തൊഴിലാളി വര്‍ഗ സര്‍വാധിപത്യമായിരുന്നു കമ്മ്യൂണിസംകൊണ്ട് മാര്‍ക്‌സും ലെനിനും എംഗല്‍സുമെല്ലാം വിഭാവനം ചെയ്തത.് തൊഴിലാളികള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ മേധാവിത്വം സ്ഥാപിക്കുകയെന്നതായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നേതൃത്വം മുന്നോട്ട്‌വെച്ചത്. സ്വകാര്യ സ്വത്തുടമസ്ഥത അവസാനിപ്പിക്കുക, ചൂഷണ സ്വഭാവമുള്ള ഭരണവര്‍ഗങ്ങളെ ഇല്ലായ്മ ചെയ്യുകയെന്നതായിരുന്നു കമ്മ്യൂണിസത്തിന്റെ മുദ്രാവാക്യം. എന്നാല്‍ ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ ലോകത്ത് നടപ്പിലാക്കാന്‍ ഇന്നുവരെ കഴിഞ്ഞിട്ടില്ല. ഏറ്റവും നല്ല ഉദാഹരണം സോവിയറ്റ് ഭരണകൂടമാണ്. സോവിയറ്റ് യൂനിയന്‍ മര്‍ദ്ദക ഭരണകൂടമായി പരിണമിക്കുകയാണുണ്ടായത്. ലെനിന്‍ പ്രാധാന്യം നല്‍കിയിരുന്ന ആശയ സംവാദം വിയോജിക്കാനുള്ള സ്വാതന്ത്ര്യം, സോവിയറ്റുകള്‍ക്കുള്ള അധികാരം തുടങ്ങിയവ അവിടെ അപ്രത്യക്ഷമായി. യഥാര്‍ത്ഥത്തില്‍ പൗരവകാശങ്ങള്‍ എടുത്തുകളയുകയാണുണ്ടായത്. ശുദ്ധീകരണത്തിന്റെ പേരില്‍ ചിന്തകന്മാരും എഴുത്തുകാരുമായ ട്രോട്‌സ്‌കിയും ബുഖാറിനും സിനോവുമെല്ലാം കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ ശുദ്ധികലശത്തിനു വിധേയരായിത്തീര്‍ന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഒക്‌ടോബര്‍ വിപ്ലവം അഴിച്ചുവിട്ട ആശയ സമരത്തിന്റേയും അന്വേഷണ ബുദ്ധിയുടേയും നവീന ചിന്താധാരകളുടേയുമൊക്കെ വേരിന് കത്തിവെക്കുകയാണുണ്ടായത്. കമ്മ്യൂണിസ്റ്റ് ചരിത്രം പഠന വിധേയമാക്കുമ്പോള്‍ ഇത് ബോധ്യമാകും. അരാഷ്ട്രീയ ചിന്താധാരകള്‍ അടിമത്വത്തിലേക്കാണ് കൊണ്ടുപോയതെന്നു സ്റ്റാലിന്‍ യുഗം മുതല്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. കമ്മ്യൂണിസ്റ്റ് ഭരണം തൊഴിലാളികളുടെ മേലുള്ള സര്‍വാധിപത്യമായി പരിണമിച്ചുവെന്നതാണ് സോവിയറ്റ് റഷ്യയില്‍ കണ്ടത്. പിന്നീട് സോവിയറ്റ് കമ്മ്യൂണിസം തകര്‍ന്നതും. സോവിയറ്റ് യൂണിയനില്‍ ഉേദ്യാഗസ്ഥ പ്രമുഖരുടെ ആധിപത്യമാണുണ്ടായത്. ഇതിനെക്കുറിച്ച് ഇടതുപക്ഷ ചിന്തകന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1988 കാലയളവില്‍ ഗോര്‍ബച്ചേവ് നടപ്പാക്കിയ ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. അവരുടെ സമരങ്ങളെ കമ്മ്യൂണിസ്റ്റ് ഭരണം നിഷ്ഠൂരമായി അടിച്ചമര്‍ത്തി.
കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. അതില്‍ പ്രധാനമായത് സോഷ്യലിസ്റ്റ് ജനാധിപത്യം വികസിപ്പിക്കുന്നതില്‍ സംഭവിച്ച പരാജയമാണ്. തൊഴിലാളി വര്‍ഗ സര്‍വാധിപത്യമെന്ന മുദ്രാവാക്യം മുഴക്കിയ കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ ഭരണ സോപാനത്തിലെത്തിയപ്പോള്‍ ഏകാധിപതികളായി മാറിയെന്നതാണ് യാഥാര്‍ത്ഥ്യം. സോവിയറ്റ് യൂണിയനില്‍ മാത്രമല്ല, ചൈനയിലും ഇതാണ് സംഭവിച്ചത്. ചൈന പേരില്‍ മാത്രമാണ് കമ്മ്യൂണിസമുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ‘മുതലാളിത്ത പാത’ സ്വീകരിച്ചവരാണ്. ‘മുതലാളിമാരില്ലാത്ത മുതലാളിത്ത’മെന്ന എംഗല്‍സാല്‍ന്റെ പ്രയോഗം മറ്റൊരു രൂപത്തില്‍ ചൈനയില്‍ പ്രാവര്‍ത്തികമാക്കപ്പെട്ടു.
റഷ്യയിലും ചൈനയിലും മാത്രമല്ല, മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം തന്നെ മാര്‍ക്‌സിസത്തിന്റേയും ലെനിസത്തിന്റേയും പേരിലാണ് വിപ്ലവങ്ങള്‍ നടന്നത്. എന്നാല്‍ വിപ്ലവാനന്തരം സൈനിക സ്വഭാവത്തിലുള്ള ഭരണകൂടങ്ങളാണ് നിലവില്‍വന്നത്. കമ്മ്യൂണിസ്റ്റ് മാനേജ്‌മെന്റ് ഭരണമായിരുന്നു. തൊഴിലാളി സര്‍വാധിപത്യം മാനേജ്‌മെന്റിന്റെ മുന്നില്‍ അടിയറവെച്ചു.
ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരിച്ചുകൊണ്ടിരിക്കുന്നു. പശ്ചിമബംഗാളില്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചത് സി.പി.എമ്മാണ്. കൃഷി സ്ഥലങ്ങള്‍ വന്‍കിടക്കാര്‍ക്കുവേണ്ടികമ്മ്യൂണിസ്റ്റുകാര്‍ കയ്യേറിയപ്പോള്‍ തൊഴിലാളികള്‍ സമരം ചെയ്തു. ഒട്ടേറെ പേര്‍ മരിച്ചു. അനവധി പേര്‍ക്ക് പരിക്കേറ്റു. സി.പി.എം ഗുണ്ടകളും പൊലീസും നടത്തിയ നരനായാട്ട് ക്രൂരമായിരുന്നു. തൊഴിലാളി വര്‍ഗ സ്‌നേഹം പൊലീസിന്റെ ലാത്തിയുടേയും തോക്കിന്റേയും രൂപത്തിലാണ് ബംഗാളില്‍ പ്രത്യക്ഷപ്പെട്ടത്. ബംഗാള്‍ മാര്‍ക്‌സിസ്റ്റ്് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു.
ഇപ്പോള്‍ കേരളം ഭരിക്കുന്നതും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെ ആചാര്യന്മാര്‍തന്നെയാണ്. ഗെയ്ല്‍ സമരം നാം കണ്ടതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് പൈപ്പിടാന്‍ അഞ്ചും പത്തും സെന്റ് സ്ഥലം കിളച്ചുമറിക്കാന്‍ പൊലീസ് ജെ.സി.ബിയുമായി കടന്നുവന്നത്. മണ്ണും കൃഷികളും വീടും നഷ്ടപ്പെട്ടവര്‍ പ്രതിരോധിക്കുക സ്വാഭാവികമാണ്. പൊലീസിന്റെ നരനായാട്ടാണ് അവിടെ കണ്ടത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇടതുപക്ഷ ഭരണകൂടം നീതി നിഷേധമാണ് നടത്തിയത്. നഷ്ടപരിഹാരവും പുനരധിവാസവും നല്‍കാതെ കുടിയൊഴിപ്പിക്കുന്ന ക്രൂരത കാട്ടിയത് തൊഴിലാളി വര്‍ഗ ഭരണകൂടമാണ്. സമരം ചെയ്യുന്ന ഇരകളെ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വിശേഷിപ്പിച്ചത് തീവ്രവാദികളും ഭീകരവാദികളുമെന്നാണ്. കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ഉറക്കെ കരയാനുള്ള അവകാശം പോലും നിഷേധിക്കുന്നത് ക്രൂരതയാണ്. അവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നത് അതിനേക്കാള്‍ ക്രൂരതയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ വരാന്തകളില്‍ അന്തിയുറങ്ങുന്നവര്‍ ഭരണം കയ്യാളുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
കമ്മ്യൂണിസം തൊഴിലാളി വര്‍ഗ സര്‍വാധിപത്യമല്ല വിഭാവനം ചെയ്യുന്നത്. പാര്‍ട്ടി അടിമത്വമാണ് നടപ്പിലാക്കുന്നത്. തൊഴിലാളികളെ അടിമത്വത്തിന്റെ ചങ്ങലകളില്‍ തളച്ചിടുന്ന കമ്മ്യൂണിസ്റ്റാചാര്യന്മാര്‍ കാലത്തിന്റെ ചുമരെഴുത്തുവായിക്കാത്തവരാണ്. കായല്‍ രാജാക്കന്മാരുടെ മുമ്പില്‍ കൈകൂപ്പി നില്‍ക്കുന്ന വലിയ സഖാക്കള്‍ ഗെയ്‌ലിന് ഗേറ്റു തുറന്നു കൊടുക്കുമ്പോള്‍ പാവപ്പെട്ടവരുടെ മണ്ണും കുടിയും നഷ്ടപ്പെടുത്തുകയാണ്. ഇവര്‍ ഇരകളാണ്. ഇരകള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷക്കാര്‍ ഇല്ലയെന്ന സത്യം വ്യക്തമായിരിക്കുന്നു.