ജയ്​പൂർ​: രാജസ്​ഥാനിലെ കോൺഗ്രസ്​ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ശ്രമം തുടങ്ങിയതായി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​. നാല്​ മാസം മുമ്പ്​ ബി.ജെ.പി നടത്തിയ വിഫല ശ്രമം വീണ്ടും തുടങ്ങിയിട്ടുണ്ട്. ഓൺലൈനിലൂടെ പാർട്ടി ഓഫിസ് ഉദ്ഘാടനം ചെയ്യവേയാണ് ഗെഹ്​ലോട്ട് ബിജെപിക്കെതിരെ ആരോപണമുയർത്തിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, പുതിയ ബിജെപി രാജ്യസഭ എം.പി സഫർ ഇസ്​ലാം എന്നിവർ നാല് മാസം മുമ്പ്​ കോൺഗ്രസ്​ എംഎൽഎമാരെ കണ്ട്​ സർക്കാറിനെ മറിച്ചിടുമെന്ന്​ വാഗ്ദാനം നൽകിയതാണ്​. ആ ശ്രമം അവർ വീണ്ടും തുടങ്ങിയിട്ടുണ്ടെന്ന്​ ഗെഹ്​ലോട്ട്​ ആരോപിച്ചു.

എന്നാൽ ആരോപണം ബിജെപി നി​ഷേധിച്ചു​. ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അതിന്‍റെ നിരാശയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിജെപി ആരോപിച്ചു.