അഹമ്മദാബാദ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹുവിന് അഭിവാദ്യം അര്‍പ്പിക്കാന്‍ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിനു സമീപം എത്തിയ ജൂതര്‍ നിരാശരായി മടങ്ങി. നതന്യാഹു വരുന്നതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിയ 50ലധികം ജൂതരാണ് നതന്യാഹു തിരിഞ്ഞു നോക്കാത്തതിനെതുടര്‍ന്ന് നിരാശരായത്.പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് നതന്യാഹു സബര്‍മതി സന്ദര്‍ശിച്ചത്. തിരിച്ചു വരും വഴി നതന്യാഹുവിനെ അഭിവാദ്യം ചെയ്യാനായി ജൂതര്‍ സംഘംചേര്‍ന്ന് പ്രത്യേക സ്ഥലത്ത് കാത്തുനില്‍ക്കുകയായിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ ഇവര്‍ സ്ഥലത്ത് തമ്പടിച്ചിരുന്നെങ്കിലും സബര്‍മതി സന്ദര്‍ശനം പൂര്‍ത്തിയാക്കി 11 മണിയോടെയാണ് മോദിയും നതന്യാഹുവും മടങ്ങിയത്. വാഹനങ്ങള്‍ വരുന്നത് കണ്ട് ഇവര്‍ കൈവീശി കാണിച്ചെങ്കിലും, കാറിന്റെ വേഗത കുറയ്ക്കാനോ, വാഹനത്തിനകത്തിരുന്ന് പോലും പ്രത്യഭിവാദ്യം ചെയ്യാനോ നതന്യാഹു തയ്യാറായില്ല. രണ്ട് പ്രധാനമന്ത്രിമാരും ഒരേ പോലുള്ള വാഹനങ്ങളില്‍ സഞ്ചരിച്ചതിനാല്‍ നതന്യാഹു ഏത് വാഹനത്തിലാണെന്ന് അറിയാന്‍ പോലും പലര്‍ക്കും കഴിഞ്ഞതുമില്ല. ഇതാണ് പലരേയും നിരാശപ്പെടുത്തിയത്. സ്ഥലത്തെത്തിയ ടെലിവിഷന്‍ ചാനലുകളുമായും ഇവര്‍ നിരാശ പങ്കുവെച്ചു.