ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകള്‍ സാറയെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്‍ സ്വദേശിയും 32കാരനുമായ ദേബ്കുമാര്‍ മൈഥിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സച്ചിന്റെ വീട്ടിലേക്ക് നിരന്തരം വിളിച്ച് ശല്യം ചെയ്ത ഇയാള്‍ സാറയെക്കുറിച്ച് മോശമായി സംസാരിക്കുകയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി തുടര്‍ന്നതോടെ സാറ പൊലീസിനു പരാതി നല്‍കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ സാറയെ വിവാഹം ചെയ്യുന്നതിനാണ് ശല്യം ചെയ്യുന്നതെന്നായിരുന്നു യുവാവിന്റെ മറുപടി.

‘പവലിയനില്‍ ഇരുന്ന് കളി കാണുന്നതിനിടയിലാണ് ഞാന്‍ അവളെ കാണുന്നത്. ഉടനെ പ്രണയത്തിലായി. എനിക്കവളെ വിവാഹം കഴിക്കണം. സച്ചിന്റെ ലാന്റ്‌ലൈന്‍ നമ്പര്‍ കണ്ടെത്തി 20 തവണയെങ്കിലും വിളിച്ചു. എന്നാല്‍ നേരിട്ട് കാണാനായില്ല’, യുവാവ് പറഞ്ഞു.
എന്നാല്‍ യുവാവിന്റെ മനോനില തകരാറിലാണെന്ന് അയാളുടെ കുടുംബം പ്രതികരിച്ചു.

കഴിഞ്ഞ എട്ടു മാസമായി മാനസികരോഗത്തിന് ചികിത്സയിലാണെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഇയാളുടെ ഡയറിയില്‍ ഭാര്യയുടെ സ്ഥാനത്ത് സാറയുടെ പേരാണ് എഴുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു.