Connect with us

Video Stories

കേന്ദ്ര സര്‍ക്കാറിന്റെ നീതിയില്ലാത്ത നീതിആയോഗ്

Published

on

സതീഷ്ബാബു കൊല്ലമ്പലത്ത്

നീതി ആയോഗ് പദ്ധതി വഴി നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ നടപടികള്‍ നീതിരഹിതമായാലോ? അതാണ് കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നമ്മുടെ ഭരണകൂടം ഈ വസ്തുത മറച്ചുപിടിച്ചാണ് ബജറ്റും നയങ്ങളും ആവിഷ്‌കരിക്കുന്നത്. ഒട്ടേറെ പേര്‍ വിഷവാതകം അകത്തുചെന്ന് ഹൃദയംപൊട്ടി റോഡില്‍ മരിച്ചുവീഴുന്നു. 24 ശതമാനമാണ് ഇത്തരത്തിലുള്ള മരണം ഇന്ത്യയില്‍ സംഭവിക്കുന്നതെങ്കിലും ഇവ നിയന്ത്രിക്കുന്നതിന് ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ലാതായിപ്പോയി. ഏറ്റവും മലിനീകരിക്കപ്പെട്ട ഇരുപത് നഗരങ്ങളില്‍ പതിനാറെണ്ണം ഇന്ത്യയിലാണ്.
ഇന്ത്യക്ക് മലിനീകരണ നിയന്ത്രണത്തിന് വേറെ ബജറ്റ് ഇല്ല. എല്ലാം ഈ ഒറ്റ ബജറ്റില്‍ വരണം. രാജ്യത്ത് ഓരോ വര്‍ഷവും രണ്ടു മില്യനില്‍ അധികം ആളുകള്‍ വായു മലിനീകരണത്തിന്റെ ഇരകളായി മരിക്കുന്നു. ധനമന്ത്രി ഈ വിവരം അറിയാത്തതുകൊണ്ടല്ല. മറിച്ചുപിടിച്ചതാണ്. ബജറ്റ് അവതരിപ്പിക്കുമ്പോഴും ഡല്‍ഹി പാര്‍ലമെന്റിന് ചുറ്റം മഞ്ഞും പുകയുംകൊണ്ട്മൂടി കറുത്ത വിഷപ്പുക നിറയുകയാണ്. വിഷവായു ശ്വസിച്ച് പത്തില്‍ രണ്ട് ആളുകള്‍വീതം ഹൃദയ വാള്‍വുകള്‍ പൊട്ടി മരിക്കുന്നു. ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കാണിത്. പത്തില്‍ ഒന്‍പതു പേരും ആസ്പത്രിയെ സമീപിക്കേണ്ടിവരുന്നു. ഈ ഗുരുതരമായ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ ബജറ്റില്‍ ഒന്നും ചെയ്തില്ല. 2025 ല്‍ 35 ശതമാനം മലിനീകരണം കുറക്കാമെന്നാണ് പറഞ്ഞത്. ഇന്ന് ജീവിച്ചിട്ടല്ലേ 2025 ലെ കാര്യം. വായുവിനെ ശുദ്ധീകരിക്കുന്നതിന് 2018-19ല്‍ 2200 കോടി ക്ലീന്‍ എനര്‍ജിക്ക്‌വേണ്ടി ബജറ്റില്‍ നീക്കിവെച്ചു. എന്നിട്ട് പത്ത് ശതമാനംപോലും ചെലവഴിക്കാതെ വകമാറ്റി. മാത്രമല്ല കല്‍ക്കരിയുടെ അധിക സെസ് വഴി പിരിഞ്ഞുകിട്ടിയ 54000 കോടി രൂപ ഹരിത ഊര്‍ജ്ജത്തിന് പകരം ജി.എസ്.ടിയുടെ നഷ്ടത്തിലേക്ക് മാറ്റി. 2018-19ല്‍ നീക്കിവെച്ച പണം ഏെതല്ലാം രീതിയില്‍ എത്ര ചെലവിട്ടു എന്ന് പറയാതെ ബജറ്റില്‍ പണം രേഖപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല. അവ ചെലവിടണം. പ്രസ്തുത ആവശ്യത്തിനുവേണ്ടി മാത്രം. 2019-20 ല്‍ പരിസ്ഥിതി മന്ത്രാലയത്തിന് 2954.72 കോടി രൂപ നീക്കിവച്ചതില്‍ വകമാറ്റാതെ ചെലവഴിക്കാന്‍ പറ്റുമോ? ഇല്ല. ഇതൊരു പാഴ് കടലാസ് പുലിയാണ്. ജീവനില്ലാത്ത പുലി. അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ വിമാനമിറങ്ങാന്‍ മടിച്ചു. കാരണം അദ്ദേഹത്തിന് ജീവനില്‍ കൊതിയുണ്ട്. ആരോഗ്യത്തോടെതന്നെ തിരിച്ചു പോകണമെന്ന ആഗ്രഹമുണ്ട്.
മലിനീകരണം കുറക്കുന്നതാണ് ഇലക്‌ട്രോണിക് വാഹനങ്ങള്‍. ഉപഭോക്താക്കള്‍ക്ക് വില കുറച്ച് നല്‍കുന്നതിന് ആവശ്യമായ രീതിയില്‍ ഉത്പാദന വിതരണ സമ്പ്രദായം ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. ഇതിനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. പാരീസ് കരാറില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും 2015 ന് ശേഷം 40 ശതമാനത്തോളം ഇലക്‌ട്രോണിക് വാഹനങ്ങളുടെ വിപണനത്തില്‍ വര്‍ധനവ് ഉണ്ടായി. ഇന്ത്യയില്‍ രണ്ടു ശതമാനത്തിന് മാത്രമേ ഇലക്‌ട്രോണിക് വാഹനങ്ങള്‍ ഉള്ളൂ. ഫയിം സ്‌കീമിന്റെ രണ്ടാം ഘട്ടം എന്ന പേരില്‍ 10000 കോടി രൂപ മാത്രം മാറ്റിവെച്ചിട്ടുണ്ട് ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക്. 2015ല്‍ തുടങ്ങിയ ഫെയിം ഇന്ത്യാ ഫെസ്റ്റിന്റെ മറ്റൊരു പതിപ്പുമാത്രം. അന്ന് 895 കോടി രൂപ മാറ്റിവച്ചു. ഒന്നും ചെയ്തില്ല എന്നു മാത്രമല്ല പിന്നീട് അവതരിപ്പിച്ച നാല് ബജറ്റിലും അവക്ക്‌വേണ്ടി ഒരു പൈസയും നീക്കിവച്ചില്ല. ഇപ്പോള്‍ നീക്കിവച്ച 10000 കോടി കടലാസ് പുലി മാത്രം. നടപ്പാക്കാത്ത നീതി ആയോഗിന്റെ നീതിരഹിതമായ പുതിയ മറ്റൊരു പതിപ്പ് മാത്രം. ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനായി 20,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഒന്നും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനല്ല. മറിച്ച് ഇലട്രോണിക് വാഹന നിര്‍മ്മാതാക്കളുടെ സംഘടനക്ക് പ്രോല്‍സാഹനം നല്‍കാന്‍വേണ്ടി മാത്രമാണ് ഇത്രയും വലിയ സംഖ്യ മാറ്റിവെച്ചത്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ സംഘടന ഇരുപതിനായിരം കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഭീമന്മാരായ ഇത്തരം ബഹുരാഷ്ട്ര സംഘടനകള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക മാത്രമായി ഹരിത ബജറ്റ് എന്ന പേരില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇലക്ട്രോണിക് വാഹനങ്ങളടെ വില മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ട് സാധാരണ വാഹനത്തിന്റെ വിലയും ഇലക്‌ട്രോണിക് വാഹനങ്ങളുടെ വിലയും തമ്മിലുള്ള വ്യത്യാസം നികത്തുന്നതിനുവേണ്ടിയാണ് സബ്‌സിഡി കൊടുക്കുന്നത്. അത് ഉപഭോക്താക്കള്‍ക്കാണ് നല്‍കേണ്ടത്.
മറ്റൊരു കാര്യം, ഈ ബജറ്റില്‍ ഇലക്‌ട്രോണിക് വാഹനങ്ങളിലുള്ള ജി.എസ്.ടി മാത്രമാണ് 12 ശതമാനത്തില്‍നിന്നും അഞ്ച് ശതമാനമാക്കി മാറ്റിയത്. ഇവ പ്രോല്‍സാഹിപ്പിക്കുന്നതിന് 30 ശതമാനം വരെ സബ്‌സിഡി നല്‍കും എന്നാണ് കാലാവസ്ഥാകരാറിന്റ ഭാഗമായി ഉറപ്പ്‌കൊടുത്തിരിക്കുന്നത്. ഇത് പാലിച്ചില്ല ഈ ബജറ്റിലും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രത്യേകിച്ചും പാരീസ് കരാറില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ മൊത്തവും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കിയാണ് വിലയിലുള്ള അസന്തുലിതാവസ്ഥ പരിഹരിച്ച് വിതരണം മെച്ചപ്പെടുത്തിയത്. എന്നാല്‍ ഇതിനൊരു നിര്‍ദ്ദേശവും ഈ ബജറ്റിലില്ല. ശരാശരി 40 മുതല്‍ 50 ശതമാനം വരെ തുക സബ്‌സിഡി നല്‍കിയാണ് എല്ലാ രാഷ്ട്രങ്ങളിലും പാരീസ് കരാറിന് നല്‍കിയ വാഗ്ദാനം നിറവേറ്റിയത്. 2015ല്‍ 15 ശതമാനമായിരുന്നത് കൃത്യമായ ബജറ്റ് അലൂക്കേഷന്‍ വഴി 100 ശതമാനം ഹരിത ഊര്‍ജം ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറിയ രാജ്യമാണ് ഐസ്‌ലാന്‍ഡ്. സ്വീഡന്‍, യു.കെ, നിക്കരാഗ്വോ, ജര്‍മ്മനി, ഡന്‍മാര്‍ക്ക് തുടങ്ങിയ 150 ഓളം രാഷ്ട്രങ്ങളില്‍ ഹരിത ഊര്‍ജ ഉത്പാദനം ശരാശരി 70 ശതമാനത്തില്‍ കവിഞ്ഞു. അതായത് 2022 ആകുമ്പോഴേക്കും 225 ഗിഗാവാട്ട് ഹരിത വൈദ്യുതി ഉത്പാദിപ്പിച്ചാലേ ഈ രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് എത്തു. ഇപ്പോള്‍ വെറും 40 ഗിഗാ വാട്ട് താഴെ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
നാഷണലി ഡിറ്റര്‍മൈന്റ് കോണ്‍ട്രിബ്യൂഷന്‍ (എന്‍.ഡി.സി) എന്ന പേരില്‍ ഓരോ രാജ്യങ്ങളും കാലാവസ്ഥാകരാറിലെ കണ്‍സോര്‍ഷ്യത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കുന്നതിനു വേണ്ടി ഓരോ ബജറ്റും നിര്‍ദ്ദേശിച്ച നടപടികള്‍ എത്രകണ്ട് നടപ്പാക്കിയിട്ടുണ്ടെന്ന് അടുത്ത ബജറ്റില്‍ വിലയിരുത്തും, ചര്‍ച്ച ചെയ്യും. ഇതാണ് ചൈനയുടെയും മറ്റു രാഷ്ട്രങ്ങളുടെയും വിജയത്തിനുപിന്നിലെ രഹസ്യം. നമുക്ക് ഇത് അറിയാഞ്ഞിട്ടല്ല. ബജറ്റില്‍ വകവരുത്തിയ തുകയും ചെലവിട്ട തുകയും തമ്മില്‍ വലിയ അന്തരം കാണും. അതുകൊണ്ടുതന്നെ ഇവിടെ ചര്‍ച്ചയില്ല. ഇത്തരം രാജ്യങ്ങള്‍ ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് 30 ശതമാനം സബ്‌സിഡി കൊടുത്തു. ഇതുകൊണ്ടുതന്നെ ആഗോളതലത്തില്‍ കാലാവസ്ഥാ കരാറിലെ നിര്‍ദ്ദേശം രണ്ടു വര്‍ഷം മുമ്പുതന്നെ നടപ്പാക്കാന്‍ കഴിഞ്ഞ ആദ്യ രാജ്യമായി ചൈന. കാലാവസ്ഥാകരാറില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ ഹരിത ഊര്‍ജത്തിന്‌വേണ്ടി ഏറ്റവും കുറച്ചു പണം നീക്കിവെക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഈ ബജറ്റിലും എന്തെകിലും മാറ്റമുണ്ടാകുമോ എന്നു പ്രതീക്ഷിച്ചു. ഒന്നും ഉണ്ടായില്ല.
ഏറ്റവും വേഗത്തില്‍ കാര്‍ബണ്‍ വിസര്‍ജനം കുറച്ച് കാലാവസ്ഥാ കരാര്‍ ലക്ഷ്യം നേടിയ രാഷ്ട്രമായ ചൈനക്ക് ഒപ്പമെത്താന്‍ ഇന്ത്യയുടെ നീതി ആയോഗിന് കഴിയുമെന്ന് കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതിന്റെ ഒരു സൂചനയും ബജറ്റില്‍ ഇല്ല. ഇന്ത്യയുടെ കാര്‍ബണ്‍ വിസര്‍ജന നിരക്ക് 2019 ല്‍ മാത്രം 4.2 ശതമാനം വര്‍ധിച്ചതിന് മറുപടി നിശബ്ദമായ ചിരി മാത്രമായിരുന്നു പ്രധാനമന്ത്രിക്ക്. ഇന്ത്യയുടെ കാലാവസ്ഥാ വനം പരിസ്ഥിതി വകുപ്പിന് 2018-19 നെ അപേക്ഷിച്ച് 13 ശതമാനം കുറച്ച് ബജറ്റില്‍ അലോക്കേഷന്‍ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യം മറ്റൊന്നുമല്ല. വനങ്ങളുടെ സ്വകാര്യവത്കരിക്കരണ ലക്ഷ്യത്തോടുകൂടി 1927 ലെ ഇന്ത്യന്‍ വനസംരക്ഷണനിയമം ഭേദഗതി ചെയ്യാന്‍ പോകുകയാണ്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ 2019 മാര്‍ച്ച് ഏഴിന് സര്‍ക്കാര്‍ ക്ഷണിച്ചുകഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ ബജറ്റില്‍. ഒന്നും ഇല്ല എന്നു മാത്രമല്ല നിലവിലെ പദ്ധതി വിഹിതം പോലും കുറച്ചു. രാജ്യം മൊത്തം കൊടും വരള്‍ച്ചയെ നേരിടുകയാണ്. ബജറ്റ് അവതരിപ്പിക്കുമ്പോള്‍തന്നെ പെയ്ത മഴയുടെ വലിയൊരു ഭാഗവും ഭൂജല അറകളില്‍ എത്താത്തതിന്റെ ഫലമായി ഡല്‍ഹിയടക്കം കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ ബജറ്റില്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി നീക്കിവെച്ച പണം കുറയ്ക്കുകയാണ് നിര്‍മ്മല സീതാരാമന്‍ ചെയ്തത്. 2018-19ല്‍ 22357 കോടി രൂപ നീക്കിവെച്ച സ്ഥാനത്ത് 2019-20 ബജറ്റില്‍ 20016 കോടിയായി കുറച്ചു. നീതിരഹിത നീതി ആയോഗ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. ബജറ്റിലെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അവ പരിസ്ഥിതി ലക്ഷ്യമായാലും സാമ്പത്തിക ലക്ഷ്യമായാലും സാധാരണക്കാരുടെ ക്രയശേഷിയെ വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇതു വര്‍ധിപ്പിക്കാത്ത ബജറ്റുകള്‍ വെറും കടലാസ് തോണിയായി മാത്രമേ ജനങ്ങള്‍ക്ക് കാണാനാവൂ.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending