ഫിര്‍ദൗസ് കായല്‍പ്പുറം 

തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ ദുരിതത്തിനും കേന്ദ്രസര്‍ക്കാരിന്റെ ഭരണപരാജയത്തിനും മറപിടിക്കാന്‍ സംസ്ഥാനത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച് ബി.ജെ.പി. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര സംവിധായകന്‍ കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയത്. കമലും എം.ടി വാസുദേവന്‍ നായരും അടക്കമുള്ള ചലച്ചിത്ര, സാഹിത്യ രംഗത്തുള്ളവരെ പൊതുവേദിയില്‍ ആക്ഷേപിക്കുകയാണ് ബി.ജെ.പി. കമലിന് തീവ്രവാദ ബന്ധമുണ്ടെന്നും അദ്ദേഹം രാജ്യം വിടണമെന്നുമായിരുന്നു രാധാകൃഷണന്റെ ഇന്നലത്തെ പ്രസ്താവന.

 

അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പ്രതികരണങ്ങളുമാണ് കമലിനെ ബി.ജെ.പിയുടെ നോട്ടപ്പുള്ളിയാക്കിയതെങ്കില്‍ നോട്ട് നിരോധനത്തെ ശക്തമായി എതിര്‍ത്ത് പ്രസംഗിച്ചതാണ് എം.ടിക്കെതിരെ തിരിയാന്‍ ഇടയാക്കിയത്. പൊതുവിഷയങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ അസഹിഷ്ണുത കാട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ ശൈലി കേരളത്തിലും ബി.ജെ.പി നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്ന് സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു.

 

അതേസമയം രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ട്രോളുകളും പരിഹാസങ്ങളുമായി എ.എന്‍ രാധാകൃഷ്ണന് ചുട്ടമറുപടിയാണ് നല്‍കിയിരിക്കുന്നത്. ‘കമലിനൊപ്പം, ഓരോ ഇന്ത്യന്‍ പൗരനുമൊപ്പം’ എന്നാണ് വി.ടി ബലറാം എം.എല്‍.എയുടെ പ്രതികരണം.

 

”അവര്‍ രാജ്യം വിടാന്‍ പറയുമ്പോള്‍, നാം നോട്ടു നിരോധനത്തെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക, കര്‍ഷക ആത്മഹത്യകളെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക, വ്യാവസായിക തളര്‍ച്ചയെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുക” എന്നിങ്ങനെയുള്ള ഗൗരവതരമായ പ്രതിഷേധവും കുറവല്ല. ‘ഒരു പ്രത്യേക അറിയിപ്പ്.. പാക്കിസ്ഥാനിലേക്കുള്ള ബസ് ഉടന്‍ പുറപ്പെടുന്നു, ചിന്താശേഷിയുള്ളവര്‍ ഉടന്‍ കയറേണ്ടതാണ്’ എന്ന തരത്തിലുള്ള പരിഹാസങ്ങളും ഫേസ്ബുക്കിലും വാട്‌സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞു.

 

കഴിഞ്ഞ ദിവസം സംഘപരിവാര്‍ അനുകൂല പത്രത്തിന്റെയും എഡിറ്റോറിയല്‍ പേജിന്റെ 80 ശതമാനവും നീക്കിവെച്ചത് എം.ടിയെ ആക്ഷേപിക്കാനായിരുന്നു. മുഖപ്രസംഗത്തിന് പുറമെ ‘എം.ടിയും തുഞ്ചന്‍ പറമ്പും’ എന്ന ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. മോദിയെയും ബി.ജെ.പിയുടെ വര്‍ഗീയതയെയും എതിര്‍ക്കുന്ന ആരെയും പരസ്യമായി അസഭ്യം പറഞ്ഞ് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന തരത്തിലേക്ക് പ്രധാന നേതാക്കള്‍ ഇറങ്ങിപ്പുറപ്പെടുമ്പോഴും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനോ കേന്ദ്രനേതൃത്വമോ ഇടപെട്ടിട്ടില്ല.

ഇതിനര്‍ത്ഥം ആസൂത്രിതമായി സാംസ്‌കാരിക നേതാക്കളെ ആക്രമിക്കുക എന്നതാണെന്ന് ആരോപണമുണ്ട്.നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ടുമാസം കഴിയുമ്പോഴും ജനത്തിന്റെ ദുരിതം ഒഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളാണ് കേരളത്തില്‍ നടന്നുവരുന്നത്. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കമലിനെയും എം.ടിയെയും പോലുള്ളവരെ ബി.ജെ.പി നിരന്തരം ആക്രമിക്കുന്നത്.