പ്രഭാകര്‍

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങവേ, സി.പി.എം അകപ്പെട്ട കുഴിയില്‍നിന്ന് കരകയറാനാകുന്നില്ലെന്നു മാത്രമല്ല, ദിനംചെല്ലുംതോറും കുരുക്കു മുറുകുന്ന അവസ്ഥയുമാണ്. അടുത്ത കാലത്തായി സ്പ്രിംങ്കഌറില്‍ തുടങ്ങി സ്വര്‍ണകള്ളക്കടത്തും കടന്ന് മകനുമായി ബന്ധപ്പെട്ട വിവാദങ്ങളെതുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിലെത്തിനില്‍ക്കുന്ന അപചയങ്ങള്‍ പെട്ടെന്നൊന്നും തുടച്ചുമാറ്റാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ നിയമസഭാതെരഞ്ഞെടുപ്പും വരുന്നതോടെ സി.പി.എമ്മിന്റെ ചങ്കിടിപ്പ് വര്‍ധിക്കുന്ന ശബ്ദം പുറത്തുകേള്‍ക്കാവുന്നതാണ്. കോടിയേരിക്കുപിന്നാലെ പിണറായി വിജയനു മുഖ്യമന്ത്രി സ്ഥാനവും ഒഴിയേണ്ടിവരുമോയെന്നാണ് ഇപ്പോള്‍ താഴെതട്ടിലുള്ള അണികള്‍ വരെ ഭയപ്പെടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്നിലെത്തിനില്‍ക്കുമ്പോഴുള്ള കോടിയേരിയുടെ സ്ഥാനമൊഴിയല്‍ വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലാണ്. വിവാദങ്ങളെതുടര്‍ന്ന് ഗത്യന്തരമില്ലാതെ പുറത്തുപോകേണ്ട അവസ്ഥ സൃഷ്ടിക്കേണ്ടിവന്നത് പാര്‍ട്ടിക്ക് സംഭവിച്ച വലിയ വീഴ്ചയാണ്. ലാവ്‌ലിന്‍ അഴിമതി കേസില്‍ ആരോപണ വിധേയനായിരുന്ന പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍, സെക്രട്ടറി സ്ഥാനം ഭരണഘടനാപരമായ സ്ഥാനമല്ലെന്നും അതിനാല്‍ രാജിയുടെ ആവശ്യമില്ലെന്നുമായിരുന്നു പാര്‍ട്ടി തീരുമാനം. വിവാദങ്ങളുടെ തുടക്കത്തില്‍തന്നെ തുടര്‍ ചികിത്സയുടെ പേരില്‍ പാര്‍ട്ടി പദവിയില്‍നിന്നു മാറിനില്‍ക്കാനുള്ള അനുമതി തേടിയിട്ടും അത് നല്‍കാതിരുന്ന പാര്‍ട്ടി നേതൃത്വം ഇപ്പോള്‍ അനുമതി നല്‍കിയത് വിപരീത ഫലമാണ് ഉളവാക്കിയത്. മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെയും കേസിന്റെയും പേരില്‍ അച്ഛന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കേണ്ടതില്ലെന്നും തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്നുമായിരുന്നു കേന്ദ്ര നേതൃത്വം അന്ന് വിലയിരുത്തിയത്. എന്നാലിപ്പോള്‍ അതില്‍നിന്ന് എന്ത് മാറ്റമാണ് സംഭവിച്ചത്. സി.പി.എമ്മിന് വൈകിയാണ് ബുദ്ധിയുദിക്കുകയെന്ന് പണ്ടുമുതലേ അനുഭവമുള്ളതാണ്. കോടിയേരിക്ക് പകരമെത്തിയ എ വിജയരാഘവനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മാത്രമാകും ചര്‍ച്ചയാകുകയെന്നും പാര്‍ട്ടി അകപ്പെട്ട അഴിമതിയടക്കമുള്ള വിഷയങ്ങള്‍ പിന്നിലേക്കുപോകുമെന്നുമുള്ള കണക്കുകൂട്ടലിലാകും മുതിര്‍ന്ന യോഗ്യരായ നിരവധി നേതാക്കളുണ്ടായിട്ടും എ വിജയരാഘവനില്‍ ചുമതലയേല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ അത്ര ചെറുതല്ല സി.പി.എം അകപ്പെട്ട കുരുക്കെന്ന് മനസ്സിലാകാത്തത് അവരുടെ ചില നേതാക്കള്‍ക്കുമാത്രമാണ്.
പാര്‍ട്ടി നേതൃത്വം എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും കോടിയേരി ബാലകൃഷ്ണന്റെ സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്നുമുള്ള ഇപ്പോഴത്തെ ഒഴിയലിനെ കേവലം തുടര്‍ ചികിത്സക്കായുള്ള മാറി നില്‍ക്കലായി പൊതുജനം വിശ്വസിക്കാനുള്ള സാധ്യത വിരളമാണ്. മയക്കു മരുന്നുകേസില്‍ മകന്‍ ബിനീഷ് കോടിയേരി ജയിലില്‍ അടയ്ക്കപ്പെടുകയും ഒരുപക്ഷേ അത്രയെളുപ്പത്തിലൊന്നും ജയിലില്‍ നിന്നും പുറത്തുവരാന്‍ കഴിയാത്തരീതിയില്‍ നാര്‍ക്കോട്ടിക് ബ്യൂറോയും ഇ.ഡി അടക്കമുള്ള ഇതര കേന്ദ്ര ഏജന്‍സികളും കുരുക്കുകള്‍ ഒന്നൊന്നായി മുറുക്കുകയും ചെയ്യുന്നതിനിടയില്‍ കോടിയേരി ബാലകൃഷ്ണനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദവി സ്ഥാനം ഒഴിഞ്ഞുവെന്നും കോടിയേരിയെ പാര്‍ട്ടി കൈവെടിഞ്ഞതാണെന്നുമുള്ള തരത്തിലുള്ള പ്രചാരണം ശക്തമായിക്കഴിഞ്ഞു. പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയുടെ അപ്രമാദിത്തം അവസാനിക്കുന്നതിന്റെ മുന്നോടികൂടിയായി കാണണം കോടിയേരിയുടെ പടിയിറക്കം. പാര്‍ട്ടി രൂപീകരണംമുതല്‍ പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയുടെ സ്വാധീനം ശക്തമാണ്.
അടുത്തതായി പുറത്തുപോകേണ്ടിവരിക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. കോടിയേരി ബാലകൃഷ്ണന്റെ രാജി ആവശ്യത്തിന് ഏറെ മുമ്പുതന്നെ പിണറായി വിജയന്റെ രാജിയാവശ്യമാണ് ഉയര്‍ന്നിരുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി ഒളിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടുന്നതിനുംമുമ്പേ മുഖ്യമന്ത്രിയുടെ രാജിക്കായുള്ള മുറവിളി പ്രതിപക്ഷം ആരംഭിച്ചിരുന്നു. ആദ്യം സര്‍ക്കാരിന്റെ കോവിഡ് 19 പ്രതിരോധത്തില്‍ വീഴ്ച ആരോപിച്ച പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലേക്കു നീങ്ങിയത് സ്പ്രിംങ്കഌറുമായി ബന്ധപ്പെട്ടാണ്. സ്പ്രിംങ്കഌ വഴി വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളെക്കുറിച്ചും ഇതിലൊക്കെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിനുള്ള പങ്കിലേക്കുമൊക്കെ വളര്‍ന്നു വിവാദങ്ങള്‍. പെരുകുന്ന വിവാദങ്ങള്‍ക്കിടയിലും മുഖ്യമന്ത്രിയും സര്‍ക്കാറും പാര്‍ട്ടിയുമൊക്കെ പിടിച്ചുനിന്നത് മുടന്തന്‍ ന്യായം പറഞ്ഞും കോവിഡ് 19 പ്രതിരോധത്തിന്റെ പേരിലുമൊക്കെയായിരുന്നു. വിമാനത്താവളത്തില്‍നിന്ന് പിടിച്ച സ്വര്‍ണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും കസ്റ്റംസ് ഓഫീസര്‍മാരെ വിളിച്ചിരുന്നുവെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെട്ടെന്നും അന്വേഷണം ശരിയായ വഴിയിലാണെന്നു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലേക്കും അയാളുമായി ചങ്ങാത്തത്തിലായിരുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രധാന കണ്ണികളിലൊരാളായ സ്വപ്‌ന സുരേഷിന്റെ നിയമനത്തിലേക്കുമൊക്കെ നീണ്ടപ്പോഴും മുഖ്യമന്ത്രി അതേ നിലപാട് തുടരുകയായിരുന്നു. ലൈഫ് മിഷന്‍, കെ ഫോണ്‍ തുടങ്ങിയ പദ്ധതികളിലേക്കുകൂടി അന്വേഷണം നീണ്ടതോടെ, നില കൂടുതല്‍ പരുങ്ങലിലായെങ്കിലും ഇപ്പോഴും കടിച്ചുതൂങ്ങി നില്‍ക്കുകയാണ്.
ഒന്നാം പ്രളയത്തിന് ശേഷമാണ് കണ്‍സല്‍ട്ടന്‍സികളുടെ വരവ് വര്‍ധിച്ചത്. പല രാജ്യങ്ങളിലും നടപടികള്‍ നേരിടുന്ന കെ.പി.എം.ജിയെ ആയിരുന്നു കേരളം പുതുക്കി പണിയാനുള്ള കണ്‍സല്‍ട്ടന്റായി നിയമിച്ചത്. ആദ്യം ഉപദേശം സൗജന്യമെന്നായിരുന്നു പറഞ്ഞത്. പിന്നീട് റീബില്‍ഡ് കേരളയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് പറഞ്ഞ് സപ്പോര്‍ട്ട് സര്‍വീസ് ആയി 6.82 കോടി രൂപ നല്‍കാനാണ് ധാരണയായത്.
സ്പ്രിംങ്കഌറിനു ശേഷമാണ് ഇ-ബസ് പദ്ധതിവരുന്നത്. മന്ത്രിസഭ അറിയാതെയും ടെണ്ടര്‍ ഇല്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് 4,500 കോടി രൂപ മുടക്കി 3,000 ഇലക്ട്രിക് ബസ് നിര്‍മിക്കുന്ന ഇ മൊബിലിറ്റി പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സിക്കും വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കലിനും പ്രൈപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കമ്പനിക്കു കരാര്‍ നല്‍കിയതെന്ന് ആരോപണമുയര്‍ന്നു.
പാര്‍ട്ടിക്കകത്ത് പതിറ്റാണ്ടുകാലമായി നിലനിന്നിരുന്ന ജീര്‍ണത ഇപ്പോള്‍ ഏതാനും മാസമായി അതിന്റെ പരകോടിയിലാണ്. സി.പി.എം എത്തിച്ചേര്‍ന്ന അവസ്ഥയുടെ പരിച്ഛേദമാണ് കണ്ടുകൊണ്ടിരിക്കുന്നത്. കോടിയേരിയുടെ പുറത്തുപോകലിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിക്ക് അല്‍പംകൂടി സാവകാശം ലഭിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. എന്നാല്‍ അന്വേഷണം പിണറായിയുടെ തൊട്ടടുത്തെത്തിയ നിലയിലാണ്. ഈ അവസ്ഥയില്‍ ഇനി എത്രനാള്‍ അള്ളിപ്പിടിച്ചിരിക്കാനാകുമെന്ന് കണ്ടറിയണം. സെക്രട്ടറിക്കുപിന്നാലെ മുഖ്യമന്ത്രിക്കും പടിയിറങ്ങേണ്ടിവന്നാല്‍ പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബിയുടെ ശക്തമായ സ്വാധീനവും ഇല്ലാതാകും.