ലോകത്തിനു മുമ്പില്‍ ഇസ്‌ലാം തെളിഞ്ഞുനില്‍ക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി. ഇസ്‌ലാം ഒരു സംസ്‌കാരത്തിന്റെ പേരാണ്, ജാതിയുടെ പേരല്ല. മുഹമ്മദ് നബി സ്ഥാപിച്ച മതത്തിന്റെ പേരുമല്ല ഇസ്‌ലാം. മുസ്‌ലിംകള്‍ മുഹമ്മദീയരല്ല. ഇത് ഏതെങ്കിലും ഭൂഖണ്ഡത്തില്‍ രൂപം കൊണ്ടതോ, രൂപാന്തരം പ്രാപിച്ച മതമോ അല്ല. അല്ലെങ്കില്‍ ഒരു രാജ്യത്ത് മാത്രം പ്രചാരത്തിലുള്ളതോ അല്ല. ഇതിന്റെ സ്ഥാപകന്‍ അല്ലാഹുവാണ്. അല്ലാഹുവാണ് എല്ലാവരുടെയും ദൈവം. ഈ ദൈവം അനുഗ്രഹിച്ചുതന്ന മതത്തിന്റെ പേരാണ് ഇസ്‌ലാം- അതിന്റെ അനുയായികള്‍ക്ക് പറയുന്ന പേരാണ് മുസ്‌ലിംകള്‍.
ഇവിടെ പിറന്നുവീഴുന്ന ഓരോ കുഞ്ഞും ശുദ്ധമായ ഇസ്‌ലാമിന്റെ പ്രകൃതിയിലാണ് ജനിക്കുന്നതെന്നും അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനോ, ക്രൈസ്തവനോ, ബഹുദൈവ വിശ്വാസിയോ ആക്കുന്നതെന്നുമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഈ മതത്തിന്റെ പ്രചാരകരാണ് പ്രവാചകന്മാര്‍. അവരെല്ലാം ഒന്നടങ്കം പ്രബോധനം ചെയ്ത മതം ഇസ്‌ലാമാണ്. അവരൊക്കെയും ക്ഷണിച്ചത് ഏക ദൈവ വിശ്വാസത്തിേലക്കാണ്. ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാര്‍ പ്രബോധനം ചെയ്തതും ആളുകളെ ക്ഷണിച്ചതും ഇസ്‌ലാമിലേക്കാണ്. അല്ലാഹുവിന്റെ അരികെ മതമായിട്ട് ഇസ്‌ലാം മാത്രമേയുള്ളൂ. കാലാന്തരത്തില്‍ പ്രവാചകന്മാരുടെ പ്രബോധനത്തില്‍ വെള്ളം ചേര്‍ക്കുകയും ദൈവീക ഗ്രന്ഥങ്ങളുടെ തെളിമക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തപ്പോഴാണ് ബഹുദൈവ വിശ്വാസം രൂപപ്പെട്ടത്. കല്ലും മണ്ണും കാഞ്ഞിരക്കുറ്റിയും ദൈവങ്ങളും ദൈവ പ്രതിരൂപങ്ങളുമായി മാറി. സൂര്യനും സൗരയൂധങ്ങളും തീയും പലരുടെയും ദൈവങ്ങളാണ്. ഇവയെല്ലാം സൃഷ്ടിച്ചതും പരിപാലിക്കുന്നതും അല്ലാഹുവാണ് എന്നാണ് പ്രവാചകന്മാര്‍ പറഞ്ഞത്- ഇസ്‌ലാമിന് പറയാനുള്ളതും അത് തന്നെയാണ്. ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ കഴിയാത്തവ- ഇവക്കൊന്നും ഒരു ഈച്ചയെപോലും സൃഷ്ടിക്കാന്‍ കഴിയാത്ത ദുര്‍ബലരാണ് എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. ഇസ്‌ലാം ഇന്നും ലോകത്തിന്റെ മുമ്പില്‍ പത്തരമാറ്റുപോലെ തിളങ്ങി നില്‍ക്കുന്നത് ദൈവത്തിന്റെ മതമായത് കൊണ്ടാണ്. മറ്റു മതങ്ങളെ സംബന്ധിച്ച് ഒരു കാലത്തും ചര്‍ച്ചാവിഷയം ആകാറില്ല. കാരണം അവയ്‌ക്കൊന്നും കൃത്യമായ വിധി വിലക്കുകളോ മാര്‍ഗനിര്‍ദ്ദേശങ്ങളോ കാര്യമായ ഒന്നും തന്നെ ഇല്ല. മത പുരോഹിതന്മാരുടെ ജല്‍പനങ്ങളാണ് ഇവിടെ പലരുടെയും മതവിധികള്‍ എന്ന് പറയാം.
