Connect with us

Video Stories

സംഘ്പരിവാരത്തിനു മുന്നില്‍ കീഴടങ്ങുന്ന ഇടതുപക്ഷം

Published

on

 

കമ്മ്യൂണിസ്റ്റുകാരുടെ മതനിരപേക്ഷതയുടെ അടിത്തറ മതമില്ലായ്മയാണ്. വ്യക്തികളുടെ സ്വാതന്ത്ര്യവും ജനാധിപത്യപരമായ പൗരാവകാശങ്ങളും അംഗീകരിച്ചുകൊണ്ട് ഭരണത്തിലേറുവാനോ അത് നിലനിര്‍ത്തുവാനോ അവര്‍ക്ക് താത്വികമായി അസാധ്യമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച തൊഴിലാളി വര്‍ഗം മാതൃവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുമെന്നാണ് അവരുടെ വിശ്വാസം. സ്വാഭാവികമായും സാമൂഹ്യ പരിണാമത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ സോഷ്യലിസം സ്ഥാപിക്കപ്പെടുമെന്നാണ് മാര്‍ക്‌സ് കരുതിയത്. അതു പിന്നീട് ശാസ്ത്രീയ സോഷ്യലിസത്തിലൂടെ കമ്മ്യൂണിസ്റ്റ് സമൂഹം സ്ഥാപിക്കുമെന്നാണ് ധാരണ. ഇന്നേവരെ ലോകത്തൊരിടത്തും ഈ കമ്മ്യൂണിസ്റ്റ് വ്യവസ്ഥ നിലവില്‍ വരികയുണ്ടായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭരണം വരികയും പോവുകയും ചെയ്തു. സ്വാഭാവികമായും പ്രകൃതിദത്തമായും നിലവില്‍ വരാനിടയുള്ള ഒരു വ്യവസ്ഥയെ ത്വരിതഗതിയില്‍കൊണ്ടുവരാനാണ് തൊഴിലാളി വര്‍ഗ പാര്‍ട്ടിയുണ്ടാക്കിയത്. ആ പാര്‍ട്ടി വര്‍ഗ സമരത്തിലൂടെ മുതലാളിത്തം തകര്‍ത്ത് സോഷ്യലിസം സ്ഥാപിക്കുകയാണ് വേണ്ടത്. അതിന് ബലപ്രയോഗവും സായുധ വിപ്ലവവും മാര്‍ഗമായി സ്വീകരിക്കാം. അല്ലാതെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ മത്സരിച്ച് വര്‍ഗം നോക്കാതെ കിട്ടുന്ന വോട്ടുമായി അധികാരത്തിലെത്തി ഒരു വ്യവസ്ഥിതിയെയും അട്ടിമറിക്കുകയോ പുതുതായി ഒന്ന് സ്ഥാപിക്കുകയോ ചെയ്യുമെന്ന് ഇന്നേവരെ കമ്മ്യൂണിസ്റ്റുകാര്‍ കരുതിയിട്ടില്ല. അതൊന്നും പുസ്തകത്തിലുള്ളതുമല്ല. വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും മൂലധനവും വായിച്ച് ഒരു തൊഴിലാളിയും പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ വഴിയില്ല. സാമാന്യം നിലവാരമുള്ള ബുദ്ധിജീവികള്‍ക്കുപോലും ഇതൊന്നും വായിച്ച് മനസ്സിലാക്കാന്‍ അത്ര എളുപ്പവുമല്ല. മാര്‍ക്‌സിയന്‍ സാമ്പത്തിക സിദ്ധാന്തമായി കരുതാവുന്ന മൂലധനം അപൂര്‍ണവും അതിസങ്കീര്‍ണ്ണവുമായ ഒന്നാണ്. മാര്‍ക്‌സ് തന്നെ അത് സമ്മതിച്ചിട്ടുള്ളതുമാണ്. സോവിയറ്റ് യൂണിയനുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞ ഒരു രാജ്യത്തും കമ്മ്യൂണിസ്റ്റുകാരല്ലാത്ത ഒരു പാര്‍ട്ടിയും ഉണ്ടായിരുന്നില്ല. ഉണ്ടാക്കാന്‍ അനുവദിച്ചിട്ടുമില്ല. അവര്‍ ഭരിച്ച ഒരു രാജ്യത്തും ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഇന്നേവരെ നടന്നിട്ടുമില്ല. ചൈനയില്‍ പോലും ഇപ്പോഴത്തെ ഭരണാധികാരികളെ ജനം തെരഞ്ഞെടുത്തതല്ല, പാര്‍ട്ടി കോണ്‍ഗ്രസ്സ് തെരഞ്ഞെടുത്തതാണ്. ഉത്തര കൊറിയയും വിയറ്റ്‌നാമും ക്യൂബയും ഇപ്പോള്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റുകളെയും ആരും തെരഞ്ഞെടുത്തതല്ല. അവരെല്ലാം സ്വയം പ്രഖ്യാപിത പാര്‍ട്ടി ദൈവങ്ങളാണ്. കൊല്ലും കൊലയും അക്രമവും തടവും ഭീഷണിയുമൊക്കെ പ്രയോഗിച്ചാണ് അവര്‍ നാട്ടുകാരെ നിലക്ക് നിര്‍ത്തുന്നത്. സ്വതന്ത്രമായ മാധ്യമങ്ങളോ എഴുത്തുകാരോ ഒരിടത്തും അനുവദിക്കപ്പെട്ടിട്ടില്ല. സൈബീരിയന്‍ തടവറകളില്‍ പീഢിപ്പിക്കപ്പെട്ട ബോറിസ് പാസ്റ്റര്‍ നാക്ക്, അലക്‌സാണ്ടര്‍ ഡോള്‍ഷെനിത്‌സണ്‍ തുടങ്ങിയവരെ മറക്കില്ലല്ലോ. ഒരു മതവിശ്വാസിയേയും സ്വതന്ത്രമായി വിട്ടിട്ടില്ല. എതിരാളിയെന്നോ വിമര്‍ശകരെന്നോ സംശയിക്കപ്പെട്ട സകലരേയും കാലപുരിക്കയച്ചിട്ടുമുണ്ട്. അതില്‍ അനേകം പ്രമുഖ പാര്‍ട്ടി നേതാക്കള്‍ വരെയുണ്ട്. ട്രോട്‌സ്‌കി, സിനോവീവ്, കാമനേവ് തുടങ്ങിയവരുടെ നീണ്ട പട്ടികയുണ്ട്.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഭരണമില്ലെങ്കിലും പാര്‍ട്ടികള്‍ ഉണ്ടായിരുന്നു. അവയെല്ലാം ഒന്നൊന്നായി പിരിച്ചുവിട്ടും പിരിഞ്ഞുപോയുംതീര്‍ന്നു. ഇവിടെത്തന്നെ മാര്‍ക്‌സിസവും ലെനിനിസവും മാവോയിസവുമൊന്നും പ്രായോഗികമല്ലെന്ന് മനസ്സിലാക്കി അത് പരസ്യമായി പറയാതെ പാര്‍ലമെന്ററി മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. അതില്‍ തെറ്റ് പറയുന്നില്ല. എങ്കിലും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ കൈവിട്ടവരാണ്. സാധാരണ ഒരു ജനാധിപത്യ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മറ്റേതൊരു പാര്‍ട്ടിയെയും പോലെ അവര്‍ മാറിക്കഴിഞ്ഞു. അത് തുറന്നു സമ്മതിക്കാറില്ലെന്ന് മാത്രം. അത്യാവശ്യം രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും നടത്താനും എതിരാളികളെ കായികമായി നേരിടാനും സൗകര്യം ആ വിപ്ലവത്തിന്റെ ലേബല്‍ നിലനിര്‍ത്തുന്നതാണല്ലോ. അവര്‍ പൂര്‍ണ്ണമായും വ്യക്തിഗത സ്വാതന്ത്ര്യത്തിലോ ജനാധിപത്യത്തിലോ വിശ്വസിക്കുന്നില്ല. അതവര്‍ക്ക് സാധ്യവുമല്ല. മാര്‍ക്‌സിസം ഭേദഗതി ചെയ്ത് മറ്റൊരു രാഷ്ട്രീയ സിദ്ധാന്തം സ്വീകരിച്ചാലേ അത് നടക്കുകയുള്ളൂ. അതിനവര്‍ക്ക് കഴിയില്ലെന്ന് മാത്രമല്ല, മനസ്സുമില്ല. സൈദ്ധാന്തിക ശേഷിയുള്ളവരും ഇന്ന് ആ പാര്‍ട്ടിയില്‍ ഇല്ലതാനും. മാര്‍ക്‌സിസത്തില്‍ നിന്നും പ്രായോഗികമായും താത്വികമായും അകന്നുപോവുകയും ജനാധിപത്യവും പാര്‍ലമെന്ററി സിദ്ധാന്തങ്ങളും പൂര്‍ണ്ണമായും സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് ആശയപരമായ അവ്യക്തത ഇന്നത്തെ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുകയാണ്.
