സി.പി സൈതലവി

അപ്പോള്‍ ശരിക്കും ആരാണ് കുഞ്ഞാലിയെ കൊന്നത്? 1960കള്‍ക്കൊടുവില്‍ കേരളത്തെ നടുക്കിയ ഈ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ള ഒറ്റച്ചോദ്യം മതി, ഏത് മിണ്ടാവ്രതത്തിനുള്ളിലും ബാപ്പു ഹാജിയെ ഉണര്‍ത്താന്‍. ഓര്‍മകളെയൊന്നും തിരിച്ചുപിടിക്കാന്‍ ഇനി താനില്ലെന്ന ശാഠ്യത്തിലിരിക്കുമ്പോഴും കുഞ്ഞാലി വധത്തിന്റെ ഉള്ളറകള്‍ തേടിയാല്‍ ബാപ്പു ഹാജി മൗനം വെടിയും. രോഷംകൊള്ളും. അതാണ് സഖാവ് കുഞ്ഞാലിയും ജനാബ് ബാപ്പു ഹാജിയും തമ്മിലെ സ്‌നേഹത്തിന്റെ രസതന്ത്രം. ഒരാള്‍ കൊടുംചുവപ്പ്. മറ്റെയാള്‍ കടുംപച്ച. ഇരുമെയ്യായിരിക്കുമ്പോഴും ഒറ്റക്കരള്‍.

സി.പി.എം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കാളികാവ് പഞ്ചായത്ത് പ്രഥമ പ്രസിഡണ്ടുമായിരുന്ന സഖാവ് കുഞ്ഞാലിക്കും കാളികാവ് മേഖലാ മുസ്‌ലിംലീഗിന്റെ പ്രഥമ പ്രസിഡണ്ടായ എ.പി ബാപ്പു ഹാജിക്കുമിടയില്‍ മതിലുകളില്ലായിരുന്നു. അതിനാല്‍ തന്നെ സഖാവ് കുഞ്ഞാലിക്ക് എന്തു സംഭവിച്ചു എന്ന് ബാപ്പു ഹാജിക്കറിയാം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്നവര്‍ക്കാര്‍ക്കും വഴിയില്‍ മറന്നുവെക്കാനാവില്ല കെ. കുഞ്ഞാലിയുടെ രക്തസാക്ഷിത്വം. സാക്ഷാല്‍ ഇ.എം.എസ് മുഖ്യമന്ത്രിയായിരിക്കെ മാര്‍ക്‌സിസ്റ്റ് എം.എല്‍.എ സ്വന്തം മണ്ഡലത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം.

കെ.സി അബൂബക്കര്‍ മൗലവിയുടെ ഉപമയില്‍ ‘മുരിക്കു പൂത്തപോലെ’ എങ്ങും ചുകപ്പ് രാശിയില്‍നിന്ന നിലമ്പൂരിനെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് അന്ന് കുഞ്ഞാലി. നിലമ്പൂര്‍ മേഖലയിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് പാര്‍ട്ടി വലുതാക്കി. 1957ലെ കമ്യൂണിസ്റ്റ് സെല്‍ ഭരണത്തെക്കുറിച്ച് അന്ന് നിയമസഭയില്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് പറഞ്ഞു: ഏറനാട്ടില്‍ കുഞ്ഞാലിരാജ് ആണ് നടക്കുന്നതെന്ന്. അന്ന് ഉയര്‍ന്നുവരുന്നേയുള്ളൂ ആര്യാടന്‍ മുഹമ്മദ് സംസ്ഥാന രാഷ്ട്രീയത്തില്‍. കോഴിക്കോട് ഡി.സി.സി സെക്രട്ടറിയാണ്. നിലമ്പൂര്‍ ചുള്ളിയോട്ടെ അവറാച്ചന്റെ തോട്ടത്തില്‍ നിന്ന് ഐ.എന്‍.ടി.യു.സിക്കാരായ ഏതാനും തൊഴിലാളികളെ പിരിച്ചുവിട്ട് പകരം സി.പി.എമ്മുകാരെ വെച്ചിരുന്നു. ഈ തര്‍ക്കം സംബന്ധിച്ച് സംസാരത്തിനു വരുമ്പോള്‍ 1969 ജൂലൈ 26ന് രാത്രി ചുള്ളിയോട് അങ്ങാടിയിലെ കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് കുഞ്ഞാലിക്കുനേരെ വെടിയുതിര്‍ത്തെന്നും അതു നെഞ്ചിലേറ്റതാണ് മരണ കാരണമെന്നും സര്‍ക്കാരുംപൊലീസും കയ്യിലുള്ള സി.പി.എം ആണയിട്ടുപറഞ്ഞു. ആര്യാടന്‍ മുഹമ്മദാണ് വെടിവെച്ചതെന്ന് കുഞ്ഞാലിയുടെ മൊഴിയുണ്ടെന്നും. കാളികാവിലേക്കുള്ള വിലാപയാത്രയുടെ മുന്നിലെ അനൗണ്‍സ്‌മെന്റില്‍ വിടപറഞ്ഞ സഖാവിന്റെ അപദാനങ്ങളെക്കാള്‍ കൂടുതല്‍ പറഞ്ഞത് ”സഖാവ് കുഞ്ഞാലിയെ ആര്യാടന്‍ മുഹമ്മദ് വെടിവെച്ചുകൊന്നിരിക്കുന്നു. പ്രതിഷേധിക്കുക; പ്രതികരിക്കുക” എന്നായിരുന്നു. ഗോപാലന്‍ എന്നൊരാളാണ് ആര്യാടന്റെ നിര്‍ദേശപ്രകാരം വെടിവെച്ചതെന്നായി അടുത്ത ദിവസങ്ങളില്‍. ഗോപാലന്‍ താമസിയാതെ വധിക്കപ്പെടുകയും ചെയ്തു. കുറ്റക്കാരല്ലെന്നുകണ്ട് ആര്യാടനുള്‍പ്പെടെ മൊത്തം 37 പ്രതികളെയും കോടതി വെറുതെവിട്ടു.

