ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. നോട്ട് അസാധുവാക്കുന്ന വിവരം ബി.ജെ.പി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും പൂഴ്ത്തിവെപ്പുകാര്‍ക്ക് സര്‍ക്കാര്‍ തീരുമാനം കൊണ്ട് നേട്ടമാണുണ്ടായതെന്നും കെജരിവാള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ച് കൂട്ടിയാണ് കെജരിവാള്‍ ഇക്കാര്യം പറഞ്ഞത്. പഴയ നോട്ടുകള്‍ എടുത്തുകളയുന്നത് നടപടിയില്‍ വന്‍ അഴിമതിയാണ് നടന്നത്,

പുതിയ തീരുമാനത്തിന്റെ പിന്നിലും അത് നടപ്പില്‍ വരുത്തുന്നതും സര്‍ക്കാറിന് പിഴച്ചു. സാധരണക്കാര്‍ക്ക് വന്‍ പ്രതിസന്ധിയാണ് ഇപ്പോള്‍ വന്ന് പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ എന്തുകൊണ്ടാണ് ബാങ്കുകളില്‍ കൂടുതല്‍ നിക്ഷേപം നടന്നത്, മൂന്നുമാസത്തിനിടെ കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് ബാങ്കുകളിലൂടെ നടന്നത് ഇത് സംശയതത്തിനിടയാക്കുന്നു. കള്ളപ്പണക്കാര്‍ക്ക് സര്‍ക്കാറിന്റെ നടപടിയെക്കുറിച്ച് മുന്‍കൂറായി വിവരം ലഭിച്ചുവെന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കെജരിവാള്‍ ആരോപിച്ചു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.