സാമ്രാജ്യത്വ കിങ്കരരുടെ പൂര്‍ണ്ണ പിന്തുണയോടെ ഇന്ത്യ ഭരിക്കുന്ന വര്‍ഗീയ – ഫാസിസ്റ്റ് – ഏകാധിപത്യ വലതുപക്ഷ കൂട്ടുകെട്ടിനെ തകര്‍ക്കാനും ഓരോ ദിവസവും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കാരുടെ സ്വാതന്ത്ര്യവും ജനാധിപത്യവും മതേതര പൈതൃകവും വിണ്ടെടുക്കാനും ശരിയായ ഒരു മാര്‍ഗം ഇന്നും കമ്മ്യൂണിസ്റ്റുകാരുടെ അജണ്ടയില്‍ ഇല്ല. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോണ്‍ഗ്രസ് വിരോധത്തിന്റെ തിമിരം ബാധിച്ച കമ്മ്യൂണിസ്റ്റ് നേതാക്കളുടെ കണ്ണുകള്‍ക്ക് വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ ദര്‍ശിക്കാന്‍ ശേഷിയില്ലാതായിട്ട് ഏറെ നാളായി. മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും വേണ്ടി അധര സേവ ആത്മാര്‍ത്ഥത കൊണ്ടുള്ളതല്ല. തൊഴിലാളി വര്‍ഗം എന്നേ സ്വന്തം വഴിക്കുപോയി. അവരാരും കമ്മ്യൂണിസ്റ്റുകാരെ കാത്ത് വിപ്ലവത്തിന്റെ വഴിയില്‍ കെട്ടിക്കിടക്കുന്നില്ല. പാര്‍ട്ടിയെ പല കാരണങ്ങളാല്‍ വിട്ടുപോകാന്‍ നിവൃത്തിയില്ലാത്ത ചിലര്‍ ചിലയിടങ്ങളില്‍ ഇപ്പോഴും വര്‍ഗസമരത്തിന്റെ ചൂട് നിലനിര്‍ത്താന്‍ വീമ്പ് പറയുന്നുണ്ടെന്ന് മാത്രം. അതൊന്നും അവഗണിക്കാനാവാത്ത ഒരു രാഷ്ട്രീയ ശക്തിയല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ സംഘ്പരിവാര്‍ തീവ്ര വലതുപക്ഷ ശക്തികളെ രാഷ്ട്രീയമായി സംഘടിപ്പിച്ചു നേരിടണം. അക്രമത്തിന്റെ മാര്‍ഗത്തിലല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെങ്കിലും ജനാധിപത്യ-മതേതര പക്ഷത്ത് നില്‍ക്കാന്‍ ജനങ്ങള്‍ വിശ്വസിക്കുന്ന ആത്മവിശ്വാസവും പിന്തുണയുമുള്ള ഒരു മുന്നണി വേണം. ഇതുവരെ ഉണ്ടായില്ല. മതേതര ശക്തികള്‍ ദുര്‍ബലമാവുകയും ചെയ്തു. ബി.ജെ.പി കൂട്ടുകെട്ടിനെതിരെ ഒരു ചെറുവിരലെങ്കിലും ഇളക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്ന കേരളത്തില്‍ അവര്‍ കേന്ദ്ര ഭരണ അധികാരികള്‍ക്ക് മുമ്പില്‍ മുട്ടുവിറക്കുന്നവരായി കാണപ്പെടുന്നു. പൊലീസും ഇതര ഉദ്യോഗസ്ഥ മേധാവികളും മുഖ്യമന്ത്രിയടക്കമുള്ള ഭരണ രാഷ്ട്രീയ നേതൃത്വവും സര്‍വ ആയുധങ്ങളും അടിയറവെച്ച് മോദിക്ക് മുമ്പില്‍ പ്രണമിച്ച് നില്‍ക്കുന്നു. കേന്ദ്രത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടതൊക്കെ ചെയ്തുകൊടുക്കുന്നു. പൊലീസിന് യഥേഷ്ടം ബി.ജെ.പിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നു. ഉദാഹരണങ്ങള്‍ വേണ്ടത്രയുണ്ട്. തലമറന്ന് എണ്ണ തേക്കുകയെന്നോ തീക്കൊള്ളികൊണ്ട് തല ചൊറിയുകയെന്നോ ഒക്കെ പറഞ്ഞാല്‍ മതിയാവുകയില്ല. ഇരിക്കുന്ന കൊമ്പാണ് ഇടതുപക്ഷം മുറിക്കുന്നത്. ബി.ജെ.പിയും സംഘ്പരിവാറും സി.പി.എമ്മിന്റെ ദൗര്‍ബല്യം മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയവര്‍ക്ക് ഭയപ്പെടാനില്ല. എല്ലാ പക്ഷത്തുനിന്നും ചിലരൊക്കെ ബി.ജെ.പിയുടെ പക്ഷത്തേക്ക് മാറുന്നതിനും ഇത് സൗകര്യപ്രദമായ ഒരു കാലാവസ്ഥ സൃഷ്ടിച്ചുകഴിഞ്ഞു. ഒരു വിമര്‍ശനവും ഉള്‍ക്കൊള്ളാതിരിക്കുകയും സ്വയം വിമര്‍ശനം നടത്താതിരിക്കുകയും എല്ലാ വിമര്‍ശകരെയും ശത്രുക്കളായി എണ്ണുകയും ചെയ്താല്‍ എന്ത് ചെയ്യും. കമ്മ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിയെ ഗവര്‍ണ്ണര്‍ വിളിച്ചുവരുത്തി താക്കീത് ചെയ്തപ്പോള്‍ കേരളം പൊതുവെ ദു:ഖിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ എതിരാളികള്‍പോലും പിണറായിയോടൊപ്പം നില്‍ക്കാന്‍ ചില വിഷയങ്ങളില്‍ തയ്യാറായിരുന്നു. എല്ലാവരെയും നിരാശപ്പെടുത്തി മുഖ്യമന്ത്രി ബി.ജെ.പിയുടെ പ്രീതിനേടി. കേരള സര്‍ക്കാരിനെ പിരിച്ചുവിടുകയോ പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന പ്രതീതി ജനിപ്പിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞ ഒരു അവസരമായിരുന്നു അത്. അങ്ങിനെ വന്നാല്‍ ഇവിടത്തെ പ്രതിപക്ഷംപോലും അതിനെ എതിര്‍ക്കാനും ഇടതുമുന്നണി സര്‍ക്കാരിനൊപ്പം നില്‍ക്കാനും തയ്യാറാകുമെന്ന സ്ഥിതിയായിരുന്നു. അഭിമാനികളായ മുഴുവന്‍ കേരളീയരെയും കൈവിട്ട് പിണറായി അപമാനം ഏറ്റുവാങ്ങിയത് മറക്കാനാവില്ല.
ഇടതുപക്ഷ പാര്‍ട്ടികള്‍ അവരുടെ തെറ്റു തിരുത്തുവാനും ഫാസിസ്റ്റ് ശക്തികള്‍ക്ക് മുമ്പില്‍ കീഴടങ്ങുന്ന നടപടികള്‍ ഉപേക്ഷിക്കാനും തയ്യാറായാല്‍ അവര്‍ക്കും നാടിനും നല്ലതാണ്. ആത്മഹത്യ ചെയ്യാനാണ് തീരുമാനമെങ്കില്‍ എന്ത് ചെയ്യും? 2019ലും ബി.ജെ.പി തന്നെ അധികാരത്തില്‍ വരാനാണ് സാധ്യത. നിതീഷിനുശേഷം മമതയും തമിഴ്‌നാട്ടിലെ പ്രമുഖ കക്ഷികളുമൊക്കെ വലതുപക്ഷ ചേരിയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. അത്തരം പ്രാദേശിക കക്ഷികള്‍ക്ക് അതൊക്കെ ചേരും. അതേതൊപ്പി കമ്മ്യൂണിസ്റ്റുകാര്‍ അണിയുന്നത് ഖേദകരമാണ്.

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending