ഇപ്പോള്‍ പാകിസ്താനുമായുണ്ടായ അസ്വാരസ്യങ്ങളില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിലെ പൊള്ളത്തരം വെളിപ്പെടുത്തി ബി.ജെ.പിയുടെ മുന്‍ സഖ്യകക്ഷിയും നേതാവ് പവന്‍ കല്യാണ്‍.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് യുദ്ധം നടക്കുമെന്ന മുന്നറിയിപ്പ് ബി.ജെ.പിയില്‍ നിന്നും ലഭിച്ചിരുന്നതായി എന്‍.ഡി.എയിലെ മുന്‍ കക്ഷി വ്യക്തമാക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഇതു സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചതെന്ന് ജനസേനാ നേതാവായപവന്‍ കല്യാണ്‍ പറഞ്ഞു. കഡപ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് പവന്‍ കല്യാണ്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം വിവരം ആരില്‍ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ യുദ്ധ സമാന സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ പവന്‍ കല്യാണ്‍, പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ സ്ഥിതി മോശമാക്കിയെന്നും പറഞ്ഞു.
പുല്‍വാമ ആക്രമണം സംബന്ധിച്ച് പല കോണുകളില്‍ നിന്നും നേരത്തെ സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. 2700ലധികം സൈനികരെ പ്രതിസന്ധി സാഹചര്യങ്ങള്‍ അവഗണിച്ച് റോഡ് മാര്‍ഗം കൊണ്ടുപോയതും ആക്രമണസാധ്യത സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചിട്ടും മതിയായ സുരക്ഷ ഒരുക്കാതിരുന്നതും സൈനികര്‍ക്ക് വിമാനം അനുവദിക്കാതിരുന്നതുമാണ് പ്രതിപക്ഷ നേതാക്കള്‍ ചോദ്യം ചെയ്തിരുന്നത്.

യുദ്ധം ഒന്നിനും പരിഹാരമാകില്ല. എന്നല്ല, അത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയേ ഉള്ളു. രാജ്യസ്നേഹം എന്നുള്ളത് ബി.ജെ.പിയുടെ മാത്രം കുത്തകയായി കൊണ്ടു നടക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പവന്‍ കല്യാണ്‍, അവരേക്കാള്‍ പത്ത് മടങ്ങ് രാജ്യത്തോട് കൂറുള്ളവരാണ് നമ്മളെന്നും പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ഏത് ശ്രമവും ചെറുത്തു തോല്‍പ്പിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ രാജ്യസ്നേഹം തെളിയിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മുസ്ലിംകള്‍ക്ക് രാജ്യത്ത് തുല്യ അവകാശമുണ്ടെന്നും, അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും, അബ്ദുല്‍ കലാം രാഷ്ട്രപതിയായുമിരുന്ന് ചരിത്രമുള്ള നാടാണ് ഇതെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.