തൂണേരി ഷിബിന്‍ വധക്കേസില്‍ നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയാറമ്പത്ത് മുഹമ്മദ് അസ്‌ലമിനെ പട്ടാപകല്‍ വെട്ടിക്കൊന്ന കേസില്‍ തിരക്കിട്ട് സമര്‍പ്പിച്ച കുറ്റപത്രം സി ബി ഐ അന്വേഷണം വരുന്നത ് തടയിടാനുള്ള നീക്കമെന്ന് സൂചന. സംഭവം നടന്ന് ഒരുവര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, അന്വേഷണ ഉദ്യോഗസ്ഥനായ നാദാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോഷി ജോസാണ് ആയിരത്തി ഇരുന്നൂറിലേറെ പേജുള്ള കുറ്റപത്രം ചൊവ്വാഴ്ച വൈകീട്ട് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. 185 സാക്ഷിമൊഴികളും 34 സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും 52 മഹസറുകളും തൊണ്ടി മുതലുകളും കുറ്റ പത്രത്തോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍, കൊലയാളികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ എന്ത് തൊണ്ടി മുതലാണ് സമര്‍പ്പിച്ചതെന്നും വ്യക്തമല്ല. കേസില്‍ ആകെ 16 പ്രതികളാണുള്ളത്. ഇതില്‍ പതിനാലു പ്രതികളെ പോലീസ് അറസ്റ്റു ചെയ്ത് കോടതി റിമാന്റ ് ചെയ്തിരുന്നു. തൊണ്ണൂറു ദിവസത്തിനകം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. മനപ്പൂര്‍വം കുറ്റപത്രം വൈകിപ്പിച്ച് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊലീസ് എന്നാണ് വിമര്‍ശം. കുറ്റപത്രം വൈകിയ സാഹചര്യത്തില്‍ പ്രതികളെല്ലാം ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. തുടക്കത്തില്‍ കേസിന്റെ അന്വേഷണ ചുമതല അന്നത്തെ നാദാപുരം എ എസ് പി ആര്‍ കറുപ്പ സാമിക്കായിരുന്നു . അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നേരായ വഴിയില്‍ അന്വേഷണം നീങ്ങിയതോടെ സി പി എം നേതാക്കള്‍ ഉള്‍പ്പെടെ ഗൂഢാലോചന കേസില്‍ പ്രതിയാവുമെന്ന് സൂചനയുണ്ടായിരുന്നു. കാസര്‍ക്കോട് ജില്ലയിലെ സി പി എം ബ്രാഞ്ച് സെക്രട്ടറി അനില്‍ ബങ്കളയെ അറസ്റ്റ് ചെയ്യുകയും നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തുവിന്റെ വീട് റെയ്ഡ് ചെയ്യുകയുമുണ്ടായി. ഇതോടെ, പാര്‍ട്ടി ഇടപെട്ട് ആഭ്യന്തര വകുപ്പില്‍ സമ്മര്‍ദം ചെലുത്തി അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ അന്വേഷണം സി.പി.എമ്മിന് താല്‍പര്യമുള്ള ചില ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഈ സംഘം അന്വേഷണം ഏറ്റെടുത്തതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. കേസിലെ പ്രധാന പ്രതികളായ രണ്ടു പേര്‍ വിദേശത്തേക്ക് കടന്നുവെന്ന് പറഞ്ഞു ഇവരെ ഒഴിവാക്കിയാണ് കുറ്റപത്രം തയാറാക്കിയത്. എന്നാല്‍ ഈ പ്രതികള്‍ ഇപ്പോഴും നാട്ടിലുണ്ടെന്നാണ് വിവരം. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അതിനാല്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നും കാണിച്ച് അസ്‌ലമിന്റെ മാതാവ് സുബൈദ ഒരാഴ്ച മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് പ്രകാരം കേസ് ഡയറി ഉടന്‍ ഹാജരാകാന്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇത് സര്‍ക്കാരിനും പൊലീസിനും വലിയ ക്ഷീണമാകുമെന്ന തിരിച്ചറിവാണ് തിരക്ക് പിടിച്ച് കുറ്റപത്രം സമര്‍പ്പിക്കാന്‍ കാരണമായത്.
2016 ആഗസ്ത് 12 നാണ് അസ്ലം കൊല്ലപ്പെട്ടത്. വൈകുന്നേരം അഞ്ചു മണിയോടെ സ്‌കൂട്ടറില്‍ വെള്ളൂരിലേക്ക് പോവുകയായിരുന്ന അസ്‌ലമിനെ കോഴിക്കോട് അരക്കിണര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫിന്റെ കെ.എല്‍.13 സെഡ് 9091 നമ്പര്‍ വാടക ഇന്നോവ കാറില്‍ പിന്‍ തുടര്‍ന്നെത്തിയ കൊലയാളി സംഘം ചാലപ്പുറം റോഡില്‍ വെച്ച് കാറിടിച്ചു വീഴ്ത്തി തുരുതുരാ വെട്ടുകയായിരുന്നു. കൊലക്കുപയോഗിച്ച ഇന്നോവ കാര്‍ ആഗസ്ത് പതിനഞ്ചിന് വടകര സഹകരണ ആശുപത്രി പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെടുത്തതോടെയാണ് കേസിനു വഴിത്തിരിവായത്.