അഡ്വ. നൂര്‍ബിന റഷീദ്

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടനുണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജൂണ്‍ 9 ന് ജയജയ്റ്റ്‌ലി അധ്യക്ഷയായ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വിവാഹം, മാതൃത്വം, ആരോഗ്യം, പോഷകാഹാരം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പത്തംഗ കമ്മിറ്റിയുടെ മുമ്പിലുണ്ടായിരുന്നത്. പ്രസ്തുത റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 74 ാം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.
വിവാഹപ്രായം ഉയര്‍ത്തണോ വേണ്ടയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ പകുതിയിലധികം വരുന്നത് സ്ത്രീകളാണ്. അവരെ സംബന്ധിക്കുന്ന ഒരു കാര്യമാണ് കാര്യമായ ചര്‍ച്ചയോ കുറ്റമറ്റ രീതിയിലുള്ള പഠനമോ നടത്താതെ മാറ്റങ്ങള്‍ വരുത്താന്‍ പോവുന്നത്. ഒരുപാട് രാജ്യങ്ങള്‍ വിവാഹപ്രായം 21ല്‍ നിന്ന് 18 ആയി കുറച്ചപ്പോഴാണ് നാം വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതെന്നോര്‍ക്കണം. അമേരിക്ക പോലുള്ള രാജ്യത്ത് മുമ്പ് വിവാഹപ്രായം 21 വയസായിരുന്നു. ഇപ്പോള്‍ അത് 18 വയസിലേക്ക് വന്നു. 18 വയസിനും താഴെയുള്ളവര്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ജുഡീഷ്യല്‍ അംഗീകാരത്തോടെ വിവാഹം കഴിക്കാമെന്ന് പല രാജ്യങ്ങളും നിയമം കൊണ്ടുവന്നുകഴിഞ്ഞു.
ഇന്ത്യക്ക് ഒരു സംസ്‌കാരവും പൈതൃകവുമുണ്ട്. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് എല്ലാ മതവിഭാഗങ്ങളും ഊന്നല്‍ നല്‍കുന്നുണ്ട്. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതുകൊണ്ട് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് രാജ്യം നേരിടാന്‍ പോവുക. വിവാഹം എന്നത് ജൈവികമായ ആവശ്യമാണ്. അതിനെ നിയമവിധേയമാക്കുമ്പോള്‍ മാത്രമേ സമൂഹ ധര്‍മ്മം നിലനിര്‍ത്താന്‍ പറ്റുകയുള്ളൂ. വിവാഹപ്രായം ഉയര്‍ത്തുന്നതോടുകൂടി ലിവിങ് ഇന്‍ റിലേഷന്‍ഷിപ്പ് കൂടി വരും. അതിലൂടെ അടുത്ത തലമുറക്ക് ലീഗാലിറ്റി ഇല്ലാതാവും. ഇതൊക്കെ മുന്‍കൂട്ടികണ്ടുകൊണ്ട് ഇന്ന് നിലനില്‍ക്കുന്ന നിയമത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയണം.
സ്ത്രീകള്‍ക്ക് പക്വത വരുന്നത് മുമ്പത്തേതിനേക്കാള്‍ നേരത്തെയാണിപ്പോള്‍. സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ വേണ്ടിയാണ് വിവാഹം ചെയ്യുന്നത്. നേരത്തെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്കും കഴിച്ചു നല്‍കണമെന്ന് ആഗ്രഹമുള്ള രക്ഷിതാക്കള്‍ക്കും പുതിയ നിയമത്തിലൂടെ തടസമുണ്ടാവാന്‍ പാടില്ല. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനായി ഇന്ത്യയില്‍ 18 വയസായ പൗരന് വോട്ടവകാശം നല്‍കിയത് പ്രസ്തുത വയസുള്ള ഒരാള്‍ക്ക് അതിനുള്ള പക്വതയും ചിന്താശേഷിയും ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്.
മതേതര ഇന്ത്യ വ്യത്യസ്ത മത വിഭാഗങ്ങളിലുള്ളവര്‍ക്ക് അവരുടെ മതാനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ച് ജീവിച്ച് മരിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിവാഹം, സ്വത്ത്, ദത്തെടുക്കല്‍, പാരമ്പര്യ സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഓരോ മതങ്ങളിലുള്ളവര്‍ക്കും ഫാമിലി ലോ നിലനില്‍ക്കുന്നത്. 1929ല്‍ ബാലവിവാഹ നിയന്ത്രണ നിയമത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 15ഉം ആണ്‍കുട്ടികളുടെത് 18 ഉം ആയിരുന്നു. പിന്നീട് 1978ല്‍ നേരത്തെയുള്ള നിയമം ഭേദഗതി ചെയ്ത് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആയി ഉയര്‍ത്തി. ഇതേ ഭേദഗതിയില്‍തന്നെ ആണ്‍കുട്ടികളുടേത് 18ല്‍ നിന്ന് 21 ആക്കി. 2006ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമപ്രകാരം ശൈശവ വിവാഹത്തെക്കുറിച്ച് കൃത്യമായ നിര്‍വചനംതന്നെ നല്‍കുന്നുണ്ട്. ശൈശവവിവാഹം നടത്തുന്നവര്‍ക്കും അതില്‍ പങ്കെടുക്കുന്നവര്‍ക്ക്‌വരെ ശക്തമായ ശിക്ഷ നല്‍കാന്‍ നിയമത്തില്‍ വകുപ്പുകളുണ്ട്. മുമ്പുള്ള നിയമങ്ങളില്‍നിന്ന് വ്യത്യസ്തമായി ശൈശവ വിവാഹത്തിന് കൂട്ടുനില്‍ക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ വരെ പിഴയടക്കം ചുമത്താനുള്ള വകുപ്പുകള്‍ നിയമത്തിലുണ്ട്.
ഇന്ത്യയില്‍ 30 ശതമാനം പെണ്‍കുട്ടികളുടെയും വിവാഹം 18 വയസിന് മുമ്പാണ് നടക്കുന്നതെന്നതാണ് വിവാഹ പ്രായം ഉയര്‍ത്താനായി പറയുന്ന ഒരു കാരണം. ഇങ്ങനെ നടക്കുന്നുണ്ടെങ്കില്‍തന്നെ ഇന്ത്യയിലെ നിലവിലുള്ള നിയമസംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടുവെന്നാണ് പറയേണ്ടിവരിക. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ തന്നെ 18 വയസിന് മുമ്പുള്ള വിവാഹങ്ങള്‍ തടയാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷ ഉറപ്പു നല്‍കാനുമുള്ള വ്യവസ്ഥകള്‍ ഉണ്ട്. നിലവിലുള്ള നിയമത്തെ വേണ്ട രൂപത്തില്‍ ഉപയോഗപ്പെടുത്താതെ വീണ്ടും വീണ്ടും നിയമനിര്‍മ്മാണം നടത്തുന്നതുകൊണ്ട് രാജ്യത്തിന് ഒരു ഗുണവും ലഭിക്കില്ല.