എം.കെ. അഷ്‌റഫ്
നാദാപുരം

തൂണേരിയിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയ പറമ്പത്ത് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ പൊലീസ് ലൂക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച മുഖ്യ പ്രതി നാട്ടില്‍ സുഖവാസത്തില്‍. വളയം സ്വദേശിയും സി പി എം ക്രിമിനല്‍ സംഘത്തിന്റെ തലവനുമായ പുഴക്കല്‍ സുമോഹനാണ് 40 കഴിഞ്ഞ ആഴ്ച ഗൃഹ പ്രവേശം നടന്ന പുതിയ വീട്ടില്‍ സുഖമായി കഴിയുന്നത്. അസ്ലമിന്റെ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന സുമോഹന്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്. ലൂക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയതിനാല്‍ നാട്ടിലേക്ക് വരുമ്പോള്‍ വിമാന താവളത്തില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞത്. എന്നാല്‍, മംഗലാപുരം വിമാന താവളം വഴി നാട്ടില്‍ എത്തിയ സുമോഹനെ അറസ്റ്റ് ചെയ്യാന്‍ ഇനിയും കഴിയാത്തത് പോലീസ് സേനക്കാകെ നാണക്കേടായി മാറിയിട്ടുണ്ട്.

രണ്ടു മാസമായി നാട്ടില്‍ കഴിയുന്ന സുമോഹന്‍ വളയം മുതുകുറ്റിയില്‍ നിര്‍മ്മിച്ച വീടിന്റെ ഗൃഹ പ്രവേശം കഴിഞ്ഞ ആഴ്ച വലിയ ആഘോഷമായാണ് നടത്തിയത്. മൂവ്വായിരത്തോളം ആളുകള്‍ പങ്കെടുത്ത ഗൃഹ പ്രവേശത്തിന് നിരവധി സി പി എം നേതാക്കളും എത്തിയിരുന്നു. സുമോഹനെ അറസ്റ്റ് ചെയ്താല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് പാര്‍ട്ടി നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം മടിച്ചു നില്‍ക്കുന്നതത്രെ.

ഗൃഹ പ്രവേശത്തിന് ശേഷം ഇയാളെ പോലീസില്‍ ഹാജരാക്കുമെന്ന് സി പി എം നേതാക്കള്‍ പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അതും സാധ്യമല്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ സുമോഹനെ പിടികൂടാന്‍ പൊലീസിന് കഴിയുമെന്ന് തോന്നുന്നില്ല. ഭരണത്തിന്റെ മറവില്‍ എന്തുമാവാമെന്ന സമീപനത്തിന്റെ ഭാഗമാണ് സുമോഹന്‍ ഇപ്പോഴും സുഖമായി കഴിയുന്നതിലൂടെ വ്യക്തമാകുന്നത്. പോലീസ്- സി പി എം ഒത്തുകളിക്കെതിരെ നാദാപുരത്ത് പ്രതിഷേധം അലയടിക്കുകയാണ്. പട്ടാപ്പകല്‍ നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നടുറോഡില്‍ വെട്ടിനുറുക്കിയ കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും പോലീസിന്റെയും നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് നിയോജക മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ അഹമ്മദ് പുന്നക്കല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സുമോഹനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സുമോഹനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാദാപുരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടക്കും. രാവിലെ പത്തിന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മണ്ഡലം പ്രസിഡണ്ട് കെ എം സമീറും ജനറല്‍ സെക്രട്ടറി സി കെ നാസറും അറിയിച്ചു.