അഹമ്മദാബാദ്: രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വൈകുന്നു. ബി.ജെ.പിയ്ക്ക് വോട്ടുചെയ്തുവെന്ന ആരോപണം നേരിടുന്ന രണ്ട് എം.എല്‍.എമാരുടെ വോട്ട് റദ്ദാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപോര്‍ട്ട്. വോട്ടെണ്ണാന്‍ തുടങ്ങാന്‍ റിട്ടേണിംങ് ഓഫീസര്‍ ഉടന്‍ നിര്‍ദേശം നല്‍കും.

വോട്ട് രേഖപ്പെടുത്തി കഴിഞ്ഞാല്‍ അസാധുവാക്കാന്‍ കഴിയില്ല, പാര്‍ട്ടി മാറി വോട്ട് ചെയ്യുന്നത് തടയാന്‍ നിയമില്ല, പാര്‍ട്ടിക്ക് വേണമെങ്കില്‍ എം.എല്‍.എമാര്‍ക്ക് നേരെ നടപടി എടുക്കാം, ഈ ഘട്ടത്തില്‍ കൂറുമാറ്റ നിയമം ബാധകമാകില്ല തുടങ്ങിയവയാണ് കമ്മീഷന്റെ വാദം.

കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നതിനിടെ നാടകീയ നീക്കങ്ങളാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും അടക്കമുള്ളവര്‍ സമ്മര്‍ദ്ദ നീക്കങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി. അരുണ്‍ ജെയ്റ്റ്‌ലി, ആര്‍.എസ് പ്രസാദ്, നിര്‍മല സീതാരാമന്‍, മുക്താര്‍ അബ്ബാസ് നഖ്വി, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര ഗോയല്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, രണ്‍ദീപ് സുര്‍ജേവാല എന്നിവരും തൊട്ടുപിന്നാലെ അവിടെയെത്തി.

വോട്ടെണ്ണല്‍ അഞ്ചു മണിക്ക് തുടങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നിവര്‍ ബാലറ്റ് പേപ്പര്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഏജന്റുമാരെ കാണിച്ചുവെന്നാണ് ആരോപണം. ബി.ജെ.പി അധ്യക്ഷനും രാജ്യസഭാ സ്ഥാനാര്‍ഥിയുമായ അമിത് ഷായെയും ബാലറ്റ് പേപ്പര്‍ കാണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

കോണ്‍ഗ്രസ് ഉന്നയിച്ച പരാതിയില്‍ തീരുമാനമാകാതെ വോട്ടെണ്ണല്‍ തുടങ്ങില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ ഡി.എം പാട്ടില്‍ പറഞ്ഞു. പരാജയപ്പെടുമെന്ന് ഉറപ്പായ നിരാശയിലാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ബി.ജെ.പി ആരോപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി കടുത്ത ഭീഷണി നേരിടുന്നതിനിടെയാണ് അവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ ബല്‍വന്ത് സിങ് രാജ്പുട്ടാണ് പട്ടേലിന്റെ എതിരാളി.

മുന്‍പ് രാജസ്ഥാനിലും ഹരിയാനയിലും സമാന സാഹചര്യത്തില്‍ വോട്ടിങ് റദ്ദാക്കിയിരുന്നു.