ന്യൂഡല്‍ഹി: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കാന്‍ സാധ്യത. കടുത്ത പോരാട്ടം നേരിട്ട മോദിയുടെ നാട്ടില്‍ ബിജെപിക്ക് സീറ്റുകള്‍ കുറഞ്ഞതാണ് ജനപ്രീതിയുള്ള പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്.

അതേസമയം ഗുജറാത്തില്‍ വിജയ് രൂപാണിക്ക് മുഖ്യമന്ത്രി കസേരയില്‍ ഒരവസരം കൂടി നല്‍കണമെന്നാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിപക്ഷത്തിന്റെ നിലപാട്.

മോദിയുടെ നേതൃത്വത്തിന്റെ അഭാവം ഗുജറാത്തിനെ ബിജെപിയില്‍ നിന്ന് അകറ്റുന്നു എന്ന നിരീക്ഷണമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്മൃതി ഇറാനിയെ കൊണ്ടുവരാന്‍ കാരണം.

ഗുജറാത്തില്‍ ആറാം തവണയും അധികാരം പിടിച്ചെടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും കോണ്‍ഗ്രസുമായി നടന്ന കടുത്ത പോരാട്ടമാണ് സംസ്ഥാനത്തിന് ശക്തനായ നേതൃത്വം വേണമെന്ന ആലോചനകളിലേക്ക് പാര്‍ട്ടിയെ കൊണ്ട് ചെന്നെത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 115 സീറ്റുകളുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ മൂന്നക്കം കടക്കാതെ ബിജെപി 99 സീറ്റില്‍ ഒതുങ്ങിയത്. മോദിയുമായി അടുപ്പമുള്ള ഒരാള്‍ തന്നെ വേണമെന്ന പാര്‍ട്ടി വൃത്തങ്ങളിലെ ആലോചനകളാണ് സ്മൃതി ഇറാനിയിലേക്കെത്തിക്കുന്നത്. നിലവില്‍ വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ മന്ത്രിയായ സ്മൃതി ഇറാനി പ്രധാനമന്ത്രിയുടെ വിശ്വസ്ത മന്ത്രിസഭാംഗങ്ങളിലൊരാളാണെന്നതും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം തന്നെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തള്ളി. എന്നാല്‍ സ്മൃതി ഇറാനിയെ കൂടാതെ ഉപരിതല ഗതാഗത സഹമന്ത്രിയും സൗരാഷ്ട്രയിലെ പാട്ടിദാര്‍ നേതാവുമായ മന്‍സുഖ് മാണ്ഡവ്യ, കര്‍ണാടക ഗവര്‍ണറും ഗുജറാത്ത് മുന്‍ സ്പീക്കറുമായ വജുഭായ് വാല എന്നിവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയിലുണ്ട്.