ഗുജറാത്തിലെ തെരുവുകളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വാഗതമോതിക്കൊണ്ടുള്ള കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍. കുട്ടികള്‍ ഹീബ്രു ഭാഷയില്‍ സംഗീതമാലപിക്കുകയും ഇസ്രാഈലിന്റെ പതാകകള്‍ വീശി അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്യുന്നു. ഔപചാരികതകളൊന്നും മാനിക്കാതെ ആതിഥേയത്വമരുളാന്‍ രാജ്യത്തെ പ്രധാനമന്ത്രി പോലും പ്രത്യേക താല്‍പര്യം കാണിക്കുന്നു. ഇസ്രാഈല്‍ പ്രസിഡണ്ട് ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ഇന്ത്യ സന്ദര്‍ശിച്ചതു മാത്രമല്ല വാര്‍ത്തകളില്‍ നിറയുന്നത്, ഇന്ത്യ കാണിക്കുന്ന അമിത താല്‍പര്യത്തിലെ നിഗൂഢതകളിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണുകളെത്തുന്നത്. മനപ്പൊരുത്തമുള്ളൊരു വധുവിനെ കിട്ടിയ നിര്‍വൃതിയിലായിരുന്നു ഡല്‍ഹിയിലെ അധികാര കോവിലകങ്ങള്‍. ഇസ്രാഈലിനെയും ആ രാജ്യത്തിന്റെ നേതൃത്വത്തെയും പുണരാന്‍ ഇന്ത്യ കാണിക്കുന്ന അമിതാവേശം എന്തു സന്ദേശമാണ് നല്‍കുന്നത്.
ഇന്ത്യന്‍ ഫാസിസവും സയണിസവും തമ്മിലെ ആദര്‍ശ ബന്ധമാണ് ഈ സന്ദര്‍ശത്തിലും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. ഫാസിസം പോലെ തന്നെ പ്രതിലോമകരമായ പ്രതിഭാസമാണ് സയണിസവും എന്ന് അനുഭവിച്ചറിയുകയാണ് ലോകം. രാഷ്ട്രീയ ദാര്‍ശനിക എഴുത്തുകാര്‍ രണ്ടും ഒരുപോലെ ഉപയോഗിച്ചുവരുന്നു. ഒരിക്കല്‍ തങ്ങളുടെ പിതൃസ്വത്തായിരുന്ന ഭൂ പ്രദേശം കയ്യേറിയവരില്‍ നിന്നും വീണ്ടെടുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞ സങ്കല്‍പ്പവും വന്നവര്‍ ഇവിടെത്തന്നെയുള്ളവര്‍ എന്ന വേര്‍തിരിവിന്റെ അടിസ്ഥാനത്തിലുള്ള സങ്കല്‍പ സിദ്ധാന്തങ്ങളും ഒരുമിക്കുന്ന രാഷ്ട്രീയ കാഴ്ചകളാണ് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നതെന്നു പറയാം. മധ്യ പൗരസ്ത്യ നാടുകളിലെ സയണിസവും യൂറോപ്പിലെ നിയോനാസിസവും പല ഘട്ടങ്ങളിലും ഒരുമിച്ചാണ് മുന്നോട്ട്‌പോകുന്നത്. ഇന്ത്യയില്‍ സംഘ്പരിവാരം പ്രചരിപ്പിക്കുന്ന അതിരുവിട്ട ദേശീയതാവാദത്തിലും ഒളിഞ്ഞിരിക്കുന്നതു മറ്റൊന്നല്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇസ്രാഈലിനെതിരായി വോട്ടു ചെയ്യേണ്ട പല ഘട്ടങ്ങളുമുണ്ടായപ്പോള്‍ ഇന്ത്യ അതില്‍ നിന്നും വിട്ടുനില്‍ക്കുകയാണുണ്ടായത്. ഇസ്രാഈലുമായുള്ള ഇന്ത്യയുടെ ബന്ധം ഊഷ്മളമാകാന്‍ ആരംഭിക്കുന്നത് നവ ഉദാരീകരണത്തിലേക്ക് ഇന്ത്യ പ്രവേശിക്കുന്നതോടെയാണ്. ദേവഗൗഡ സര്‍ക്കാര്‍ ഇസ്രാഈലുമായി ബാരക്ക് മിസൈല്‍ കരാര്‍ ഒപ്പിടുകയും അതിലൂടെ പ്രതിരോധ മേഖലയിലെ പുതിയ കൂട്ടുകെട്ടിന് തുടക്കം കുറിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകളും ആ സര്‍ക്കാറിന്റെ ഭാഗമായിരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. മാത്രമല്ല ആഭ്യന്തര വകുപ്പിന്റെയത്ര തന്നെ പ്രാധാന്യമുള്ള ഒരു മന്ത്രിസ്ഥാനവും അവര്‍ക്കുണ്ടായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ഇസ്രാഈലുമായുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചു. ആ സമയത്താണ് നരഭോജി എന്നറിയപ്പെടുന്ന ഇസ്രാഈല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഒരു ഇസ്രാഈല്‍ പ്രധാനമന്ത്രി ആദ്യമായി ഇന്ത്യ സന്ദര്‍ശിക്കുന്നത് അന്നായിരുന്നു.
ജൂതന്മാരെ ഇസ്രാഈല്‍ ഭൂമിയില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട കാലം മുതല്‍ ഇന്ത്യ ആ ജനതക്ക് അഭയവും ആശ്വാസവും പകര്‍ന്നത് വസ്തുതയാണ്. ജൂതന്മാര്‍ എത്തിപ്പെട്ട ലോകത്തിന്റെ മിക്ക ദിക്കുകളിലെയും ജനങ്ങള്‍ അവരോട് വെറുപ്പ് പ്രകടിപ്പിക്കുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ അന്നും ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവര്‍ക്കനുകൂലമായിരുന്നു. കൊച്ചിയില്‍ പോലും ജൂതന്മാര്‍ നിര്‍ഭയരായി ആരാധനകള്‍ നിര്‍വഹിച്ചു പോരുന്നതും അങ്ങനെയാണ്. അതേസമയം ചരിത്രം ക്രൂരമെന്നും മനഃസ്സാക്ഷിക്ക് നിരക്കാത്തതെന്നും വിശേഷിപ്പിക്കപ്പെട്ട ഇസ്രാഈലിന്റെ അധിനിവേശത്തെയോ ആ രാജ്യം സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളെയോ ഇന്ത്യ അത്ര പെട്ടെന്ന് പിന്തുണച്ചിരുന്നില്ല. ഇസ്രാഈലിനോടുള്ള അമിത ചങ്ങാത്തം അറബ് രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നും എണ്ണയുടെ ദൗര്‍ബല്യമായിരിക്കും അതിന്റെ തിക്ത ഫലമെന്നും ഇന്ത്യന്‍ രാഷ്ട്രീയം മനസ്സിലാക്കിയിരുന്നു. ഇസ്രാഈല്‍ രാജ്യം 1948ല്‍ നിലവില്‍ വന്നിട്ടും പൂര്‍ണ്ണ തോതിലുള്ളൊരു നയതന്ത്ര ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാന്‍ 1992 ല്‍ മാത്രമാണ് സാധിച്ചത്.
സമീപകാല പ്രശ്‌നങ്ങളില്‍ ഇസ്രാഈലിന്റെ നടപടികളോടുള്ള എതിര്‍പ്പ് ലോക രാജ്യങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതാണ്. അക്കാര്യത്തില്‍ അമേരിക്കയുടെ വിരട്ടല്‍ വാദങ്ങള്‍ പോലും ആരും ചെവിക്കൊണ്ടില്ല. ജറൂസലേമിലേക്കുള്ള ഇസ്രാഈലിന്റെ തലസ്ഥാന മാറ്റത്തെ പിന്തുണക്കാനുള്ള അമേരിക്കന്‍ ആഹ്വാനത്തിനെതിരെ ലോകം ഒന്നിച്ചു നിന്നാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഈ രാഷ്ട്രീയാന്തരീക്ഷത്തിലാണ് നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ദുര്‍ഗന്ധം വമിക്കുന്നത്. കാരണം ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്കെതിരായ നിലപാടാണ് ഇന്ത്യ എടുത്തിരുന്നത്. എന്നിട്ടും ഈ നിലപാടിന്റെ പേരില്‍ ഇന്ത്യയുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ ഇസ്രാഈലും ആഗ്രഹിക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നൂറ്റാണ്ടുകളായുള്ള ബന്ധങ്ങളില്‍ വിള്ളലേല്‍പ്പിക്കാനില്ലെന്ന് പറഞ്ഞായിരുന്നു ഇരു രാജ്യങ്ങളും പ്രതിരോധം തീര്‍ത്തത്. അഥവാ ഏറ്റവും നല്ല ഉപഭോക്തൃ രാജ്യമായ ഇന്ത്യയെ പിണക്കാന്‍ ഇസ്രാഈല്‍ താല്‍പര്യപ്പെടുന്നില്ല.
ഇന്ത്യക്ക് ഇസ്രാഈലുമായി നയതന്ത്രപരവും രാഷ്ട്രീയപരവുമായ ബന്ധങ്ങളുണ്ട്. ഇന്ത്യയുടെ ആയുധ ശേഖരത്തില്‍ നാല്‍പത് ശതമാനവും ഇസ്രാഈലില്‍ നിന്നും വാങ്ങിയതാണ്. സാമ്പത്തിക, പ്രതിരോധ, നയതന്ത്ര രംഗങ്ങളില്‍ ഇരു രാജ്യങ്ങളും ഏറെ കാലമായി ഇടപാടുകള്‍ നടത്തിവരുന്നു. ഇസ്രാഈലിന്റെ ഏറ്റവും വലിയ ആയുധ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയിലേക്ക് ആയുധ വിതരണം നടത്തുന്ന രണ്ടാമത്തെ ശക്തിയുമാണ് ഇസ്രാഈല്‍. 9 ബില്യണ്‍ ഡോളറിലധികം വരുന്നതാണ് 1999 മുതല്‍ 2009 വരെയുള്ള കാലയളവില്‍ ഇന്ത്യ വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ കണക്ക്. സൈബര്‍ സുരക്ഷ മുതല്‍ ഹോമിയോ ഗവേഷണം വരെയുള്ള ഒമ്പത് മേഖലകളിലാണ് ഇത്തവണത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും രാജ്യങ്ങള്‍ക്കുമിടയിലെ വിസാ നടപടികള്‍ എളുപ്പമാക്കാനുമുള്ള ശ്രമങ്ങളും ഇരുഭാഗത്തു നിന്നുമുണ്ടാകണമെന്നും ധാരണയായി. ഐ.ടി രംഗത്തുള്ളവര്‍ക്കാണ് വിസാ നടപടികള്‍ കൂടുതല്‍ എളുപ്പമാക്കേണ്ടതെന്ന ആവശ്യവുമുയര്‍ന്നിരുന്നു. പ്രതിരോധ രംഗത്തെ സഹകരണങ്ങള്‍ ചര്‍ച്ചയായി. എന്നാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ മറുപടി പറയാനും അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്തെങ്കിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നെങ്കില്‍ അതെല്ലാം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയും ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പങ്കുവെച്ചിരുന്നു. ഇന്ത്യയിലേക്കുള്ള നിക്ഷേപ നിയമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയതിലൂടെ ഇവിടെ നിക്ഷേപം നടത്താന്‍ കൂടുതല്‍ ഇസ്രാഈല്‍ കമ്പനികളെ മോദി തന്നെ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുമായി കൂടുതല്‍ സഹകരണം നടത്താനാണ് മോദിയുടെ അഭ്യര്‍ത്ഥന. സൈബര്‍ രംഗത്തും കാര്യമായ സഹകരണ ധാരണകളിലാണ് രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
ഇരുരാജ്യ നേതാക്കളും പ്രധാനമായി പങ്കുവെച്ച രണ്ടു കാര്യങ്ങളില്‍ ജനങ്ങളെ ആശങ്കയുണ്ടാക്കുന്നത്. ദേശ സുരക്ഷ എന്ന പ്രയോഗമാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വ്യാപാര ബന്ധങ്ങളിലെ തടസ്സങ്ങള്‍ ഇല്ലാതാക്കല്‍. ദേശസുരക്ഷ പുതിയ പ്രതിഭാസമല്ല, എന്നാല്‍ ദേശസുരക്ഷയുടെ പേരില്‍ അമിത ജാഗ്രത പ്രകടിപ്പിക്കുകയും തങ്ങളുടെ ഇംഗിതങ്ങള്‍ക്ക് കൂട്ടാക്കാത്തവരെ അതിവേഗം നിഷ്‌കാസനം നടത്തുകയും ചെയ്യുന്ന പ്രവണത ആശങ്കപ്പെടുത്തുന്നതു തന്നെയാണ്. ഫലസ്തീനിലെ ജനതക്കുമേല്‍ നടത്തുന്ന കുരുതിയുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചൊരു രാജ്യത്തെ ഇത്രത്തോളം ആതിഥേയത്വം കാണിച്ച് വരവേല്‍േക്കണ്ടതിന്റെ ഔചിത്യം എന്തായിരുന്നു. ഇരു നേതാക്കളിലും സമ്മേളിക്കുന്ന ചില ഗുണങ്ങളാണവരെ ഒരുമിപ്പിക്കുന്നതെന്നു പറയേണ്ടി വരും.