പാര്‍ട്ടിയിലെ സൃഷ്ടിസംഹാരമൂര്‍ത്തിയായ ഇ.എം.എസ് കേരളം ഭരിക്കുമ്പോള്‍ അധികാരത്തിന്റെ സര്‍വ സന്നാഹങ്ങളും സ്വാധീനത്തിലുള്ളപ്പോള്‍ സ്വന്തം എം.എല്‍.എ, തന്റെ ശക്തികേന്ദ്രത്തില്‍ ജനമധ്യേ തോക്കിനാല്‍ വധിക്കപ്പെട്ടിട്ടും പ്രതികളെക്കുറിച്ച് ‘മരണമൊഴി’യുണ്ടെന്നു പ്രചരിപ്പിച്ചിട്ടും എങ്ങനെയാണ് മുഴുവന്‍ പ്രതികളും കുറ്റക്കാരല്ലാതായത് എന്ന നിലമ്പൂരിലെ പാര്‍ട്ടിക്കാരുടെ തീരാത്ത സംശയത്തിന്റെ ഉത്തരം തന്നു പലവട്ടം ബാപ്പു ഹാജി. ”സംഭവമറിഞ്ഞ് നിലമ്പൂരില്‍ കുതിച്ചെത്തിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഇ.കെ ഇമ്പിച്ചിബാവ ടി.ബിയില്‍ കേമ്പ് ചെയ്ത് എഫ്.ഐ.ആര്‍ ഉള്‍പ്പെടെ കേസിന്റെ കാര്യങ്ങളെല്ലാം ‘വേണ്ടവിധം’ ചെയ്തതാണ്. എന്നിട്ടും പ്രതികള്‍ രക്ഷപ്പെട്ടു. കുഞ്ഞാലിക്കു വെടിയേറ്റു എന്ന തരത്തില്‍ സംഭവത്തിനു മുമ്പും പാര്‍ട്ടിക്കാര്‍ക്കിടയില്‍ കരവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതൊക്കെ കുഞ്ഞാലിയുടെ കാതിലും എത്തിയിരുന്നു. തലപ്പാലിപ്പൊട്ടിയില്‍ നിലമ്പൂര്‍ കോവിലകം വക മൂവായിരം ഏക്കര്‍ ഭൂമി ബിര്‍ള കയ്യേറിയത് കുഞ്ഞാലി കണ്ടുപിടിച്ചു. അഞ്ഞൂറോളം പാര്‍ട്ടിക്കാരെ അവിടെ കയറ്റി കുടില്‍കെട്ടി സമരം തുടങ്ങി. ബിര്‍ള പറഞ്ഞാല്‍ ഇ.എം.എസ് കേള്‍ക്കും. നിലമ്പൂര്‍ കാട്ടിലെ മുള ടണ്ണിന് ഒരു രൂപ നിരക്കില്‍ മാവൂര്‍ കമ്പനി (ഗ്വാളിയര്‍ റയണ്‍സ്)ക്ക് വേണ്ടി വെട്ടാന്‍ ഓര്‍ഡര്‍ കൊടുത്തത് ഇ.എം.എസാണ്. അതേ ഇ.എം.എസ് തന്നെ ബിര്‍ള കുറ്റിയടിച്ച മൂവായിരം ഏക്കറിലെ കയ്യേറ്റക്കാരെ ഇറക്കിവിടാന്‍ പൊലീസിന് കല്പന കൊടുത്തു. മുസ്‌ലിംലീഗിന്റെ പ്രാദേശിക നേതാവും ആത്മമിത്രവുമായ ബാപ്പു ഹാജിയെയും കൂട്ടി ജീപ്പില്‍ കോഴിക്കോട്ടേക്ക് ഒരത്യാവശ്യത്തിന് പോയി മലപ്പുറം വഴി മടങ്ങുമ്പോഴാണ് തലപ്പാലിപൊട്ടിയിലേക്ക് പൊലീസിന്റെ ഒരു പട തന്നെ പുറപ്പെട്ടതറിഞ്ഞത്. കുഞ്ഞാലി മലപ്പുറത്തിറങ്ങി തിരുവനന്തപുരത്തേക്ക് പോയി. ബാപ്പു ഹാജി തനിച്ച് കാളികാവിലേക്കും. കൊത്തിയ പാമ്പിനെകൊണ്ടുതന്നെ കുഞ്ഞാലി വിഷമിറക്കിച്ചു. മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരവ് മാറ്റിയെഴുതിച്ചു. കുഞ്ഞാലിയുടെ ധിക്കാരം അതിരുകടക്കുന്നുവെങ്കിലും വഴങ്ങേണ്ടിവന്നു നമ്പൂതിരിപ്പാടിന്. കുഞ്ഞാലി നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്ക് അറസ്റ്റ് ചെയ്തു കൊണ്ടുപോയ പാര്‍ട്ടിക്കാരെ അതേ പൊലീസ് തലപ്പാലിപ്പൊട്ടിയില്‍ തിരിച്ചെത്തിച്ചു.

ഇന്ത്യയിലെ വ്യവസായ ഭീമനായ ബിര്‍ളക്കുവേണ്ടി ആര്‍.എന്‍ സാബു അതിരുകെട്ടിയ മൂവായിരം ഏക്കര്‍ കൈവിടുമെന്നായി. കുഞ്ഞാലി ജീവിച്ചിരിക്കുന്നത് പലര്‍ക്കും നഷ്ടമായിരുന്നു. പാര്‍ട്ടിക്കകത്തുംപുറത്തും. ആ നഷ്ടം ഒഴിവാക്കാനാണ് കൊന്നത്. ബിര്‍ള കമ്പനിയില്‍നിന്ന് ആയിടക്ക് പിരിച്ചുവിടപ്പെട്ട സലീം എന്ന തിരുവിതാംകൂറുകാരന്‍ കുഞ്ഞാലി കൊലക്കേസില്‍ മൂന്നാംപ്രതിയായിരുന്നു. തോക്ക് ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണയാളെന്ന് പലര്‍ക്കും അറിയാം. ജാമ്യത്തിലിറങ്ങി മുങ്ങിയതാ. ആരും അന്വേഷിച്ചുപോയില്ല. പാര്‍ട്ടിക്കാരുടെ സംശയം ആ വഴിക്ക് നീങ്ങാതിരിക്കാന്‍ ആരൊക്കെയോ കാര്യമായി ശ്രമിച്ചു. 1968 ജൂലൈ 28ന് 43 വയസ്സിലാണ് കുഞ്ഞാലിയുടെ മരണം.

കൊന്നത് ആര്യാടനല്ലായെന്ന് സി.പി.എമ്മുകാര്‍ക്കറിയാം. അതുകൊണ്ടാണ് ഇ.എം.എസ് ജീവിച്ചിരിക്കുമ്പോള്‍തന്നെ നിലമ്പൂരില്‍നിന്ന് ആര്യാടനെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ വാശിമൂത്ത് രംഗത്തിറങ്ങിയത്. നായനാര്‍ മന്ത്രിസഭയിലും ആര്യാടനുണ്ടായി.” അപ്പോള്‍ ആരാണ് യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ തല്‍ക്കാലം മറ്റൊരാളിലേക്കു ശ്രദ്ധ തിരിച്ചുവിട്ടത് എന്ന കേരള രാഷ്ട്രീയത്തിലെയും സി.പി.എം ചരിത്രത്തിലെയും ഉള്ളുപൊള്ളിക്കുന്ന ചോദ്യങ്ങളിലൊന്നാണ് ബാപ്പു ഹാജി ബാക്കിയാക്കുന്നത്.

ആളും അര്‍ത്ഥവും അധ്വാനവുംകൊണ്ട് ആഘോഷമായി ആറു പതിറ്റാണ്ടിലേറെ കിഴക്കനേറനാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനിന്ന ബാപ്പു ഹാജിയിപ്പോള്‍ എല്ലാ ആരവങ്ങളില്‍നിന്നുമകന്ന് അടയ്ക്കാകുണ്ടിലെ വീട്ടില്‍ സദാ പ്രാര്‍ഥനകള്‍ വര്‍ഷിക്കുന്ന ആത്മീയാനുഭൂതിയുടെ മധുരത്തിലാണ്. കയറിവരുന്ന തലമുറകള്‍ക്കും കടന്നുപോകുന്ന കാലത്തിന്റെ പ്രതിനിധികള്‍ക്കും കൂടൊരുക്കുന്ന പ്രയത്‌നത്തില്‍. വാര്‍ധക്യത്തില്‍ ആശ്രയമറ്റവരുടെ ‘ഹിമ’യെന്ന അഭയസ്ഥാനത്തിനും മത-ഭൗതിക വിദ്യയുടെ പുതിയ തീരങ്ങള്‍ തേടുന്ന ഇളം തലമുറകള്‍ക്കുള്ള ബിരുദാനന്തര കേന്ദ്രമായ കാളികാവ് വാഫി പി.ജി ക്യാമ്പസിനും വേണ്ടിയുള്ള സമര്‍പ്പണത്തില്‍.

എന്നും ബാപ്പു ഹാജി തന്റെ കാലത്തെ അമ്പരപ്പിച്ചിട്ടേയുള്ളൂ. അതുപോലെ തന്നെ ജീവിത സായാഹ്‌നത്തിലെ നിലപാടുകളിലും. പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദത്തിനുമൊന്നും ബാപ്പു ഹാജിയിലെ കര്‍ക്കശ സ്വഭാവത്തെ സ്വാധീനിക്കാനാവില്ല. താന്‍ സ്‌നേഹിക്കുന്നവര്‍ക്കു മുന്നില്‍ അതിവേഗം വഴങ്ങുകയും ചെയ്യും. ബാപ്പു ഹാജിയുടെ പിന്തുണ ആവശ്യമുള്ള ഒരു വിഷയത്തില്‍ ഉഭയകക്ഷികള്‍ കാര്യകാരണ സഹിതം നിരത്തിവെക്കുന്ന ന്യായങ്ങളൊന്നും അദ്ദേഹത്തിനു ബാധകമല്ല. പകരം സ്വന്തമായ അന്വേഷണവും നിഗമനങ്ങളുമനുസരിച്ച് തീരുമാനത്തിലെത്തും. അതൊരു പക്ഷേ സഹായം തേടിയവര്‍ ആവശ്യപ്പെട്ടതിലും പതിന്മടങ്ങായിരിക്കും.

ചില സ്ഥാപന സംഘാടകര്‍, ധനസമാഹരണത്തിനു പോകുമ്പോള്‍ അപരിചിത വീടുകളാണെങ്കിലും ചെന്നുകയറിയപാടെ ഒരു പ്രാര്‍ഥന നടത്തുന്ന രീതിയുണ്ട്. അതു ബാപ്പു ഹാജിയുടെ അടുത്ത് പറ്റില്ല. അത്തരക്കാര്‍ക്ക് സംഭാവനയായി ഒരു നയാപൈസപോലും കൊടുത്തുവെന്നും വരില്ല. അതിനു ബാപ്പു ഹാജിയുടെ ന്യായമുണ്ട്. ആദ്യം കാര്യമെന്താണെന്നു പറയട്ടെ. എന്നിട്ടല്ലേ ദുആയും വസിയ്യത്തുമൊക്കെയെന്ന്.

ഇങ്ങനെ തര്‍ക്കിച്ചും വിയോജിച്ചും ഉള്ളാലെ സ്‌നേഹിച്ചുംപോന്ന ഒരു സംശുദ്ധ ജീവിതത്തിന്റെ ഏറനാടന്‍ മുദ്രയാണ് ബാപ്പു ഹാജി. സംഭാഷണമുടനീളം ഗൗരവഭാവത്തിലായിരിക്കുകയും സലാം പറഞ്ഞിറങ്ങുമ്പോള്‍ കണ്ണുനിറച്ചു മന്ദഹസിക്കുകയും ചെയ്യുന്ന ഒരു പച്ചമനുഷ്യന്‍. രാഷ്ട്രീയവും നായാട്ടും നാടുചുറ്റലുമായി നടക്കുമ്പോഴും മതനിഷ്ഠ പാലിക്കാന്‍ ശ്രദ്ധിച്ചുപോന്ന ജീവിതം. അടയ്ക്കാകുണ്ട് മലവാരത്തിന്റെ ഏറിയ പങ്കും കൈവശമായിരുന്ന വീട്ടിലെ ‘ഒറ്റ മോനായി’ ജീവിച്ച സമ്പന്നതയിലും നോമ്പുനോറ്റ് കന്നുപൂട്ടിയും കളപറിച്ചും നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്കൊപ്പം കഠിനാധ്വാനം തൊട്ടറിഞ്ഞു. കൗമാരം തുടങ്ങുമ്പോഴേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി. മുസ്‌ലിംലീഗിനു വേരില്ലാതിരുന്ന കാളികാവ് മേഖലയില്‍ പച്ചക്കൊടിയുടെ ഉശിരായി ബാപ്പു ഹാജി മാറി. തന്റെ പതിനാലാം വയസ്സില്‍ കാളികാവ് അങ്ങാടിയില്‍ കെ.എം സീതി സാഹിബ് ചെയ്ത പ്രസംഗമാണ് തന്നെ മുസ്‌ലിംലീഗുകാരനാക്കിയത്. ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ നിര്‍ബന്ധബാധ്യതയാണ് മുസ്‌ലിംലീഗില്‍ പ്രവര്‍ത്തിക്കല്‍ എന്ന് സ്ഥാപിക്കുന്ന പ്രസംഗമായിരുന്നു അത്: 1948 കാലമാണ്. ‘മുസ്‌ലിംകള്‍ പാക്കിസ്താനില്‍ പോവുക’ എന്നു പറയുന്നവര്‍ അന്നുമുണ്ടായിരുന്നു. അതിനു മൗനാനുവാദംകൊടുത്ത ചില നേതാക്കന്മാരും. ‘രാജ്യദ്രോഹി’ വിളിയാണ് അന്നും. അപ്പോഴാണ് സീതിസാഹിബ് കാളികാവ് അങ്ങാടിയില്‍വന്നു പ്രസംഗിച്ചത്. ഇവിടെ ഒരു ഉറുമ്പിനോടുപോലും പാക്കിസ്താനില്‍ പോകാന്‍ പറയാന്‍ രാജ്യം അത്തരക്കാര്‍ക്ക് തീറെഴുതിയിട്ടൊന്നുമില്ല. ഇവിടെ ജനിച്ചവര്‍ ഇവിടെ തന്നെ ജീവിക്കും. ഇവിടെ മരിക്കും. അതൊരു ‘ആണ്‍കുട്ടി’ പറയുന്ന വര്‍ത്തമാനമാണ്. അതൊക്കെയാണ് ധൈര്യം. അന്നു സി.ഐ.ഡികള്‍ ലീഗ് നേതാക്കളുടെ പിന്നാലെയുണ്ട്. അന്നുമുതല്‍ മുസ്‌ലിംലീഗിന്റെ ഓരോ സംഗതിക്കും ഞാന്‍ മുന്നില്‍തന്നെയുണ്ട്.

പാണക്കാട് പൂക്കോയ തങ്ങള്‍, നീലാമ്പ്ര മരക്കാര്‍ ഹാജി, എന്‍.വി അബ്ദുസലാം മൗലവി, മാനു കുരിക്കള്‍ തുടങ്ങി ഒരുപാട് ആളുകളെ പൊലീസ് ജയിലിലിട്ടു. ഒരാളും മുസ്‌ലിംലീഗില്‍നിന്ന് പേടിച്ച് പിന്മാറിയില്ല. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ ഒരു വന്‍മരമായിരുന്നു. അതു സമുദായത്തിന്റെ തണലായിരുന്നു. കാളികാവിലെ എല്ലാ ഭാഗത്തും കൊണ്ടുവന്നിട്ടുണ്ട്. സി.എച് ഒരു സിംഹക്കുട്ടിയായിരുന്നു. ഇടിവെട്ടി മഴ പെയ്യുമ്പോലെയാണ് ആ പ്രസംഗം. പോക്കര്‍ സാഹിബ് പാലക്കാട് പ്രസംഗിച്ചു: ഭരണഘടന പറയുമ്പോലെ മുസ്‌ലിംലീഗ് പ്രവര്‍ത്തിക്കുന്നതിനെതിരെ പണ്ഡിറ്റ് നെഹ്‌റു പറഞ്ഞാലും പുല്ലോളം വകവെക്കില്ലെന്ന്. ആ പ്രസംഗം കേള്‍ക്കാന്‍ കെ.ടി മാനു മുസ്‌ലിയാരും വന്നിട്ടുണ്ട്. ബാപ്പു കുരിക്കളായിരുന്നു ഏറനാടിന്റെ നേതാവ്. പുല്ലങ്കോട് ഭാഗത്ത് മുസ്‌ലിംലീഗിന്റെ യോഗം നടത്താന്‍പോലും സമ്മതിക്കാത്ത കാലമുണ്ടായിരുന്നു. ചാക്കീരി അഹമ്മദ്കുട്ടി സാഹിബ് ഇറങ്ങിയാണ് ആ സുഖക്കേട് മാറ്റിയത്. ചാക്കീരി വിദ്യാഭ്യാസ മന്ത്രിയാകുമ്പോള്‍ വിളിച്ചുവരുത്തി ഏല്‍പിച്ചതാ അടക്കാകുണ്ടിലെ സ്‌കൂള്‍. (ഇന്ന് പഠനത്തിലും ഇതരരംഗത്തും കിഴക്കനേറനാട്ടിലെ പ്രശസ്തമായ ക്രസന്റ് ഹൈസ്‌കൂള്‍). ബാപ്പു കുരിക്കള്‍ പോയപ്പോള്‍ ആ റോളില്‍ പിന്നെ പി. സീതിഹാജിയായി. സുലൈമാന്‍ സേട്ട് സാഹിബിനെയും സി.എച്ചിനെപോലെ ഇഷ്ടമായിരുന്നു. പക്ഷേ മുസ്‌ലിംലീഗ് വിട്ടതോടെ ബന്ധം നിലച്ചു. ശിഹാബ് തങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ജനങ്ങള്‍.

ശിഹാബ് തങ്ങള്‍ പ്രസിഡണ്ടായ ഉടനെ കാളികാവില്‍ സ്വീകരണം കൊടുത്തിരുന്നു. അതിലും മുമ്പ് ചെറുപ്പത്തിലേ തമ്മില്‍ അടുപ്പമാണ്. തങ്ങളുമൊത്ത് സ്റ്റുഡിയോക്കാരെക്കൊണ്ട് എടുപ്പിച്ച ഫോട്ടോ കാണിച്ചുതന്നു. എന്തു കാര്യത്തിനും ശിഹാബ് തങ്ങളുടെ തീരുമാനമായിരുന്നു അവസാനത്തേത്. ഇന്നത് ആറ്റപ്പു (സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍)വാണ്.

സമസ്തയിലെ ഭിന്നിപ്പ് കാലത്ത് ആദ്യമുശാവറ യോഗം നടക്കുന്നിടത്തേക്ക് മാര്‍ക്‌സിസ്റ്റ് എം.എല്‍.എ സി.പി കുഞ്ഞുവിന്റെ നേതൃത്വത്തില്‍ ഇരച്ചുകയറാന്‍ ശ്രമമുണ്ടായി. ബാപ്പു ഹാജിയും എം.പി.എം ശരീഫ് കുരിക്കളുമാണ് കോണിപ്പടിയില്‍നിന്നു തടുത്തത്.

കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല, കെ.വി. കൂറ്റനാട്, കെ.ടി. മാനു മുസ്‌ലിയാര്‍, ചെറുശ്ശേരി തുടങ്ങിയവരെല്ലാം അകത്തുണ്ടായിരുന്നു. യോഗം തീരുംവരെ അവരാരും ഈ ബഹളമൊന്നുമറിഞ്ഞില്ല. കെ.ടി മാനു മുസ്‌ലിയാരുടെ അകമ്പടിയായി ബാപ്പു ഹാജിയും കരുവാരകുണ്ടിലെ പി. അബ്ദുല്ലപ്പു ഹാജിയും സദാ ഉണ്ടാകും. ശിഹാബ് തങ്ങളും മാനു മുസ്‌ലിയാരും അബ്ദുല്ലപ്പു ഹാജിയും പോയി. പിന്നെ കൂടെയുണ്ടായിരുന്ന പി. കുഞ്ഞാണി മുസ്‌ലിയാരും സുലൈമാന്‍ ഫൈസിയും. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്.” പക്ഷേ എന്റെ മക്കളുണ്ട് ഒപ്പം. സന്താനലബ്ധിയില്ലാത്ത ബാപ്പു ഹാജി വാഫി പി.ജി കാമ്പസിലെ നൂറുകണക്കിനു മക്കളെ ചൂണ്ടി പറഞ്ഞു. അവര്‍ എല്ലാ വൈകുന്നേരവും സലാം ചൊല്ലി അടുത്തുവരും പ്രാര്‍ത്ഥിക്കും. ഈ ഭാഗ്യം എനിക്കു തന്നത് ആറ്റപ്പുവാണ്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെക്കുറിച്ച് പറഞ്ഞു. വാഫി വിദ്യാഭ്യാസ പദ്ധതിയുടെ ശില്പി ഹക്കീം ഫൈസി ആദൃശ്ശേരി വിശദീകരിച്ചു: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞാല്‍ ബാപ്പു ഹാജിക്ക് പിന്നെ അപ്പീലില്ല. പരമ്പരാഗതമായി ലഭിച്ച കോടിക്കണക്കിലുറുപ്പികയുടെ ഭൂസ്വത്ത് തന്റെ പരലോക ഗുണത്തിനായി ഒരു നല്ല പദ്ധതിക്ക് നല്‍കണമെന്ന് പലപ്പോഴും തങ്ങളോട് ആഗ്രഹം പറഞ്ഞു. പൊതു പ്രവര്‍ത്തനത്തിനു നല്ലൊരു പങ്ക് നല്‍കി. വീടും വിദ്യാഭ്യാസവും വിവാഹ സഹായവുമായി പലരെയും തുണച്ചു. ഏറനാട്ടില്‍ മുസ്‌ലിംലീഗ് സംഘാടനത്തിലും ‘സമസ്ത’ പ്രവര്‍ത്തനങ്ങള്‍ക്കും കരുത്ത് പകര്‍ന്നു.

വാഫി ബിരുദം കഴിഞ്ഞിറങ്ങുന്ന ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര പഠനത്തിന് മതിയായ സൗകര്യങ്ങളില്ലാത്ത സങ്കടം ഹക്കീം ഫൈസി തങ്ങളുമായി പങ്കുവെച്ചപ്പോള്‍ ബാപ്പു ഹാജിയെ കാണാന്‍ പറഞ്ഞു. വാഫി പദ്ധതി മനസ്സിലാക്കാന്‍ ബാപ്പു ഹാജി പലവട്ടം വളാഞ്ചേരി മര്‍ക്കസിലും മറ്റും യാത്ര ചെയ്തു. കൂടിക്കാഴ്ചകള്‍ നടത്തി. അഞ്ചു ഏക്കര്‍ സ്ഥലമാണ് ആഗ്രഹമെന്ന് തങ്ങള്‍ പറഞ്ഞു. 15 ഏക്കര്‍ നല്‍കാമെന്ന് ബാപ്പു ഹാജിയുടെ മറുപടി. വിപണിവിലയില്‍ അനേക കോടിയുടെ സ്വത്ത്. വളരെ വേഗം പണി ആരംഭിക്കണമെന്നായിരുന്നു നിബന്ധന. ബഹുനില മന്ദിരങ്ങളായി ന്യൂതനപഠനങ്ങളായി അതു പാലിച്ചപ്പോള്‍ വേറെയും സഹായവാഗ്ദാനം. ഇതിനെക്കുറിച്ച് ഒറ്റ വാചകമാണ് ബാപ്പു ഹാജിക്കുള്ളത്. ”ആറ്റപ്പു ചോദിച്ചു. ഞാന്‍ കൊടുത്തു.”
വീടിന്റെ വരാന്തയില്‍ കട്ടിലിലിരുന്ന് വാഫി സന്തതികളുടെ പഠനവും സഞ്ചാരവുമാസ്വദിച്ച് ബാപ്പു ഹാജി നിര്‍വൃതി കൊള്ളുന്നു.

‘ഹിമ’ എന്ന ശരണാലയം ബാപ്പു ഹാജിയുടെ മനസ്സില്‍ ഒരു വന്‍മരമായി വളരുമ്പോള്‍ ആശങ്കകള്‍ പലതായിരുന്നു. ബന്ധുക്കളാല്‍ പെരുവഴിയിലുപേക്ഷിക്കപ്പെട്ടവര്‍ക്ക് അവരവരുടെ വിശ്വാസധാരയില്‍ വൃത്തിയോടെ ജീവിക്കാന്‍ ശുശ്രൂഷ ലഭിക്കാന്‍ ഒരു കേന്ദ്രം. പതിവ് വൃദ്ധസദനമാകരുത്. അതിനായി സലാം ഫൈസി ഇരിങ്ങാട്ടിരി, ഫരീദ് റഹ്മാനി, നൗഷാദ് പുഞ്ച, ഡോ. റഷീദ് അഹമ്മദ്, ഇടയ്‌ക്കെല്ലാം സലാം ഫൈസി ഒളവട്ടൂര്‍ തുടങ്ങിയവരുമൊത്ത് പല ദിക്കിലും സഞ്ചരിച്ചു. അനേകം സ്ഥാപനങ്ങള്‍ കണ്ടു. ഒടുവില്‍ 2014 ഫെബ്രുവരില്‍ ‘ഹിമ’യുടെ ശിലാസ്ഥാപനം മുഖ്യരക്ഷാധികാരി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥിച്ചു. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും ചെയ്തു.

ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു പരിചാരകരും ക്ലിനിക്കുമെല്ലാമുള്ള ഒരു ടൂറിസ്റ്റ് വില്ലേജ് പോലെ ‘ഹിമ’ സ്‌നേഹത്തിന്റെ മഞ്ഞുവീഴ്ത്തുന്നു. ജീവിതപ്പെരുവഴിയില്‍നിന്ന് രാജസിംഹാസനത്തിലേക്കെന്നപോലെ അഗതികളില്‍ അഭയത്തിന്റെ ആഹ്ലാദം തുടിക്കുന്നു.

മൂന്ന് ഏക്കര്‍ ഭൂമിയും കെട്ടിടനിര്‍മാണത്തിനായി ഒരു കോടി രൂപയും ബാപ്പു ഹാജി ‘ഹിമ’ എന്ന സ്വപ്‌നത്തിനു നീക്കിവെച്ചു. ഏതോ കുടുംബങ്ങളുടെ നീരസങ്ങളില്‍, ജീവിത നൈരാശ്യങ്ങളില്‍ തെരുവിലെറിയപ്പെട്ട 32 അന്തേവാസികള്‍ ഹിമയുടെ നന്മയായി ഇപ്പോഴുണ്ട്. നൂറു വൃക്ക രോഗികള്‍ക്കെങ്കിലുമുതകുന്ന ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള വന്‍പദ്ധതികള്‍ ഹിമയുടെ മുറ്റത്തുയരുന്നു. സപ്തതി കഴിഞ്ഞ മാലതിയമ്മയും പാത്തുമ്മയും ദേവനാരായണനുമെല്ലാം ബാപ്പു ഹാജിയുടെ ‘ഹിമ’കണങ്ങളില്‍ സുഖസുഷുപ്തി കൊള്ളുന്നു. ദശകങ്ങള്‍ കാളികാവ് പഞ്ചായത്ത് പ്രസിഡണ്ടായപ്പോള്‍ പഞ്ചായത്തിനാസ്ഥാനവും എങ്ങും വെള്ളവും വെളിച്ചവുമായി. നാലു പതിറ്റാണ്ടിലേറെ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ടായപ്പോള്‍ പാര്‍ട്ടി ആസ്ഥാനങ്ങള്‍ ഉയര്‍ന്നു. കാളികാവ് സഹകരണ ബാങ്കിനെ ‘ബാപ്പു ഹാജിയുടെ ബാങ്ക്’ എന്നു നാട്ടുകാര്‍ വിളിച്ചു. പതിറ്റാണ്ടുകള്‍ മുസ്‌ലിംലീഗിന്റെ നിലമ്പൂര്‍ മണ്ഡലം പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കൗണ്‍സിലറുമായി. പ്രഭാഷകരെയും എഴുത്തുകാരെയും ഇഷ്ടപ്പെട്ടു. അവരെത്തേടി ഏതു മലകയറിയും ചെന്നു. തനിക്കു പ്രിയപ്പെട്ട വിഷയത്തിലോ താനിഷ്ടപ്പെടുന്ന എഴുത്തുകാരന്റെയോ പുസ്തക പ്രകാശനം അറിഞ്ഞാല്‍ അതിന്റെ സങ്കേതത്തിലേക്ക് വാഹനമെടുത്ത് പോയി സ്വന്തമാക്കും. ഒരു പത്തു കോപ്പിയെങ്കിലും വിലക്ക് വാങ്ങി വായിക്കുന്നവര്‍ക്ക് സമ്മാനിക്കും. ഇതേ ആഹ്ലാദം നായാട്ടിലും കാളപൂട്ടിലും സമ്മേളനങ്ങള്‍ക്ക് പോകുന്നതിലും. അസ്സല്‍ ഏറനാടന്‍ മാപ്പിള. എട്ടര പതിറ്റാണ്ടോളമായ ബാപ്പു ഹാജിയുടെ ജീവിതം ചരിത്രത്തിലെ എണ്ണമറ്റ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാണ്.