അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
മുമ്പ് കണ്ടിട്ടില്ലാത്ത രണ്ട് അസാധാരണ രാഷ്ട്രീയ കാഴ്ചകള്‍ കഴിഞ്ഞ ബുധനാഴ്ച കേരളം കണ്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ അണിനിരക്കുന്ന തിരക്കിനിടെ മുസ്‌ലിംലീഗ് നേതാവും മുന്‍മന്ത്രിയുമായ വി.കെ ഇബ്രാഹിംകുഞ്ഞിനെ ആസ്പത്രി മുറിയില്‍ ചെന്ന് വിജിലന്‍സും വിജിലന്‍സ് കോടതിയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ആക്കുന്നതായിരുന്നു അതിലൊന്ന്. അത്രയേറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഈ വിഷയം തല്‍സമയം ചര്‍ച്ച ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍നിന്ന് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സി.പി.എം പ്രതിനിധി ഇറങ്ങിപ്പോകുന്നതായിരുന്നു രണ്ടാമത്തെ സംഭവം.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐ ലാവ്‌ലിന്‍ കേസ് അന്വേഷണം ഏറ്റെടുത്തതുമുതല്‍ സി.പി.എം പതിവായി ഉയര്‍ത്തുന്ന ഒരാരോപണമാണ് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ലാവ്‌ലിന്‍ കേസ് കുത്തിപ്പൊക്കുന്നു എന്ന്്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ തന്റെ വിജിലന്‍സിനെ നിയോഗിച്ച് പ്രതിപക്ഷ മുന്നണിയിലെ പ്രമുഖ നേതാവിനെ അറസ്റ്റ് ചെയ്ത് തെരഞ്ഞെടുപ്പ് ആയുധമാക്കി എട്ട് മാസങ്ങള്‍ക്ക്മുമ്പ് പ്രതി ചേര്‍ത്ത കേസില്‍ സ്വന്തം നിലപാട് വിഴുങ്ങി. നാലു ദിവസം മുമ്പ് കേന്ദ്ര ഏജന്‍സികള്‍ ഭരണ നേതൃത്വത്തെ ലക്ഷ്യമിട്ട് നീങ്ങുന്നതിനെതിരെ 25 ലക്ഷം പേരെ അണിനിരത്തി പ്രതിരോധ സമരം തീര്‍ത്തെന്ന് അവകാശപ്പെട്ട പാര്‍ട്ടി കൂടിയാണ് സി.പി.എം.
ഈ വിഷയം ചര്‍ച്ച ചെയ്യാനാണ് സ്വാഭാവികമായും ബുധനാഴ്ച മലയാളം ചാനലുകള്‍ രംഗത്തുവന്നത്. നേരത്തെ ഏഷ്യാനെറ്റ് ചാനലിലെ ബഹിഷ്‌കരണം അവസാനിപ്പിച്ച സി.പി.എം അറസ്റ്റ് സംബന്ധിച്ച് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാട് പ്രതിരോധിക്കാന്‍ എന്‍. ഷംസീര്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. അപ്രതീക്ഷിതമായാണ് അവതാരകനെപോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ചര്‍ച്ച ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടതായി ഷംസീര്‍ വെളിപ്പെടുത്തിയത്. അഭിഭാഷകനും രണ്ട് പതിറ്റാണ്ടിലേറെ രാഷ്ട്രീയ നിരീക്ഷകനെന്ന നിലയില്‍ മലയാള ടി.വി ചാനലുകളിലെ സാന്നിധ്യവുമായ എം. ജയശങ്കര്‍ സന്നിഹിതനായ ചര്‍ച്ചയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നാണ് ഷംസീര്‍ പറഞ്ഞത്. ചര്‍ച്ച സംബന്ധിച്ച വിഷയത്തോട് എതിര്‍പ്പില്ലെന്നും ജയശങ്കര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ പ്രതിനിധികളെ അയക്കില്ലെന്ന് ഏഷ്യാനെറ്റിനോട് സി.പി.എം അറിയിച്ചിട്ടുള്ളതാണെന്നും ഷംസീര്‍ വെളിപ്പെടുത്തി. അവതാരകന്റെ അഭിപ്രായം കേള്‍ക്കാന്‍ നില്‍ക്കാതെ ഷംസീര്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
