അഹമ്മദാബാദ്: നാടകീയതക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ സീറ്റില്‍ വിജയിച്ച അഹമ്മദ് പട്ടേലിനെതിരെ ബി.ജെ.പി കോടതിയെ സമീപിച്ചു. കൂറുമാറിയ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ത്ഥി ബല്‍വന്ത് സിങ് രാജ്പുത് ആണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വോട്ടുകളുടെ സാധുത പരിഗണിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നാണ് ബല്‍വന്ത് സിങിന്റെ വാദം. ഏത് വിധേനേയും വിജയിക്കുക എന്ന ലക്ഷ്യത്തോടെ എം.എല്‍.എമാരെ കുതിരക്കച്ചവടം നടത്തിയ ബി.ജെ.പിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കും തിരിച്ചടിയായിരുന്നു പട്ടേലിന്റെ വിജയം. തെരഞ്ഞെടുപ്പിന് മുമ്പ് പട്ടേലിന്റെ വിജയം ഉറപ്പിക്കാനും ബി.ജെ.പി വലയില്‍ എം.എല്‍.എമാര്‍ വീഴാതിരിക്കാനും ബംഗളൂരുവിലേക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിയിരുന്നു. ഇതും ബല്‍വന്ദ് സിങ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്ത രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അമിത് ഷായേയും ബി.ജെ.പി നേതാക്കളേയും ബാലറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ അസാധുവാക്കിയത്. ഇതാണ് അഹമ്മദ് പട്ടേലിന് തുണയായതും. വീറും വാശിയും രാഷ്ട്രീയ നാടകങ്ങളും കലര്‍ന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പട്ടേലിന് പുറമെ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും വിജയിച്ചിരുന്നു.