നിരക്ഷരത മുഖമുദ്രയാക്കിയ സമൂഹത്തിലാണ് മുഹമ്മദ് നബി കടന്നുവരുന്നത്. സദാചാരത്തിന്റെ സകല സീമകളും പിഴുതെറിഞ്ഞവരെ സദാചാരത്തിന്റെ സരണിയിലേക്കാണ് പ്രവാചകന്‍ ക്ഷണിച്ചത്. വായിക്കാനും പഠിക്കാനും ഉദ്‌ഘോഷിച്ചുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്റെ പ്രഥമ അധ്യായം ആരംഭിക്കുന്നതും. കള്ളും പെണ്ണും കൊലയും കലഹവും ജീവിത ഹരമായി മാറ്റിയവരോട് അതെല്ലാം പാടില്ലാത്തതാണ് എന്ന് പറഞ്ഞത് ഇസ്‌ലാമാണ്. പെണ്‍കുഞ്ഞ് ജനിക്കുന്നത് ശാപമായും കോപമായും കണ്ടവരോട് അവളെ പോറ്റി വളര്‍ത്തേണ്ടവളാണെന്നും അവളും മനുഷ്യ ജീവിയാണെന്നും പഠിപ്പിച്ച; ജീവിക്കാനുള്ള അവകാശം നല്‍കിയ മതം അവളെ വിവാഹം ചെയ്യുന്നതിന് നിര്‍ബന്ധമായും പാരിതോഷികം (മഹര്‍) നല്‍കണമെന്ന്കൂടി ശാസിച്ചു. അനന്തരാവകാശം അവള്‍ക്ക് നിഷേധിച്ചവരോട് ചെറുതാണെങ്കിലും അവളും അവകാശിയാണ് എന്ന് ലോകത്തിന്റെ മുമ്പില്‍ പറഞ്ഞുവെന്നല്ല സ്വര്‍ഗം അവളുടെ കാലിനടിയിലാണെന്ന് കൂടി ഉറക്കെ പറഞ്ഞു.
പ്രവാചകന്‍ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് മനുഷ്യന്റെ പരമപ്രധാനമായ കാര്യങ്ങളാണ്. അതാണ് ഇന്ന് മനുഷ്യാവകാശ കാര്യങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വ്യഭിചാരം, പലിശ-ചൂതാട്ടം മുതലായവ തിന്മയുടെ വഴികളാണെന്നും അത് നിഷിദ്ധമാക്കുകയും ചെയ്തു. സ്ത്രീ പുരുഷന്റെ ഭോഗ വസ്തുവല്ല, കളിപ്പാവയല്ല, പ്രദര്‍ശന വസ്തുവല്ല. അവന്റെ കുട്ടിയുടെ മാതാവും മുലയൂട്ടേണ്ടവളും വീടിന്റെ ഭരണാധികാരിയുംകൂടിയാണെന്ന് ഇസ്‌ലാം പറഞ്ഞു.
ചൂഷണമുക്തമായ സംഹിത ലോകത്തിന്റെ മുമ്പില്‍ കാണിച്ച മതമാണ് ഇസ്‌ലാം. അന്യന്റെ മുതല്‍ അപഹരിക്കുകയോ, കൈവശം വെക്കുകയോ, കവര്‍ന്നെടുക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ മതം അന്യനെപറ്റി പരദൂഷണം പറയരുതെന്ന് എന്നുകൂടി ഉപദേശിച്ചു. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും ഇസ്‌ലാം വെളിച്ചം നല്‍കുന്നുണ്ട്. സത്യം പറയാന്‍ പഠിപ്പിച്ചു. ഭക്ഷണത്തിന് മുമ്പ് കൈ കഴുകാന്‍ പഠിപ്പിച്ചു. നഖം മുറിക്കാനും മുടി വെട്ടാനും മലമൂത്ര വിസര്‍ജ്ജന മര്യാദയും കാണിച്ചുകൊടുത്തു. മനുഷ്യ ശരീരത്തിന് പറ്റിയവയെ ആഹരിക്കാനും കുടിക്കാനും പറഞ്ഞു. ശവവും പന്നി മാംസവും നിഷിദ്ധമാണെന്ന് പഠിപ്പിക്കുകവഴി മനുഷ്യ സമൂഹത്തിന് ആരോഗ്യപരമായ കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊടുത്തു. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഉള്ളവനും ഇല്ലാത്തവനും എന്ന തട്ടുകളില്ല. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും സമന്മാര്‍. അതാണ് അവര്‍ നമസ്‌കാരത്തില്‍ ഒരേ അണിയില്‍ നില്‍ക്കുന്നത്. പണിയെടുത്തവന് വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കാനും സമ്പത്തിന്റെ ഒരവകാശം പാവപ്പെട്ടവന്റെ അവകാശമാണെന്നും അത് ഇസ്‌ലാമിന്റെ മൂന്നാമത്തെ കാര്യമായി എണ്ണുകയും ചെയ്തു. കൃഷിഭൂമി തരിശാക്കിയിടരുതെന്നും കൃഷി ചെയ്യുന്നവന് വിലക്കോ, പാട്ടത്തിനോ നല്‍കണമെന്നുമാണ് ഇസ്‌ലാം പഠിപ്പിച്ചത്.
ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥകള്‍ ഉയര്‍ത്തികാട്ടി ഇസ്‌ലാം കാലഹരണപ്പെട്ട മതമാണെന്നും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ശിക്ഷാ രീതികളാണ് നടപ്പാക്കുന്നതെന്നും ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. കട്ടവന്റെ കൈ മുറിക്കുക, വ്യഭിചരിച്ചവനെ ശിക്ഷിക്കുക, കൊന്നവനെ കൊല്ലുക എന്നതൊക്കെയാണ് അവയില്‍ ചിലത്. ഇതൊക്കെ ചെയ്യുന്നവരെ എന്ത് ശിക്ഷ കൊടുക്കണമെന്നാണ് വിമര്‍ശിക്കുന്നവര്‍ക്ക് പറയാനുള്ളത്. ഇത്തരം തിന്മകള്‍ കുലത്തൊഴിലാക്കിയവരെ വെള്ളപൂശി അവര്‍ക്ക് പരവതാനികള്‍ വിരിച്ചുകൊടുത്ത് അവരെ സമൂഹത്തിന്റെ മുമ്പില്‍ വലിയ ത്യാഗികളായി അവതരിപ്പിക്കുകയാണോ വേണ്ടിയിരുന്നത്. കാമപൂര്‍ത്തിക്ക് വേണ്ടി പൈതലിനെ പോലും ഉപയോഗപ്പെടുത്തുന്നവര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ക്ക് ശിക്ഷ നല്‍കേണ്ടതിന് പകരം രക്ഷപ്പെടുത്താനുള്ള കുറുക്കുവഴികളാണ് നാട്ടിലുള്ളത്്. പ്രവാചകന്‍ പഠിപ്പിച്ചത് മുഖം നോക്കാതെയുള്ള ശിക്ഷാവിധികളാണ്. വലിയവനും ചെറിയവനും പണമുള്ളവനും ഇല്ലാത്തവനും ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടുകൂടാ- ഇതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.
ഇസ്‌ലാമിന് ബദലായി കൊണ്ടുവന്ന പ്രത്യയ ശാസ്ത്രങ്ങള്‍ ഒരു നൂറ്റാണ്ട്‌പോലും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ കാലഹരണപ്പെട്ട ചിത്രമാണ് മുമ്പിലുള്ളത്. ഇത്തരം പ്രത്യയശാസ്ത്രക്കാരാണ് ഇസ്‌ലാമിന്റെ വിധിവിലക്കുകളെ കൊഞ്ഞനം കുത്തുന്നത്. ഉടലെടുത്ത നാടുകളില്‍ അത്തരം ശാസ്ത്രങ്ങള്‍ ജനം കൈ ഒഴിഞ്ഞ് പിടിച്ചുനില്‍ക്കാനുള്ള തത്രപ്പാടിലാണ് അവരിപ്പോള്‍. 21-ാം നൂറ്റാണ്ടിലും പത്തരമാറ്റ് പോലെ നില്‍ക്കുന്ന ഇസ്‌ലാമിനെ അവഹേളിച്ചത് കൊണ്ടും കളിയാക്കിയത് കൊണ്ടും ഇത് നശിച്ചുപോകില്ല. ഈ പ്രകാശത്തെ ഊതി കെടുക്കാനുള്ള ശ്രമത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുവോളം ഈ ദര്‍ശനവും അതിജീവിക്കും എന്നതില്‍ ആശങ്ക ഇല്ല. അല്ലാഹുവിന്റെ മതം, അല്ലാഹുവിന്റെ വേദം അവന്‍ കാത്ത് സൂക്ഷിക്കുക തന്നെ ചെയ്യും. അനുയായികളുടെ എണ്ണമോ, വണ്ണമോ അല്ല പ്രധാനം. ഏഴാം നൂറ്റാണ്ടില്‍ പ്രവാചകന്‍ സമൂഹത്തെ പഠിപ്പിച്ച തത്വസംഹിതകള്‍ ലോകാവസാനം വരെയും നിലനില്‍ക്കും എന്നതിന് ഒരു സന്ദേഹവും വേണ്ട.