അഡ്വ. എം. ജയശങ്കറെപ്പോലെ ഒരാളെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാലും അതംഗീകരിക്കുക സാധ്യമല്ലെന്ന് അവതാരകന്‍ വ്യക്തമാക്കി സംവാദം തുടരുകയാണ് ചെയ്തത്. സംഭവം കൃത്യമായി അടയാളപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും തുല്യ അവകാശത്തിന്റേയും പേരില്‍ മുറവിളി കൂട്ടുകയും അതിന്റെ പേരില്‍ ചാനലുകള്‍ ബഹിഷ്‌കരിക്കുക പോലും ചെയ്യുന്ന സി.പി.എമ്മിന്റെ വഞ്ചനാപരമായ ഭീകരമുഖമാണ്. ഇടതുപക്ഷക്കാരനായ അഡ്വ. ജയശങ്കര്‍ കേരളത്തിലെ ഇടതു, വലതു രാഷ്ട്രീയത്തെപ്പറ്റി ധാരാളം എഴുതുകയും സമൂഹത്തിന്മുമ്പില്‍ നിര്‍ഭയമായി തെറ്റും ശരിയും നട്ടെല്ല് വളക്കാതെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്ന ആളാണ്.
മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അസാധാരണമായ നിലയില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍കൂടിയായ ജയശങ്കറിനെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചത് സ്വാഭാവികം. അഡ്വ. ജയശങ്കറിനെ പേടിച്ച് സി.പി. എം സ്വന്തം പ്രതിനിധിയെ ചര്‍ച്ചയില്‍നിന്ന് വിളിച്ചിറക്കുന്നത് പക്ഷേ ലജ്ജാകരം.
ഈ സംഭവം അഡ്വ. എം. ജയശങ്കറുമായി ബന്ധപ്പെട്ട എന്തോ വ്യക്തിപരമായ വിഷയമല്ല. പത്രപ്രവര്‍ത്തന സ്വാതന്ത്ര്യം അഭിപ്രായപ്രകടന സ്വാതന്ത്ര്യം എന്നൊക്കെ നാഴികക്ക് നാല്‍പതുവട്ടം വിളിച്ചുകൂവുന്ന സി.പി.എം ‘ഹിരണ്യായനമ’ എന്ന് എല്ലാവരെ കൊണ്ടും വിളിപ്പിക്കാന്‍ കഴിഞ്ഞ നാലര വര്‍ഷമായി കേരളത്തില്‍ നടത്തിവരുന്ന നിഗൂഢ നീക്കങ്ങളുടെ ഭാഗമാണ്. ചാനല്‍ സംവാദങ്ങളെ ഏകപക്ഷീയമായി സി.പി.എമ്മിന് കീഴ്‌പ്പെടുത്തുക എന്ന ഒരു പദ്ധതി മാധ്യമങ്ങളില്‍ പൊതുവെയും ദൃശ്യ മാധ്യമങ്ങളില്‍ വിശേഷിച്ചും സി.പി.എം ആസൂത്രിതമായി നടപ്പാക്കിവരുന്നുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ നയങ്ങളും നിലപാടുകളും അറിയുന്ന വ്യക്തികളെ സംവാദരംഗത്ത്‌നിന്ന് ഒഴിവാക്കാന്‍ പിണറായി സര്‍ക്കാരിന്റെ കാലയളവില്‍ സി.പി.എം പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ടിലേറെ സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തില്‍ ആ പാര്‍ട്ടിക്ക് സംഭവിച്ച രാഷ്ട്രീയവും സംഘടനാപരവുമായ അപചയങ്ങള്‍ ചൂണ്ടിക്കാട്ടുന്നതില്‍ രണ്ട് ദശകത്തോളം വലിയ പങ്കു വഹിച്ച സി.പി.എം വെട്ടിനിരത്തിയ ഒട്ടേറെ വക്താക്കളുണ്ടായിരുന്നു. കണ്ണൂരിലെ ഉമേഷ് ബാബു, എന്‍.എം പിയേഴ്‌സണ്‍ തുടങ്ങി ഇടതുപക്ഷ നിരീക്ഷകരുടേതായ നീണ്ടനിര തന്നെ വലതുപക്ഷ രാഷ്ട്രീയത്തേയും സി.പി.എമ്മിന്റെ അപചയത്തെയും വര്‍ഗീയ രാഷ്ട്രീയത്തേയും ഒരേസമയം തുറന്നുകാട്ടി. ഉയര്‍ന്ന സാമൂഹിക രാഷ്ട്രീയ ബോധവും മൂല്യവും സമൂഹത്തിന് പകരുന്നതില്‍ പങ്ക് വഹിച്ച ആ കൂട്ടത്തില്‍ ഒരാളാണ് അഡ്വ. ജയശങ്കര്‍.
ഇവരില്‍ പലരേയും ആസൂത്രിത പദ്ധതിയുടെ ഭാഗമായി ചാനല്‍ ചര്‍ച്ചകൡനിന്ന് സി.പി.എം ഒഴിവാക്കിപ്പോന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്നീ മുന്നണികളുടെ വക്കാലത്തുകാരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ച മാത്രമാക്കി ഈ സംവാദത്തെ മാറ്റാന്‍ എ.കെ.ജി സെന്ററും മുഖ്യമന്ത്രിയുടെ ഓഫീസും കേന്ദ്രീകരിച്ച് ശ്രമം നടന്നു. ഇതിന്റെ മിന്നലാട്ടം മാത്രമാണ് ജയശങ്കറുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റില്‍ കണ്ടത്.
കോവിഡ് 19 കേരള സമൂഹത്തിന്റെ എല്ലാ മേഖലകളിലുമെന്നപോലെ മാധ്യമ മേഖലയില്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൂടി ഇതിന് സഹായകമായി. മാധ്യമ ചര്‍ച്ചകള്‍ക്ക് ആളെ ക്ഷണിക്കുമ്പോള്‍ ചര്‍ച്ചാപാനലില്‍ ആരൊക്കെ എന്നന്വേഷിക്കുക, തങ്ങള്‍ രാഷ്ട്രീയമായി വെറുക്കുന്നവരാണെങ്കില്‍ ആ ചര്‍ച്ചക്ക് ആളെ അയക്കില്ലെന്ന് പറയുക, അതിന് ചാനല്‍ വഴങ്ങുന്നില്ലെങ്കില്‍ നിരീക്ഷക വേഷത്തില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരാളെകൂടി ചര്‍ച്ചക്ക് വിളിക്കണമെന്ന് ആവശ്യപ്പെടുക, പ്രേക്ഷകരെ വിഷയത്തിന്റെ ആഴത്തിലേക്കും നേരിലേക്കും നയിക്കുന്ന സംവാദങ്ങളുടെ സമയം കവര്‍ന്നെടുക്കുക, തുടക്കത്തില്‍തന്നെ അവതാകരെ ഭീഷണിപ്പെടുത്തിയും പ്രകോപിപ്പിച്ചും ചര്‍ച്ചയുടെ സമയവും ഫലവും നഷ്ടപ്പെടുത്തുക ഇതൊക്കെ നിത്യസംഭവമായിമാറ്റാന്‍ സി.പി.എമ്മിന് സാധിച്ചു. തല്‍സമയം ചോദ്യങ്ങളും ഉത്തരങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പാര്‍ട്ടി പ്രതിനിധികള്‍ക്ക് വാട്‌സപ്പില്‍ നല്‍കി ബാഹ്യമായ ഇടപെടലുകളിലൂടെ സംവാദം ഏകപക്ഷീയമാക്കിമാറ്റാന്‍ ശ്രമിക്കുന്നതും സര്‍വ സാധാരണമായി. വനിതാഅവതാരകരെ പോലും അപമാനിക്കാനും അവഹേളിക്കാനും മടിയില്ലാത്ത അവസ്ഥയിലേക്ക് മാധ്യമ ചര്‍ച്ചകള്‍ തരംതാണു. പ്രതിരോധിക്കുന്നതിന്പകരം കടന്നാക്രമിക്കുക എന്നതായി മാധ്യമങ്ങളോടും യു.ഡി.എഫിനോടും സി.പി.എം സ്വീകരിക്കുന്ന തന്ത്രം. ദൃശ്യ മാധ്യമ അവതാരകരെ മാത്രമല്ല പത്ര സ്ഥാപനങ്ങളിലെ മരിച്ചുപോയ പത്രാധിപരെപോലും സി.പി.എം പ്രതിനിധികള്‍ ചീത്തവിളിക്കും.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരെ പോലുള്ള ഒരാള്‍ ഈ ലേഖകന്റെ പുസ്തകത്തിന് അവതാരിക എഴുതി തന്നപ്പോള്‍ പറഞ്ഞു; എനിക്കിവരെ പേടിയാണ്. എപ്പോഴാണ് ഇവര്‍ തന്തക്ക് വിളിക്കുക എന്നറിയില്ല’.
പിണറായിയുടെ സി.പി.എം അവിടെനിന്ന് ഇപ്പോള്‍ എവിടെ എത്തിയെന്നതാണ് കേരളം ഒന്നിച്ച് തിരിച്ചറിയുന്നത്. പാര്‍ട്ടി മുഖംമൂടികളെയും ചാവേറുകളെയും സമൂഹ മാധ്യമങ്ങളില്‍ നിയോഗിച്ച് അവതാരകരെയും ചാനലുകളെയും അധിക്ഷേപിച്ച് ഭയത്തിന്റെ അന്തരീക്ഷം നിലനിര്‍ത്തുന്നതിലും സി.പി.എം വിജയിച്ചു. മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും സാമ്പത്തിക പിന്തുണ മീഡിയ അക്കാദമിയെ അടക്കം ഉപകരണമാക്കിക്കൊണ്ടുള്ള ആസൂത്രിത ഇടപെടലുകള്‍ മാധ്യമരംഗത്ത് നേരും നെറിയും മാന്യതയും ഇല്ലാതാക്കുന്ന അപകടകരമായ സ്ഥിതിവിശേഷം പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചു. നയതന്ത്ര ചാനലിലൂടെ നടന്ന സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതിക്കകത്ത് നടന്ന അഴിമതികള്‍ എന്നിവ പോലെ അഴിമതിയും വെട്ടിപ്പും മാധ്യമരംഗത്തും നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നു. സി.പി.എം അതിന്റെ കടന്നാക്രമണത്തില്‍ യു.ഡി.എഫില്‍നിന്ന് വ്യത്യസ്തമായ മൃദുസമീപനമാണ് ബി.ജെ.പിയോട് എടുക്കുന്നത്. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നന്ദി അതേ ശ്വാസത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഭീഷണി. കല്ലെറിയുന്ന ആളോടല്ല കല്ലിനോടാണ് രോഷം. ത്രികോണ മല്‍സരത്തില്‍ യു.ഡി.എഫിനെ തകര്‍ക്കുക രണ്ട് മുന്നണികളും ഒരുപോലെ അഴിമതിക്കാരാണെന്നും തങ്ങളാണ് വിശുദ്ധരും അഴിമതി വിരുദ്ധരുമെന്ന് സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കുക. അതാണ് കേസന്വേഷണങ്ങളിലൂടെയും അതുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകളിലൂടെയും പരോക്ഷമായി ബി.ജെ.പിക്കും സംഘ്പരിവാറിനും മുഖ്യമന്ത്രി പിണറായിയും സി.പി.എം വക്താക്കളും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനിടക്ക് ഉപ്പുതിന്നതിന്റെ വെള്ളം ഇടക്കിടെ കുടിക്കുന്നുണ്ടെങ്കിലും.
Be the first to write a comment.