മലപ്പുറം: സംസ്ഥാന വ്യാപകമായി നവ. 15ന് ആരംഭിക്കുന്ന ചന്ദ്രിക കാമ്പയിന്‍ വന്‍ വിജയമാക്കാന്‍ മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തു. മുസ്‌ലിംലീഗിന്റേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ശാഖാ കമ്മിറ്റികള്‍ക്ക് നിശ്ചയിച്ച ക്വാട്ട സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റികളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജിതമാക്കുന്നതിനും മേല്‍ഘടകങ്ങളും പരിപാടികളാവിഷ്‌കരിക്കണം.

ന്യൂനപക്ഷ, പിന്നാക്ക ജനതയുടേയും പിന്നാക്ക പ്രദേശങ്ങളുടേയും അഭിവൃദ്ധിക്കും അവകാശ സംരക്ഷണത്തിനുമായി നടത്തിയ അഭിമാനകരമായ പ്രയത്‌നങ്ങളുടെ എട്ടര പതിറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള ചന്ദ്രിക; നവീകരണ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സമുദായ പുരോഗതിക്കും മതമൈത്രിക്കും ദേശീയോദ്ഗ്രഥനത്തിനും ചന്ദ്രിക നല്‍കിയ അതുല്യ സംഭാവനകള്‍ അറിയുന്ന കേരളീയ സമൂഹത്തിന്റെ സര്‍വ പിന്തുണയും ചന്ദ്രിക കാമ്പയിനിന് ഉണ്ടാകണമെന്ന് സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ദേശീയ രാഷ്ട്രീയ കാര്യങ്ങള്‍ വിശദീകരിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി തുടങ്ങിയവരും സെക്രട്ടറിയേറ്റംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു.