Connect with us

Video Stories

കടക്കെണിയിലെ കേരളം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരും

Published

on


ഇയാസ് മുഹമ്മദ്


സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് നിരന്തരം ആവര്‍ത്തിക്കുന്നത്. കേരളം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ നേരിട്ട രണ്ട് മഹാപ്രളയങ്ങള്‍ കൂടി ആകുമ്പോള്‍ സംസ്ഥാനം മുണ്ടുമുറുക്കി മുന്നോട്ടു പോയില്ലെങ്കില്‍ ട്രഷറി സ്തംഭനം നിത്യസംഭവമാകുന്ന സ്ഥിതിയാകും ഉണ്ടാകുക. ഇപ്പോള്‍ തന്നെ ഖജനാവ് കാലിയാണ്. ശമ്പളവും പെന്‍ഷനും നല്‍കാനുള്ള പണം പോലും കടമെടുക്കുന്ന സ്ഥിതിയിലേക്കെത്തി കഴിഞ്ഞു. വികസന പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ബജറ്റിന് പുറത്താണ് നടപ്പാക്കുന്നത്. കിഫ്ബി വഴി വന്‍തോതില്‍ കടമെടുത്ത് പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്ന വസ്തുത മറച്ചുവെക്കപ്പെടുന്നു.
കഴിഞ്ഞ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യര്‍ ഇപ്പോഴും തെരുവില്‍ നില്‍ക്കുകയാണ്. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. അര്‍ഹതപ്പെട്ട ഭൂരിപക്ഷം പേരെയും ഒഴിവാക്കിയാണ് കഴിഞ്ഞ പ്രളയകാലത്ത് ദുരിതബാധിതരുടെ പട്ടിക തയാറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും ഇനിയും വീടായിട്ടില്ല. പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുമ്പോഴാണ് വീണ്ടും പ്രളയം നാശനഷ്ടങ്ങളുടെ മഹാമാരിയായി എത്തിയത്. ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ടവര്‍, ശേഷിപ്പുപോലുമില്ലാതെ വീട് ഒലിച്ചുപോയവര്‍ ഇങ്ങനെ അശരണരായി ഒരു ജനത ഇനി എന്തെന്ന ചോദ്യവുമായി സര്‍ക്കാരിന് മുന്നില്‍ നില്‍ക്കുകയാണ്. പതിനായിരം രൂപയുടെ സാന്ത്വനം മാത്രമാണ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മറപിടിച്ചാണ് ദുരിത ബാധിതരായ മനുഷ്യരെ സര്‍ക്കാര്‍ അവഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചര്‍ച്ചയാക്കപ്പെട്ടതും ഈ സാഹചര്യത്തിലാണ്. ഫണ്ട് ചെലവാക്കുന്നതിലെ നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ വിശദീകരണം ഇറക്കിയെന്നത് ശരിയാണ്. സര്‍ക്കാരിന്
ഫണ്ട് ചെലവാക്കുന്നതിന് കൃത്യമായ നടപടി ക്രമങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഏതൊക്കെ വകുപ്പുകള്‍ക്ക് നല്‍കണമെന്ന നിഷ്‌കര്‍ഷയുമുണ്ട്. ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ ധൂര്‍ത്തടിച്ചുവെന്ന വാദം ശരിയല്ല തന്നെ. എന്നാല്‍ ദുരിതാശ്വാസ ഫണ്ടിലെക്കെത്തിയ പണം നടപടിക്രമം വേഗത്തിലാക്കി ചെലവഴിച്ചിരുന്നുവെങ്കില്‍ ദുരിതബാധിതരായ മനുഷ്യര്‍ക്ക് ഇങ്ങനെ നിരാലംബരായി നില്‍ക്കേണ്ടി വരില്ലായിരുന്നു. 2018ലെ പ്രളയബാധിതര്‍ സര്‍ക്കാര്‍ സഹായത്തിനായി കാത്തു നില്‍ക്കുമ്പോഴാണ് വീണ്ടും പ്രളയമെത്തിയത്. ദുരന്തങ്ങള്‍ സംസ്ഥാനത്തുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. ദുരിതബാധിതരെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇനിയും രൂപമായിട്ടില്ല. കേന്ദ്ര സഹായം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് വന്‍തോതില്‍ കടമെടുക്കേണ്ടി വരും. എന്നാല്‍ കടമെടുക്കുന്നതിനും പരിധിയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെങ്കിലേ കൂടുതല്‍ കടമെടുക്കാനാകൂ. ഇപ്പോഴത്തെ സ്ഥിതിയില്‍ കേന്ദ്രം അതിനനുവദിക്കുമെന്ന് കരുതാനാകില്ല.
ഇങ്ങനെ ട്രഷറി സ്തംഭനത്തിലെത്തിക്കുന്ന സാമ്പത്തിക സ്ഥിതിയിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. ഇതുവരെ ഒരു സര്‍ക്കാരും ധൈര്യപ്പെടാത്തവിധം സ്വന്തക്കാരെയും ഇഷ്ടക്കാരെയും വലിയ. ശമ്പളം നല്‍കി നിയമിക്കുകയാണ് സര്‍ക്കാര്‍. ഒരു ശതമാനം പ്രളയസെസ് ഏര്‍പ്പെടുത്തിയ ദിവസം തന്നെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ മത്സരിച്ച് തോറ്റ എ.സമ്പത്തിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയില്‍ നിയമിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധം മെച്ചപ്പെടുത്താന്‍ ഇതുവരെയില്ലാത്ത ഒരു സംവിധാനമാണ് പ്രളയസെസിനൊപ്പം സര്‍ക്കാര്‍ നടപ്പാക്കിയത്. രണ്ട് പ്രൈവറ്റ് സെക്രട്ടറിമാരും പി.എയും ഡ്രൈവറുമുണ്ടാകും സമ്പത്തിന്. കൂടാതെ ഡല്‍ഹിയില്‍ പ്രത്യേക വാഹനവും ഗണ്‍മാനും. തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും എം.പിയെക്കാള്‍ സൗകര്യത്തോടെ തോറ്റ എം.പിക്ക് ഡല്‍ഹിയില്‍ വിരാജിക്കാം. മാസം അഞ്ച് ലക്ഷത്തോളം രൂപയാണ് സമ്പത്തിനും പരിവാരങ്ങള്‍ക്കും വേണ്ടി സംസ്ഥാന നഖജനാവില്‍ നിന്നും ചെലവിടുക.
കഴിഞ്ഞ പ്രളയകാലത്താണ് ബന്ധുനിയമനാരോപണത്തില്‍ മന്ത്രിസഭയില്‍ നിന്നും പുറത്തായ മന്ത്രി ഇ.പി ജയരാജന്‍ തിരിച്ചെത്തിയത്. ഈ പ്രളയകാലത്തും മലവെള്ളപാച്ചിലിനൊപ്പം ഒലിച്ച് അധികാരത്തിന്റെ ഇടനാഴിയിലെത്തി. ഹൈക്കോടതി അഭിഭാഷകനായ എ.വേലപ്പാന്‍ നായര്‍ക്കാണ് ഇത്തവണ ഭാഗ്യം. നിലവിലുള്ള ഉപദേശകരൊന്നും പോരെന്ന് തോന്നിയതുകൊണ്ടാകാം മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി വേലപ്പന്‍ നായരെത്തിയത്. കോടതിയില്‍ കേസ് നടത്താന്‍ സര്‍ക്കാരിന് വലിയ സംവിധാനമുണ്ട്. അഡ്വക്കേറ്റ് ജനറലും രണ്ട് അഡിഷണല്‍ എ.ജിമാരും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലും അഡീഷണല്‍ ഡയറക്ടറുമുണ്ട്. ഇതെല്ലാം കാലങ്ങളായി രാഷ്ട്രീയ നിയമനങ്ങളാണ്. ഇവരെ കൂടാതെ സ്‌റ്റേറ്റ് അറ്റോര്‍ണിയുണ്ട്. ഇതൊന്നും കൂടാതെ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി എന്‍.കെ ജയകുമാറുണ്ട്. നൂറോളം സര്‍ക്കാര്‍ അഭിഭാഷകരുണ്ട്. ഇവരെയെല്ലാം ഏകോപിപ്പിക്കാനാണ് ഇപ്പോള്‍ വേലപ്പന്‍ നായരെ നിയമിച്ചിരിക്കുന്നത്. എങ്കിലും അഡ്വക്കേറ്റ് ജനറലിന് തുല്യമാക്കിയില്ല വേലപ്പന്‍ നായരുടെ പോസ്റ്റ്. ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വാങ്ങുന്നതിന് 14,000 രൂപ ഉള്‍പ്പെടെ വെറും ഒരു ലക്ഷത്തി പതിനായിരം രൂപയാണ് വേലപ്പന്‍ നായര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിമാസം ചെലവാകുക. ആകെ മുങ്ങിയാല്‍ കുളിരില്ലെന്ന സ്ഥിതിയാണ് സര്‍ക്കാരിന്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യനാള്‍ മുതല്‍ തുടങ്ങിയതാണ് ധൂര്‍ത്തും നിയമനവും.
മന്ത്രിമാര്‍ക്ക് പുറമേ ക്യാബിനറ്റ് റാങ്കുള്ള നാലമത്തെ ആളാണ് സമ്പത്ത്. ഒന്നാമന്‍ വി.എസ് അച്യുതാനന്ദനാണ്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ എന്നതാണ് തസ്തിക. ഇതുവരെ ഈ കമ്മീഷന്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ നല്‍കി. സര്‍ക്കാര്‍ തുറന്നു പോലും നോക്കിയിട്ടില്ലെന്നാണറിവ്. ഇനിയൊട്ടു തുറന്നു നോക്കാനും സാധ്യതയില്ല. വി.എസ് അച്യുതാനന്ദനെന്ന മുതിര്‍ന്ന നേതാവിന്റെ വായടപ്പിക്കാനാണ് ക്യാബിനറ്റ് റാങ്കും തസ്തികയുമെന്നായിരുന്നു ആരോപണം. എന്തായാലും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആയതിന് ശേഷം വി.എസ് അച്യുതാനന്ദന്‍ കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്തായാലും വി.എസിനെ ഒതുക്കാനായും വളര്‍ത്താനായാലും സര്‍ക്കാര്‍ ഖജനാവിന് ചെലവ് കോടികളാണ്.
മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനാണ് മറ്റൊരു ക്യാബിനറ്റ് റാങ്ക് കാരന്‍. സര്‍ക്കാര്‍ ചെലവു ചുരുക്കണമെന്ന നിലപാടിലുറച്ചു നിന്ന സി.പി.ഐ പ്രത്യേക സാഹചര്യത്തിലാണ് കെ.രാജനെ ചീഫ് വിപ്പാക്കിയത്. കഴിഞ്ഞ സര്‍ക്കാര്‍ പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പാക്കിയപ്പോള്‍ ഉറഞ്ഞു തുള്ളിയ സി.പി.ഐ ആണ് ഇപ്പോള്‍ നിര്‍ലജ്ജം സര്‍ക്കാര്‍ സ്ഥാനങ്ങളുടെ അനുപാത കണക്ക് ചൂണ്ടിക്കാട്ടി ചീഫ് വിപ്പ് സ്ഥാനം നേടിയെടുത്തത്. ബന്ധുനിമയനത്തില്‍ തെറിച്ച ഇ.പി ജയരാജന്‍ കഴിഞ്ഞ പ്രളയകാലത്ത് തിരിച്ചെത്തിയതോടെ സി.പി.എം മന്ത്രിമാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് സി.പി.ഐയും സ്വന്തം പാര്‍ട്ടിക്കാരനും ക്യാബിനറ്റ് സുഖം നേടിക്കൊടുത്തത്. എ.സമ്പത്തിന് ഇപ്പോള്‍ കൊടുത്ത ക്യാബിനറ്റ് പദവിയുടെ പിന്നാമ്പുറമായി 22 മാസം ശേഷിക്കുന്ന ഇടതുസര്‍ക്കാര്‍ ഇനിയും നിയമനങ്ങള്‍ നടത്തിക്കൂടായ്കയില്ല.
ചിഫ് സെക്രട്ടറിക്ക് തുല്യമായ പദവിയുള്ള ഉപദേശകരും ക്യാബിനറ്റ് റാങ്കുകാരും ലെയ്‌സണ്‍ ഓഫീസര്‍മാരും ചേര്‍ന്ന് കേരളത്തെ കൊള്ളയടിക്കുമ്പോള്‍ ഇടതുമുന്നണി എന്ന സംവിധാനം പോലും പ്രഹസനമായിരിക്കുന്നു. വേലപ്പന്‍ നായരെ ഒരു ചര്‍ച്ചയും കൂടാതെയാണ് നിയമിച്ചത്. ഇനിയും നിയമനങ്ങളും ധുര്‍ത്തും നിര്‍ബാധം തുടരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. പ്രളയത്തില്‍ കേരളം ദുരിതമനുഭവിക്കുമ്പോള്‍ വാഴവെട്ടുകയാണ് സര്‍ക്കാര്‍. പ്രളയത്തെക്കാള്‍ വലിയ ദുരന്തമാണ് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. എന്നാല്‍ സര്‍ക്കാരിന്റെ മാനദണ്ഡം ഇനിയുള്ള രണ്ടര വര്‍ഷത്തില്‍ കുരുങ്ങി നില്‍ക്കുന്നു. കൂടെയുള്ളവര്‍ക്ക് അധികാരവും പണവും പദവിയുമെന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാരിന്റെ നയം മാറിയെന്ന് വേണം ചിന്തിക്കേണ്ടത്. പ്രളയത്താല്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനസൃഷ്ടിക്കായി ക്രിയാത്മകമായി മുന്നോട്ടു പോകേണ്ട സര്‍ക്കാരാണ് ദുരിത ബാധിതരെ തള്ളി സ്വന്തക്കാര്‍ക്കായി ഭരണചക്രം തിരിക്കുന്നത്.
കഴിഞ്ഞ പ്രളയമുണ്ടായപ്പോള്‍ രാജ്യത്തിന് അകത്തും പുറത്തു നിന്നും കാരുണ്യത്തിന്റെ ആയിരക്കണക്കിന് കൈകള്‍ കേരളത്തിന് നേരെ നീണ്ടുവെങ്കില്‍ ഇത്തവണ സഹാനുഭൂതിയെക്കാള്‍ വിമര്‍ശനമാണ് സര്‍ക്കാരിന് നേരെ നീളുന്നത്. വിമര്‍ശനം ഉന്നയിച്ചാല്‍ നിയമം പറഞ്ഞ് ജയിലിലടക്കുന്നതിന് പകരം സ്വന്തം പാളിച്ചകള്‍ തിരുത്താനാകണം സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. സര്‍ക്കാരിന്റെ ദുര്‍ച്ചെലവും ധൂര്‍ത്തും കര്‍ശനമായി നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിച്ചിരുന്നുവെങ്കില്‍ സര്‍ക്കാരിന് നേരെ വിമര്‍ശന ശരമുയരുമായിരുന്നില്ല. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആഡംബര കാര്‍ വാങ്ങിയും മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിച്ചും കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ കിടപ്പാടം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്ക് സാന്ത്വനം നല്‍കുമെന്ന പ്രതീക്ഷയാണ് കേരളീയര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ലക്ഷങ്ങള്‍ ശമ്പളമായും ആനുകൂല്യമായും നല്‍കി സ്വന്തക്കാര്‍ക്ക് പദവികള്‍ ദാനം ചെയ്യുന്നവര്‍ മലയാളികള്‍ ഇതൊക്കെ മറക്കുമെന്ന മിഥ്യാധാരണിയിലാണ്.

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending