ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് 11 ദിവസം പിന്നിടുമ്പോള്‍ നോട്ട് മാറ്റിയെടുക്കലിന് കൂടുതല്‍ നിബന്ധനകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കു മാത്രമാണ് നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസരം. ബാങ്കുകള്‍ക്ക് സ്വന്തം ഇടപാടുകാരുടെ ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഒരു ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അധ്യക്ഷന്‍ രാജീവ് ഋഷിയാണ് ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടുള്ളവര്‍ക്ക് അതത് ബാങ്കുകളില്‍ ഇടപാടു നടത്തുന്നതിന് തടസ്സമില്ല. നോട്ടു മാറ്റം ഒഴികെയുള്ള എല്ലാ സേവനങ്ങളും ബാങ്കുകളില്‍ നിന്ന് എല്ലാവര്‍ക്കും ഇന്നു ലഭ്യമാകുമെന്നും അസോസിയേഷന്‍ നേതൃത്വം അറിയിച്ചു. അതേസമയം നാളെ ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നോട്ടു പിന്‍മാറ്റം പ്രാബല്യത്തില്‍ വന്നതിനു തൊട്ടു പിന്നാലെയുള്ള കഴിഞ്ഞ ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിച്ചിരുന്നു. മറ്റന്നാള്‍ മുതല്‍ എല്ലാവര്‍ക്കും സാധാരണ രീതിയില്‍ നോട്ട് മാറ്റാനാകും. അതേസമയം ആവശ്യത്തിന് കറന്‍സി ഇല്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടുമാറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു.