Connect with us

Video Stories

അവഗണിക്കപ്പെടുന്നവരുടെ അക്ഷരമായി വീണ്ടും ചന്ദ്രിക

Published

on

2017 ഒക്‌ടോബര്‍ 31ലെ പി.എസ്.സി യോഗത്തിലാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെ (കെ.എ.എസ്) കുറിച്ചുള്ള ചര്‍ച്ചകളുടെ തുടക്കം. കേരളത്തിനായി ഒരു ഉദ്യോഗസ്ഥ കേഡര്‍ രൂപീകരിക്കാനായിരുന്നു തീരുമാനം. പ്രാഥമിക രൂപം നല്‍കിയ പി.എസ്.സി, 2017 നവംബര്‍ മൂന്നിന് സര്‍ക്കാരിനോട് വ്യക്തത തേടി കത്ത് നല്‍കി. ആദ്യ സ്ട്രീമില്‍ മാത്രം (നേരിട്ടുള്ള നിയമനം) സംവരണം നല്‍കാമെന്നും രണ്ട്, മൂന്ന് സ്ട്രീമുകളില്‍ സംവരണം നല്‍കേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ തൂരുമാനിച്ചത്.
2017 നവംബര്‍ പകുതിയില്‍ എം.എല്‍.എ ഹോസ്റ്റലില്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് കെ.എ.എസില്‍ സംവരണം അട്ടിമറിക്കപ്പെടുകയാണെന്നും നിലവില്‍ സര്‍ക്കാര്‍ രൂപം നല്‍കുന്ന രീതിയില്‍ ഈ കേഡര്‍ നിലവില്‍ വന്നാല്‍ മുസ്‌ലിം, ദലിത്, പിന്നാക്കങ്ങള്‍ക്ക് വലിയതോതിലുള്ള നഷ്ടമുണ്ടാകുമെന്നും മനസിലാക്കുന്നത്. ഇക്കാര്യത്തില്‍ മുസ്‌ലിം ലീഗിനുള്ള ആശങ്ക ടി.വി ഇബ്രാഹിം തുറന്നുപറയുകയും ചെയ്തു.
തുടര്‍ന്ന് അടുത്ത ഏതാനും ദിവസങ്ങള്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ ശ്രമിച്ചു. ഭാവിയില്‍ കേരളത്തിലെ ഭരണനിര്‍വഹണത്തിന്റെ ചുക്കാന്‍ പിടിക്കേണ്ട കെ.എ.എസില്‍ നിന്ന് സംവരണ സമുദായങ്ങള്‍ നിഷ്‌കരുണം തഴയപ്പെടുമെന്ന് വ്യക്തമായി. 2017 നവംബര്‍ 24ന് ‘കെ.എ.എസില്‍ സംവരണ അട്ടിമറി’ എന്ന തലക്കെട്ടില്‍ ചന്ദ്രിക ഈ വിഷയം പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിം കുഞ്ഞ്, അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, എസ്.ഇ.യു, എന്‍.ജി.ഒ അസോസിയേഷന്‍ നേതാക്കള്‍ ഉള്‍പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ചന്ദ്രിക പ്രസിദ്ധീകരിച്ചു. തുടര്‍ച്ചയായി 60 ഓളം റിപ്പോര്‍ട്ടുകള്‍ ചന്ദ്രികയിലൂടെ പുറത്തുവന്നു. 2018 ജനുവരി 31ന് യൂത്ത്‌ലീഗ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംവരണ അട്ടിമറിക്കെതിരെ ധര്‍ണ സംഘടിപ്പിച്ചു. ഇത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. മുസ്‌ലിം ലീഗിന് പുറമെ ദലിത് സംഘടനകളുടെ പ്രമുഖ നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നിലെത്തി അഭിവാദ്യമര്‍പ്പിച്ചു. ഫെബ്രുവരി ഒന്‍പതിന് സംസ്ഥാന വ്യാപകമായി നിശാസമരങ്ങളും സംഘടിപ്പിച്ചു.
ഇതിനിടെ കെ.എ.എസിലെ മൂന്ന് സ്ട്രീമുകളിലും സംവരണം നടപ്പിലാക്കണമെന്നു കാട്ടി 2018 മെയ് മാസത്തില്‍ നിയമവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് തള്ളിയ മുഖ്യമന്ത്രിയുടെ നടപടി ചന്ദ്രിക വളരെ പ്രാധാന്യത്തോടെ വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രി സ്വീകരിച്ചതാകട്ടെ സംവരണം നല്‍കേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടായിരുന്നു. ഇതോടെയാണ് മുസ്‌ലിം ലീഗ് സമരം ശക്തമാക്കിയത്. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ നിവേദനം നല്‍കി.
പിന്നീട് മുസ്‌ലിം ലീഗ് കോഴിക്കോട്ട് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, എം.ഇ.എസ്, എം.എസ്.എസ് തുടങ്ങിയ സംഘടനകള്‍ പങ്കെടുത്ത യോഗം സര്‍ക്കാരിനെതിരെ പ്രക്ഷോഭം പ്രഖ്യാപിക്കുകയും അതിനു മുന്നോടിയായി മുഖ്യമന്ത്രിയെ നേരില്‍ കാണാനും തീരുമാനിച്ചു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മത നേതാക്കള്‍ അടങ്ങിയ സംഘം മുഖ്യമന്ത്രിയെ നേരില്‍ കാണുകയും നിവേദനം നല്‍കുകയും ചെയ്തതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ചത്. യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ കെ.എ.എസില്‍ സംവരണം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ രംഗത്തുള്ളത് ലജ്ജാകരമാണ്. മറ്റൊരു മഹത്തായ സംവരണ വിജയചരിത്രം കൂടി എഴുതിച്ചേര്‍ത്ത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കര്‍മ്മവഴികളില്‍ ഏറ്റവും കരുത്തോടെ മുസ്‌ലിം ലീഗും ചന്ദ്രികയും നിറഞ്ഞുനില്‍ക്കുന്ന കാലഘട്ടമാണിത്.

Video Stories

ലക്ഷ്യം മറന്ന സി.പി.എം പ്രതിരോധ ജാഥ

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം.

Published

on

റസാഖ് ആദൃശ്ശേരി

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥ എന്തിനു വേണ്ടിയായിരുന്നു? ആര്‍ക്കാണ് ഇതുകൊണ്ടു നേട്ടമുണ്ടായത്? കേരള രാഷ്ട്രീയത്തില്‍ യാത്ര എന്തെങ്കിലും ചലനം സൃഷ്ടിച്ചോ? തുടങ്ങിയ ചോദ്യങ്ങള്‍ പൊതുസമൂഹത്തില്‍നിന്നും ഉയരുമ്പോള്‍ അവക്കൊന്നും ശരിയായ ഉത്തരം നല്‍കാന്‍ എം.വി ഗോവിന്ദനോ സി.പി.എമ്മിനോ സാധിക്കുന്നില്ല. ‘നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ’ ജനകീയ പ്രതിരോധ യാത്രയെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്തപ്പോള്‍ എല്ലാവരുടെയും പ്രസംഗത്തില്‍ ഈ മുദ്രാവാക്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ യാത്ര കടന്നുപോയ സ്ഥലങ്ങളിലൊന്നും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ പ്രധാനമന്ത്രിയെക്കുറിച്ചോ ഒരു പരാമര്‍ശവും ഉണ്ടായില്ല. സി.പി.എം എപ്പോഴും ഉരുവിടുന്ന രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയം എന്നിവ യാത്രയില്‍ പ്രാസംഗികരുടെ വിഷയമേയായിരുന്നില്ല. രാജ്യത്ത് വന്‍ വിവാദമായിരിക്കുന്ന മോദി-അദാനി കൂട്ടുകെട്ടിനെക്കുറിച്ച് മൗനം പാലിച്ചു. ഒരു കാലത്ത് ബൂര്‍ഷ്വാ മുതലാളിത്തത്തെക്കുറിച്ചു ശബ്ദിച്ചിരുന്ന പാര്‍ട്ടി, പിണറായി കാലത്ത് ആ നയത്തില്‍ നിന്നുതന്നെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളുകളായി സി.പി.എം മാറിയ വര്‍ത്തമാന സാഹചര്യത്തില്‍ എങ്ങനെ അദാനിയെക്കുറിച്ചു സംസാരിക്കാനാവും? മോദിയെ പോലെ അദാനി പിണറായി വിജയന്റെയും അടുപ്പക്കാരനാണല്ലോ. വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവിടത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളേക്കാള്‍ പിണറായി സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത് അദാനിയുടെ താല്‍പര്യങ്ങള്‍ക്കായിരുന്നുവെന്നതും മറക്കാറായിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാരും ബി.ജെ.പിയും രാജ്യത്ത് ഇളക്കിവിടുന്ന വര്‍ഗീയതയെകുറിച്ച് ഒരക്ഷരവും യാത്രയില്‍ ഉയര്‍ന്നുകേട്ടില്ല. യാത്രാസമയത്താണ് പശുവിന്റെ പേരില്‍ ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്നത്. നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ പശുക്കടത്തിന്റെ പേരില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടികൊണ്ടു പോയി കാറില്‍ വെച്ചു ചുട്ടുകൊല്ലുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം പരത്തുന്ന അനവധി സംസാരങ്ങര്‍ സംഘ് പരിവാര്‍ നേതാക്കള്‍ നടത്തുകയുണ്ടായി. ഹിന്ദുത്വ ശക്തികളുടെ ഇത്തരം ന്യൂനപക്ഷ വംശീയ ഉന്മൂലന ശ്രമങ്ങള്‍ക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നിട്ടും സി.പി.എം പ്രതിഷേധിക്കുകയോ പ്രതിരോധ യാത്രയില്‍ ചര്‍ച്ചയാവുകയോ ചെയ്തില്ല. ഈ വിഷയം അല്‍പമെങ്കിലും പരാമര്‍ശിച്ചത് യാത്രയുടെ സമാപന സമ്മേളനത്തില്‍ സി.പി.എം കേന്ദ്ര സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഒരുപക്ഷേ, യാത്രയുടെ പരസ്യ ബാനറിലെ എഴുത്തുകള്‍ കണ്ടത് കൊണ്ടാവാം അദ്ദേഹം അങ്ങനെ പറഞ്ഞത്. അല്ലെങ്കില്‍ ബി.ജെ.പി ബാന്ധവത്തിലേര്‍പ്പെട്ടിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരുടെ ചെയ്തികള്‍ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത നിസ്സഹായനായ കേന്ദ്ര സെക്രട്ടറിയുടെ ആത്മരോഷം പുറത്തേക്ക് വന്നതാവാം.

കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെ എം.വി ഗോവിന്ദന്‍ ജാഥാ ക്യാപ്റ്റനെന്ന നിലക്ക് ആദ്യമായി സഞ്ചരിക്കുമ്പോള്‍, തന്റെ പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അവസ്ഥ കണ്ടു അദ്ദേഹത്തിന്റെ മനസ്സ് വേദനിച്ചിട്ടുണ്ടാവാം. മുമ്പ് തങ്ങളുടെ പാര്‍ട്ടി കേഡര്‍ സ്വഭാവമുള്ളതാണെന്ന കാര്യത്തില്‍ അവരെല്ലാം ഏറെ അഭിമാനിച്ചിരുന്നു. ഗോവിന്ദന്‍ മാസ്റ്റര്‍ തന്നെ മാര്‍ക്‌സിസ്റ്റ് രീതികളെക്കുറിച്ചു എത്രയോ ക്ലാസുകള്‍ എടുത്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്താണ് പാര്‍ട്ടിയുടെ അവസ്ഥ? ജാഥ കണ്ണൂരിലെത്തിയപ്പോള്‍ പാര്‍ട്ടിക്കകത്തെ ക്വട്ടേഷന്‍ സംഘങ്ങളാണ് എം.വി ഗോവിന്ദനു തലവേദനയായത്. പാര്‍ട്ടി ഊട്ടി വളര്‍ത്തിയ ക്വട്ടേഷന്‍ സംഘതലവന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാന്‍ കുറെ കഷ്ട്ടപെട്ടു. ശുഹൈബ് എന്ന പാവം ചെറുപ്പക്കാരനെ കൊന്നു തള്ളിയതായി ബന്ധപ്പെട്ടു ആകാശിന്റെ തുറന്നുപറച്ചിലുകള്‍ കേട്ടു കേരള ജനത ഞെട്ടിയപ്പോള്‍ സി.പി.എം കൊന്നുതള്ളിയവരുടെ നിലവിളികള്‍ യാത്രയിലുടനീളം ഗോവിന്ദനെയും സഹയാത്രികരെയും പിന്തുടരുന്നുണ്ടായിരുന്നു.

കോഴിക്കോട് എത്തിയപ്പോള്‍ ഒഴിഞ്ഞ കസേരകളോടു സംസാരിക്കേണ്ട ഗതികേട് എം.വി ഗോവിന്ദനു വന്നു. പല സ്വീകരണ സ്ഥലങ്ങളിലും ആളില്ലാത്ത വല്ലാത്ത അവസ്ഥയായിരുന്നു. തൊഴിലുറപ്പ് ജോലിക്കാരെയും സര്‍ക്കാര്‍ സ്‌കൂള്‍ ബസുകളില്‍ കുട്ടികളെയും സ്വീകരണസമ്മേളന സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നിട്ടും പലയിടത്തും ശോഷിച്ച സദസ്സുകളാണ് കണ്ടത്. സി.പി.എം ജനങ്ങളില്‍നിന്നും എത്രമാത്രം അകന്നിരിക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഈ സ്വീകരണ സ്ഥലങ്ങള്‍. ജാഥയുടെ തുടക്കത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ. പി ജയരാജന്റെ വിട്ടുനില്‍ക്കല്‍ ജാഥയെ വല്ലാതെ വലച്ചു. ഇ.പിയെ കണ്ടില്ലല്ലോ എന്ന ചോദ്യത്തിനു ജാഥാ ക്യാപ്റ്റനു കൃത്യമായ മറുപടി ഉണ്ടായില്ല. അതേ സമയം ഇ.പി ജയരാജന്‍ വിവാദ ഇടനിലക്കാരന്‍ നന്ദകുമാറിന്റെ സ്വകാര്യ ചടങ്ങിന് കൊച്ചിയിലെത്തിയപ്പോള്‍ പാര്‍ട്ടിയില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന തോന്നല്‍ പുറത്തുവന്നിരുന്നു. ഇതിനു ശമനം വന്നത് ഇ.പി തൃശൂരില്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തതോടെയാണ്.

ആലപ്പുഴയില്‍ ജാഥയെ എതിരേറ്റത് സി.പി.എമ്മിന്റെയും പോഷക സംഘടനകളുടെയും വിഭാഗീയതയുടെ പോര്‍വിളികളായിരുന്നു. നേതാക്കള്‍ പരസ്പരം ചേരിതിരിഞ്ഞു കൊലവിളികള്‍ നടത്തുന്ന സംഭവങ്ങളുണ്ടായി. വി.എസ് അച്യുതാനന്ദന്‍ വിശ്രമത്തിലായതോടെ പാര്‍ട്ടിയില്‍ ‘വിഭാഗീയത’ അവസാനിച്ചുവെന്നു ഗോവിന്ദനടക്കം പാര്‍ട്ടി നേതാക്കള്‍ വീമ്പിളക്കാറുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ആലപ്പുഴ ജില്ലയില്‍ വിഭാഗീയത തീര്‍ക്കാനായിരുന്നു ഗോവിന്ദന്‍ ഏറെ സമയം നീക്കിവെച്ചത്. സി.പി.എം, യുവജന, വിദ്യാര്‍ത്ഥി തൊഴിലാളി നേതാക്കളെ വിളിച്ചു അവരെ താക്കീത് ചെയ്‌തെങ്കിലും ആരും അത് കാര്യമാക്കിയില്ലെന്നാണ് മനസ്സിലാവുന്നത്. വിഭാഗീയതയെക്കുറിച്ചു പാര്‍ട്ടി സെക്രട്ടറി താക്കീത് ചെയ്യുമ്പോള്‍ ‘ആദ്യം സംസ്ഥാന തലത്തിലുള്ള വിഭാഗീയത അവസാനിപ്പിക്കൂ, എന്നിട്ടാവാം ജില്ലാ ഏരിയാ തലങ്ങളില്‍’ എന്ന മനോഭാവം അവിടെക്കൂടിയ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും മുഖത്ത് പ്രകടമായിരുന്നു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും തമ്മില്‍ കൊമ്പുകോര്‍ത്തത് ഈയിടെയാണ്.ആലപ്പുഴയില്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം പാര്‍ട്ടിയിന്നു എത്തിപ്പെട്ട ധാര്‍മിക അപചയത്തിന്റെ ആഴം വെളിവാക്കുന്നതായിരുന്നു. ജില്ലയിലെ വിഭാഗീയതയുടെ ഒരു കാരണവും ഇതുതന്നെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ലഹരിയുടെയും മയക്കുമരുന്നിന്റെയും അടിമകളായി മാറിയിരിക്കുന്നു. പെണ്ണിനും സെക്‌സിനും വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരായി. അന്ധവിശ്വാസവും അനാചാരവും അവര്‍ക്കിടയില്‍ കൊടികുത്തിവാഴുന്നു. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയംഗത്തെ ലഹരിക്കടത്ത് ആരോപണവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്. സൗത്ത് ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ നഗ്‌നദൃശ്യ വിവാദവും ഉയര്‍ന്നു. ഹരിപ്പാട്ട് എസ്.എഫ്.ഐ വനിതാനേതാവിനെ ഡി.വൈ.എഫ്.ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തിയതും ലോക്കല്‍ കമ്മിറ്റിയംഗമായ ഭാര്യയെ ഒഴിവാക്കാന്‍ ഏരിയാ കമ്മിറ്റിയംഗം ആഭിചാര ക്രിയ നടത്തിയതും പാര്‍ട്ടിയുടെ ധാര്‍മിക അധ:പതനത്തിന്റെ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്തുതി പാടാനാണ് യാത്രയിലുടനീളം ഗോവിന്ദനും മറ്റുള്ളവരും സമയം ചെലവഴിച്ചത്. ഇതിനിടയില്‍ മുഖ്യമന്ത്രിയുടെ അവിഹിത ഇടപാടുകളുടെ ധാരാളം കഥകള്‍ പുറത്തു വന്നുകൊണ്ടിരുന്നു. അവയെ പ്രതിരോധിക്കേണ്ട അവസ്ഥയും ഗോവിന്ദനുണ്ടായി. ജാഥ പകുതി പിന്നിട്ടപ്പോഴാണ് സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുണ്ടായത്. വിജേഷ് പിള്ള എന്നയാള്‍ സ്വപ്‌നയെ സമീപിച്ചു മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ 30 കോടി രൂപ നല്‍കാമെന്നു എം.വി ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പറഞ്ഞത്രെ.

ജാഥയുടെ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തില്ലയെന്നതും ചര്‍ച്ചയായിട്ടുണ്ട്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജാഥയില്‍ ഉയര്‍ത്തിയെങ്കിലും മുഖ്യമന്ത്രിയുടെ എല്ലാ അരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറായില്ലയെന്നതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിനു കാരണമായിട്ടുണ്ടാവാം. ലൈഫ്മിഷന്‍ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ വിശ്വസ്തരെ ജാഥക്കിടയില്‍ ഗോവിന്ദന്‍ പല തവണ തള്ളി പറഞ്ഞു. അവര്‍ക്ക് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നു പറഞ്ഞതിലൂടെ മുഖ്യമന്ത്രിയെ പിന്നിലൂടെ കുത്തുകയായിരുന്നു എം.വി ഗോവിന്ദന്‍.

Continue Reading

Video Stories

പേര്‍ഷ്യന്‍/ഇറാനിയന്‍ പുതുവത്സരത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്‌ളും

നവ്‌റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.

Published

on

പേര്‍ഷ്യന്‍/ഇറാനിയന്‍ പുതുവത്സരത്തില്‍ പങ്കുചേര്‍ന്ന് ഗൂഗ്‌ളും. നവ്‌റോസ് എന്നറിയപ്പെടുന്ന പുതുവത്സാരാഘോഷത്തില്‍ ഡൂഡിലൊരുക്കിയാണ് ഗൂഗ്ള്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നത്.

വസന്താരംഭത്തിന്റെ ആദ്യ ദിനമാണ് നവ്‌റോസ്. ഇറാനിയന്‍ സൗര കലണ്ടര്‍ പ്രകാരമാണ് നവ്‌റോസ് ആഘോഷിക്കുന്നത്. ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 21 ആണ് ഈ തിയതി വരിക.

വിവിധ മത വിഭാഗങ്ങള്‍ നവ്‌റോസ് ആഘോഷിക്കാറുണ്ട്. ഹഖാമനി സാമ്രാജ്യകാലത്ത് പ്രാചീന പേര്‍ഷ്യയിലാണ് നവ്‌റോസ് തുടങ്ങിയതെന്ന് കരുതപ്പെടുന്നു. രാത്രിക്കും പകലിനും അന്നു തുല്യദൈര്‍ഘ്യമായിരിക്കും.

2009ല്‍ യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയില്‍ നവ്‌റോസിനെ ഉള്‍പെടുത്തി. 2010ല്‍ ഐക്യരാഷ്ട്ര പൊതുസഭ മാര്‍ച്ച് 21 അന്താരാഷ്ട്ര നവ്‌റോസ് ദിനമായി അംഗീകരിച്ചു.

Continue Reading

Celebrity

ഇന്നസെന്റിന്റെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു

Published

on

ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. നിലവില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഇന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.

Continue Reading

Trending