക്കി മാറ്റിയതും അവര്‍ അവിടെ നടത്തിയ അഴിഞ്ഞാട്ടവും ജനങ്ങളുടെ രോഷത്തിനിടയായത് കേരളത്തിലെ കോണ്‍ഗ്രസ് നിലപാടിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 14. ആലോചനയില്ലാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തിടുക്കമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. 15. ആക്ടിവിസ്റ്റുകളെ പൊലീസ് സംരക്ഷണത്തില്‍ സന്നിധാനത്തേക്ക് ആനയിക്കുന്ന പ്രഹസന നാടകം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. 16. ദുരഭിമാനംകൊണ്ട് മാത്രമാണ് സാവകാശം ചോദിക്കുന്ന ഹര്‍ജിയോ പുനപരിശോധന ഹര്‍ജിയോ കൊടുക്കാന്‍ സര്‍ക്കാരിനെ തടസ്സപ്പെടുത്തിയത്. 17. നിയമവശം കൂടാതെ ഭരണപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വിധി നടപ്പാക്കുന്നതിന് സുപ്രീം കോടതിയോട് സര്‍ക്കാര്‍ സമയം ചോദിക്കണമായിരുന്നു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ശബരിമലയിലും പരിസരത്തും പൂര്‍വസ്ഥിതി പുന:സ്ഥാപിക്കാന്‍ പോലും പ്രളയം കഴിഞ്ഞ ഉടനെ മാസാദ്യ പൂജക്കായും തുടര്‍ന്ന്‌വരുന്ന മണ്ഡല പൂജക്കുമായി എത്തിച്ചേരുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് മതിയായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം സര്‍ക്കാറിന് ലഭിച്ചില്ലെന്നത് സാവകാശം ചോദിക്കാന്‍ സഹായകമായ കാരണങ്ങളിലൊന്നായിരുന്നു. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ വേറെയും അടിസ്ഥാന സൗകര്യം ഒരുക്കേണ്ടതുണ്ട് താനും.
ന്യായമായ ഈ രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിധി നടപ്പിലാക്കുന്നതിന് കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെടേണ്ടത് കേവലമായ ഉത്തരവാദിത്തം ആയിരുന്നു. അത് അവര്‍ നിര്‍വഹിക്കതിരുന്നത് മാപ്പര്‍ഹിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഐക്യജനാധിപത്യ മുന്നണിക്കനുകൂലമായി തീര്‍പ്പ് കല്‍പിക്കുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.