കണ്ണൂര്‍: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലേക്ക്. ബിനോയി ഇന്ന് മുംബൈ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ബീഹാര്‍ സ്വദേശിനിയാണ് പരാതിക്കാരി.

ബിനോയിയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനയാണ് മുംബൈ പൊലീസ് നല്‍കുന്നത്. അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്രമം. ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നല്‍കിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ ബിനോയ് കോടിയേരിയുടെ രണ്ട് ഫോണ്‍ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല.

യുവതിയുടെ പരാതിയില്‍ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബൈ പൊലീസ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. പരാതിക്കാരി ബിനോയിയുടേതായി നല്‍കിയ വിലാസത്തില്‍ ഒന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ലാറ്റാണ്.