Connect with us

Video Stories

സംവരണ നിഷേധത്തിന് സമരംകൊണ്ട് തിരുത്ത്

Published

on


ടി.എ അഹമ്മദ് കബീര്‍
സിവില്‍ സര്‍വീസിലേക്ക് പ്രഗത്ഭമതികളായ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സംസ്ഥാന തലത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആരംഭിക്കണമെന്ന ആശയത്തിന് പതിറ്റാണ്ടുകളായി സ്വീകാര്യത ലഭിച്ചുപോന്നിട്ടുണ്ട്. പതിവുപോലെ ഇക്കാര്യത്തില്‍ പല കാരണങ്ങളാല്‍ കേരളം പിന്നോട്ട്‌പോയി. കെ.എ.എസ് നടപ്പിലാക്കാനുള്ള തീരുമാനവുമായി മാര്‍ക്‌സിസ്റ്റ് മുന്നണി സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. കെ.എ.എസ് നടപ്പിലാക്കാനുള്ള നീക്കം തകര്‍ക്കാനായി ഉത്തരവിറക്കിയപ്പോള്‍ രണ്ട് സ്ട്രീമുകളില്‍ സംവരണം നിഷേധിക്കപ്പെട്ടു. അത്തരമൊരു നീക്കം യാതൊരു കാരണവശാലും കേരളം അംഗീകരിക്കുകയില്ലെന്നും അപ്പേരില്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമെന്നും തിരിച്ചറിഞ്ഞ നിക്ഷിപ്ത താല്‍പര്യക്കാരാവാം സംവരണം നിരസിച്ചുകൊണ്ട് പ്രത്യേക ചട്ടങ്ങള്‍ തയ്യാറാക്കാന്‍ ചരടുവലിച്ചത്.
സംവരണം നിഷേധിക്കുന്നതിനെതിരെ കേരളത്തില്‍ പരക്കെ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. 2017 നവംബര്‍ 24-ന് തന്നെ കെ.എ.എസില്‍ സംവരണ അട്ടിമറി എന്ന പേരില്‍ ‘ചന്ദ്രിക’ ഗൗരവതരമായി ഈ വിഷയത്തില്‍ ആദ്യ ഇടപെടല്‍ നടത്തിയത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംലീഗ് നിയമസഭാകക്ഷി 2018 ജനുവരി 31 ന് ഒരു ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നിരുന്നു. മുസ്‌ലിംലീഗ് അംഗങ്ങളുള്‍പ്പെടെ പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള നിരവധി പേര്‍ സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ തുടര്‍ സംവരണങ്ങളുടെ അഭാവത്തില്‍ സംവരണം നിഷേധിച്ചുകൊണ്ടുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയി.
അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിന്മുമ്പ് ഒരന്തിമ സമരം നടത്താന്‍ കഴിഞ്ഞതാണ് ആ സ്ഥിതിഗതികള്‍ മാറ്റിയെടുക്കാന്‍ സഹായകമായത്. 2018 ഡിസംബര്‍ 5-ന് ഇതുസംബന്ധമായി ശ്രദ്ധക്ഷണിക്കാന്‍ സന്ദര്‍ഭം ലഭിച്ചത്, സംവരണ അട്ടിമറിക്കെതിരെ പ്രതിരോധം കെട്ടിപ്പടുക്കാന്‍ വഴി തുറന്നത് അഭിമാനകരമായ അനുഭവമാണ്.
സാധാരണ ഗതിയില്‍ മുന്‍കൂട്ടി തയ്യാറാക്കിയ മറുപടി മാത്രമേ കിട്ടുകയുള്ളു എന്നറിയാമായിരുന്നു. നേരത്തെ സഭയില്‍ വന്ന മുസ്‌ലിംലീഗ് അംഗങ്ങളുടെയും മറ്റുള്ളവരുടെയും നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്കും ശ്രദ്ധക്ഷണിക്കലിനും സര്‍ക്കാര്‍ നല്‍കിയ മറുപടികള്‍ സംവരണ വിരുദ്ധമായിരുന്നതിനാല്‍ മറിച്ചൊരു നിലപാട് പ്രതീക്ഷിക്കുന്നത് യുക്തിസഹമല്ല. എന്നാല്‍ ഈ ശ്രദ്ധക്ഷണിക്കല്‍ സഭക്കകത്തും പുറത്തും വമ്പിച്ച അനുകൂല പ്രതികരണം ഉയര്‍ന്നുവരാന്‍ കാരണമാകുമെന്നും ജനകീയ സമരങ്ങള്‍ സാര്‍വത്രികമാക്കുമെന്നും നിസ്തര്‍ക്കമായിരുന്നതുകൊണ്ട് അന്തിമമായി കാര്യങ്ങള്‍ സംവരണം പുനഃസ്ഥാപിക്കുന്നതില്‍ പര്യവസാനിക്കുമെന്ന് പൂര്‍ണ വിശ്വാസം ഉണ്ടായിരുന്നു. പ്രതീക്ഷിച്ച ദിശയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. സംവരണം നിഷേധിക്കുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ വമ്പിച്ച എതിര്‍പ്പാണ് പ്രകടമായത്. കെ.എ.എസിനെ തുടക്കം മുതലേ എതിര്‍ത്തുപോന്ന സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ സംഘടനാനേതാക്കള്‍ പോലും കെ.എ.എസ് നടപ്പിലാക്കുകയാണെങ്കില്‍ സംവരണം ലംഘിക്കാന്‍ പാടില്ലെന്ന നിലപാടാണെടുത്തത്. നിരവധി സംഘടനകള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരവുമായി എത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി നിരാഹാര സത്യഗ്രഹമനുഷ്ഠിച്ചു. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ എസ്.എന്‍.ഡി.പിയുടെ പ്രതിനിധിയും കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാറും പങ്കെടുത്തത് ശ്രദ്ധേയമായി. കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളില്‍ അപേക്ഷകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണെന്ന മറ ഉപയോഗിച്ചാണ് സംവരണം അട്ടിമറിക്കാന്‍ വഴി കണ്ടെത്തിയത.് ഈ നിയമനം സെലക്ഷന്‍ ലിസ്റ്റ് പ്രകാരമല്ല, പുതിയ റിക്രൂട്ട്‌മെന്റാണ്. കാരണം മൂന്ന് സ്ട്രീമിലെ അപേക്ഷകരും (1) ഒരേ ടെസ്റ്റ് എഴുതണം. (2) അഭിമുഖം നേരിടണം. (3) പരിശീലനം പൂര്‍ത്തിയാക്കണം. (4) ശമ്പള സ്‌കെയില്‍ ഒന്നാണ്. (5) പ്രൊബേഷന്‍ തീരുമാനിക്കുന്നത് ഒരേ രീതിയിലാണ്. അതുകൊണ്ട് തന്നെ ബൈ ട്രാന്‍സ്ഫര്‍ എന്നോ, ബൈ അപ്പോയിന്റ്‌മെന്റ് എന്നോ രണ്ട,് മൂന്ന് സ്ട്രീമുകള്‍ക്ക് തലക്കെട്ട് നല്‍കിയാലും സംവരണം നിഷേധിക്കാനാവില്ല എന്ന് വ്യക്തമായിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ തെറ്റായ നിയമോപദേശത്തിന്റെ പിന്‍ബലം ദുര്‍ബലമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ബന്ധപ്പെട്ട ഭരണഘടനാഭേദഗതികളും ഇതുസംബന്ധമായി സുപ്രീംകോടതി 2018 സെപ്തംബര്‍ 26-ന് പുറപ്പെടുവിച്ച വിധിയും സര്‍ക്കാറിന് സംവരണം അനുവദിക്കാന്‍ അനുവാദം നല്‍കുന്നുണ്ടായിരുന്നു. അതിനാല്‍ 2018 മാര്‍ച്ച് 15-ന് എ.ജി നല്‍കിയ നിയമോപദേശം നിലനില്‍ക്കുകയില്ലെന്ന് വ്യക്തമായിരുന്നു. ഐ.എ.എസിലേക്ക് ഉദ്യോഗ കയറ്റം വഴി നല്‍കുന്ന കേഡര്‍ നിശ്ചയം കെ.എ.എസ് നിലവില്‍ വരിക വഴി അവസാനിക്കുകയും ഡെപ്യൂട്ടി കലക്ടര്‍ തസ്തികയിലേക്കുള്ള നിയമനം ഇതിനെ തുടര്‍ന്ന് ഇല്ലാതാകുകയും ചെയ്യുന്നതോടെ സിവില്‍ സര്‍വീസില്‍ സംവരണ സമുദായങ്ങളുടെ നില പരമ ദയനീയമായി മാറുന്നു എന്നതുകൂടി പരിഗണിച്ചാണ് ഈ സമരം ശക്തമായത്. ഉമ്മന്‍ചാണ്ടി, കെ.എം മാണി, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അടക്കം യു.ഡി.എഫിലെ മുഴുവന്‍ എം.എല്‍.എമാരുള്‍പ്പെട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയതും ഈ സമരത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
സര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനം ഉചിതമായ ഒന്നാണ്. അനുപേക്ഷണീയമായ ഒന്നെന്ന് പറയാം. അതിനാല്‍ ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുകയും ചെയ്യും. അനന്തര ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ഇനി അടിയന്തരമായി ചെയ്യേണ്ടത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് അന്തിമ വിജ്ഞാപനം ഇറങ്ങേണ്ടതുണ്ട്. സര്‍ക്കാര്‍ മനസ്സ്‌വെച്ചാല്‍ ഫെബ്രുവരിയില്‍ തന്നെ അന്തിമ വിജ്ഞാപനം ഇറക്കാന്‍ കഴിയും. 2017 ഡിസംബര്‍ 29-ന് ഇതുസംബന്ധമായി ഇറങ്ങിയ പ്രത്യേക ചട്ടങ്ങളിലെ സംവരണം നിര്‍ദ്ദേശിക്കുന്ന അഞ്ചാമത്തെ ചട്ടം ആണ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ടത്. സ്ട്രീം ഒന്ന് മാത്രം എന്ന് ചേര്‍ത്തിരുന്നേടത്ത് മൂന്ന് സ്ട്രീമുകളിലും പതിനാല് മുതല്‍ പതിനേഴ് വരെയുള്ള ജനറല്‍ റൂള്‍സ് ബാധകമാണ് എന്ന് ചേര്‍ക്കേണ്ടിവരും. ചട്ടം പന്ത്രണ്ടിലും മാറ്റം വേണം. സ്ട്രീം രണ്ടിനെ കുറിച്ച് അതിലെ കോളം രണ്ടില്‍ ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ് എന്നതും സ്ട്രീം മൂന്നിനെ കുറിച്ച് പറയുന്ന കോളം രണ്ടില്‍ ബൈ ട്രാന്‍സ്ഫര്‍ അപ്പോയിന്റ്മെന്റ് എന്നതും ഡയറക്ട് റിക്രൂട്ട്മന്റ് എന്ന് ഭേദഗതി വരുത്തണം. നേരത്തെ ഇറങ്ങിയ ചട്ടങ്ങളില്‍ ഈ ഭേദഗതി വരുത്തി പി.എസ്.സിക്ക് തുടര്‍ നടപടികളുമായി മുന്നോട്ട്‌പോകാന്‍ കഴിയുംവിധം ഫെബ്രുവരി രണ്ടാം വാരമെങ്കിലും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കാം.
(മുസ്‌ലിംലീഗ് അസംബ്ലിപാര്‍ട്ടി സെക്രട്ടറിയാണ് ലേഖകന്‍)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending