ഡമസ്‌കസ്: സിറിയയിലെ പ്രസിദ്ധനായ സുന്നി മതപണ്ഡിതന്‍ അദ്‌നാന്‍ അല്‍ അഫിയൂനി കാര്‍ സ്‌ഫോടനത്തില്‍ അന്തരിച്ചു. കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. സിറിയയിലെയും ലോകത്തെ തന്നെയും പ്രമുഖ മത പണ്ഡിതരില്‍ ഒരാളായിരുന്നു.

ഡമസ്‌കസിലെ സുന്നി മുഫ്തിയായിരുന്ന അദ്ദേഹം പ്രസിഡന്റ് ബശര്‍ അല്‍ അസദുമായി അടുത്ത ബന്ധം സ്ഥാപിച്ച നേതാവായിരുന്നു. സിറിയയുടെ വടക്കു പടിഞ്ഞാറ് ഭാഗമായ ഖുദ്‌സായ പട്ടണത്തില്‍ വെച്ചാണ് കാര്‍ പൊട്ടിത്തെറിച്ചത്.

മുഫ്തിക്ക് പരിക്കേറ്റതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും താമസിയാതെ മരിച്ചുവെന്ന് പ്രഖ്യാപിച്ചു.

തീവ്രവാദ സ്‌ഫോടനമാണെന്നാണ് വിലയിരുത്തല്‍. സിറിയയിലെ മതപരമായ എന്‍ഡോവ്‌മെന്റ് മന്ത്രാലയം അല്‍ അഫിയൂനിയുടെ മരണത്തെ ഭീകര പ്രവര്‍ത്തനമായി പ്രഖ്യാപിച്ചിട്ടുണ്ട്.