Connect with us

crime

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; സിപിഎമ്മുകാരന് 33 വര്‍ഷം കഠിനതടവ്

2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം.

Published

on

ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ സി.പി.എം പ്രവര്‍ത്തകനായ പ്രതിക്ക് 33 വര്‍ഷവും ഏഴുമാസം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വെങ്കിടങ്ങ് പാടൂര്‍ കൊല്ലങ്കിവീട്ടില്‍ സനീഷിനെ(33)യാണ് ചാവക്കാട് അസി. സെഷന്‍സ് കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പാവറട്ടി പെരിങ്ങാട് കളപ്പുരയ്ക്കല്‍ വീട്ടില്‍ വിഷ്ണുപ്രസാദി(35)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ. കേസിലെ മറ്റൊരു പ്രതി ഹാരിസ് വിചാരണ നേരിടാതെ ഒളിവിലാണ്.

2016 ഒക്ടോബര്‍ 21-ന് രാവിലെ 10.30-നാണ് കേസിനാസ്പദമായ സംഭവം. പാടൂര്‍ ഇടിയന്‍ചിറ പാലത്തിന് സമീപം ബൈക്കില്‍ വരുകയായിരുന്ന വിഷ്ണുപ്രസാദിനെ ഒന്നാംപ്രതിയുടെ നേതൃത്വത്തില്‍ കാറിലെത്തിയ സംഘം റോഡിനു കുറുകെ കാര്‍ നിര്‍ത്തി വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. രക്ഷപ്പെടാന്‍ വിഷ്ണുപ്രസാദ് തൊട്ടടുത്തുള്ള വീട്ടില്‍ ഓടിക്കയറി വാതില്‍ അടച്ചെങ്കിലും വാതില്‍ ചവിട്ടിപ്പൊളിച്ച് അക്രമിസംഘം വീട്ടിനുള്ളില്‍ കയറി വിഷ്ണുപ്രസാദിനെ വെട്ടി.

മരിച്ചെന്നു കരുതി കാറില്‍ത്തന്നെ രക്ഷപ്പെട്ടു. ശരീരമാസകലം വെട്ടേറ്റ വിഷ്ണുപ്രസാദ്, അക്രമികള്‍ പോയശേഷം വീടിനു പുറത്തേക്ക് ഇഴഞ്ഞുവരുകയായിരുന്നു. അതുവഴി വന്ന ഓട്ടോറിക്ഷക്കാരനാണ് പാവറട്ടിയിലെ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലേക്ക് മാറ്റി. ദിവസങ്ങളോളം തീവ്രപരിചരണവിഭാഗത്തിലായിരുന്നു.

കാലങ്ങളായി മുല്ലശ്ശേരി, തിരുനെല്ലൂര്‍ ഭാഗങ്ങളില്‍ നടന്നുവന്ന ആര്‍.എസ്.എസ്, സി.പി.എം സംഘട്ടനങ്ങളെത്തുടര്‍ന്നുള്ള രാഷ്ട്രീയവൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പിഴസംഖ്യ പരിക്കേറ്റ വിഷ്ണുപ്രസാദിന് നല്‍കാന്‍ വിധിയില്‍ പറയുന്നു.

crime

അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍- വിഡിയോ

രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

Published

on

ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിലെ ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമുണ്ടായത്. രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

നര്‍സിങ് പൂര്‍ സ്വദേശിയായ മുസ്‌ലിം യുവാവിനാണ് ആക്രമണം നേരിട്ടത്. പിപാരിയ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായി ഭോപ്പാലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഭിഭാഷകരുടെ അടുത്തെത്തിയപ്പോള്‍ വിവരം ചോര്‍ന്നതായും പിന്നാലെ കോടതി സമീപത്ത് സംഘടനകള്‍ ഒത്തുകൂടുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു അക്രമികള്‍ ആരോപിച്ചത്. അക്രമികള്‍ യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പിന്നാലെ സംഭവത്തില്‍ പൊലീസ് ഇടപെടുകയുണ്ടായി. ദമ്പതികളെ എം.പി നഗര്‍ പൊലീസ് സ്‌റ്റേ,നിലേക്ക് കൊണ്ടുപോവുകയും മൊഴി രേഖപ്പെടുത്തിയതുമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

crime

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റാഗിങ്; 11 എംബിബിഎസ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാ​ഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. 

Published

on

കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാ​ഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വി​ദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാ​ഗ് ചെയ്തുവെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി.

സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചം​ഗ അന്വേഷണ സമിതിയെ നിയോ​ഗിച്ചിരുന്നു.

സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.

Continue Reading

crime

നിലമ്പൂര്‍ പൂക്കോട്ടുംപാടം അഞ്ചാംമൈലില്‍ 18.5 കിലോ കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസ് പിടിയില്‍

ആന്ധ്രയില്‍ നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

Published

on

പൂക്കോട്ടുംപാടം: പതിനെട്ടര കിലോ കഞ്ചാവുമായി നാലുപേര്‍ എക്‌സൈസിന്റെ പിടിയില്‍. ബാന്റ് ട്രമ്മിനുള്ളില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നിലമ്പൂര്‍ എക്‌സൈസും ചേര്‍ന്ന് പിടികൂടിയത്.

സംസ്ഥാന എക്‌സൈസ് കമ്മീഷനറുടെ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവുമായി നിലമ്പൂര്‍ സ്വദേശികളായ നാലു പ്രതികളും പിടിയിലായത്. വഴിക്കടവ് മുണ്ട സ്വദേശികളായ പോക്കാട് ജംഷീര്‍ (35), ചിത്തിരംപ്പള്ളി റിയാദ് (42), പൂന്തുരുത്തി സിയാദ്(34), എടക്കര ഇല്ലിക്കാട് സ്വദേശി ചെറിയതൊടി നൗഫല്‍ (38) എന്നിവരാണ് പിടിയിലായത്.

ആന്ധ്രയില്‍ നിന്ന് നിലമ്പൂരില്‍ വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് ട്രയിന്‍ മാര്‍ഗം പാലക്കാടെത്തിക്കുകയും അവിടെ നിന്ന് പ്രൊഗ്രാം കലാകാരന്മാര്‍ എന്ന പേരില്‍ കെ.എല്‍.10.എ. 8029 നമ്പര്‍ ജീപ്പിന് പിന്നില്‍ നിറച്ച് ബാന്റ് ട്രമ്മിനുള്ളില്‍ ഒളിപ്പിച്ച കഞ്ചാവ് നിലമ്പൂരിലേക്ക് കൊണ്ടുവരവെ പൂക്കോട്ടുംപാടം അഞ്ചാംമൈലിലെ പെട്രോള്‍ പമ്പില്‍ ഇന്ധനം നിറക്കവെയാണ് എക്‌സൈസ് സംഘം പ്രതികളെ വലയിലാക്കിയത്.

ഇതില്‍ കഞ്ചാവ് കൈവശം വെച്ചതിന് റിയാദിനെതിരെ എടക്കര ജനമൈത്രി എക്‌സൈസ് നേരത്തെ കേസെടുത്തിട്ടുണ്ട്. സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, എടക്കര ജനമൈത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ടി സജിമോന്‍, എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍ മുകേഷ് കുമാര്‍, കെ.വി വിനോദ്, നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച് ഷഫീഖ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പ്രജോഷ്, പി.കെ പ്രശാന്ത്, പ്രതീപ് കുമാര്‍, പ്രവന്റീവ് ഓഫീസര്‍ സുഭാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സൗബിന്‍, രംജിത്ത്, ഷംനാസ്, എബിന്‍ സണ്ണി, ഹാഷിര്‍, ജയന്‍, സജിനി, ഷീന, രാജീവ്, വിനോജ് ഖാന്‍ എന്നിവരുടെ സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. നിലമ്പൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എച്ച് ഷഫീഖാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Continue Reading

Trending