Connect with us

india

സി.പി.എമ്മിന്റെ നയവ്യതിയാനങ്ങള്‍

അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം?

Published

on

റസാഖ് ആദൃശ്ശേരി

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 2, തലശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ അന്തരിച്ച സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വെച്ചിരിക്കുന്നു. നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ആയിരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ട്. ഇതിനിടയില്‍ കുറച്ചാളുകള്‍ ഒരു കട്ടില്‍ ചുമന്നുകൊണ്ടുവന്നു. ആ കട്ടിലില്‍ നിശ്ചലനായി കിടന്നിരുന്നത് സഖാവ് പുഷ്പനായിരുന്നു. ‘കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി’യെന്നു സഖാക്കള്‍ പറയുന്നയാള്‍. കൂത്തുപറമ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും പുഷ്പന്‍ ജീവിക്കുന്ന രക്തസാക്ഷിയാവുകയും ചെയ്തത് എന്തിനു വേണ്ടിയായിരുന്നെന്ന ചോദ്യം അവിടെ കൂടി നിന്നവരുടെ മനസ്സിലൂടെ കടന്നുപോയി.

1994 ല്‍ കണ്ണൂര്‍ പരിയാരത്ത് സഹകരണ മേഖലയില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ അന്നത്തെ യു.ഡി.എഫ് മന്ത്രിസഭ അനുമതി നല്‍കി. ഇതിനെതിരെ സി.പി.എം ശക്തമായ സമരം പ്രഖ്യാപിച്ചു. കെ. കരുണാകരനാണ് മുഖ്യമന്ത്രി. എം.വി രാഘവന്‍ സഹകരണ വകുപ്പ് മന്ത്രിയും. 1994 നവംബര്‍ 25 നു കൂത്തുപറമ്പില്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനത്തിനെത്തിയ മന്ത്രി എം.വി രാഘവനെ സ്വാശ്രയ സമരത്തിന്റെ ഭാഗമായി ഡി.വൈ.എഫ്. ഐയുടെ നേതൃത്വത്തില്‍ തടയുന്നു. സമരക്കാര്‍ മന്ത്രിയെയും പൊലീസിനെയും ആക്രമിക്കാന്‍ ശ്രമിക്കുന്നു. സമരക്കാരെ പിന്‍വലിപ്പിക്കാന്‍ പൊലീസ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സമരം കൂടുതല്‍ അക്രമാസക്തമാകുകയാണുണ്ടായത്. അവസാനം പൊലീസ് വെടിവെക്കുന്നു. കെ.കെ രാജീവന്‍, കെ.വി റോഷന്‍, വി. മധു, ഷിബുലാല്‍, കുണ്ടുചിറ ബാബു എന്നിവര്‍ കൊല്ലപ്പെടുന്നു. പുഷ്പ നടക്കം കുറച്ചാളുകള്‍ക്ക് പരിക്കേല്‍ക്കുന്നു. യുദ്ധ പ്രതീതിയാണ് സി.പി.എം അന്നവിടെ സൃഷ്ടിച്ചത്.

ഇതുപോലെ യു.ഡി.എഫ് സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിനെതിരെ കേരളത്തിന്റെ തെരുവുകള്‍ മാസങ്ങളോളം അവര്‍ സമരമുഖരിതമാക്കുകയും പലയിടത്തും ചോരക്കളമാക്കുകയും ചെയ്തു. കൂത്തുപറമ്പ് വെടിവെപ്പില്‍ മരണമടഞ്ഞവരെ വര്‍ഷങ്ങളോളം സി.പി.എം രാഷ്ട്രീയമായി ഉപയോഗിച്ചു. എത്രയോ രക്തസാക്ഷി ദിനാചരണങ്ങള്‍ അവര്‍ നടത്തി, മുരുകന്‍ കാട്ടാക്കടയെ പോലുള്ളവരുടെ ‘രക്തസാക്ഷി വിപ്ലവഗാനങ്ങള്‍’കൊണ്ടു ഓരോ സഖാക്കളുടെയും മനസ്സ് നിറഞ്ഞു. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ശയ്യാവലംബിയായ പുഷ്പന്റെ നീറുന്ന കഥകള്‍ അവര്‍ ചര്‍ച്ചയാക്കി.

എന്നാല്‍ അതേ സി.പി.എം തന്നെയാണ് ഇപ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ നയംമാറ്റത്തിനു തീരുമാനമെടുത്തിരിക്കുന്നത്. ഈയിടെ ചേര്‍ന്ന ഇടതുമുന്നണി യോഗം കേരളത്തില്‍ സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ തീരുമാനമെടുക്കുകയും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ സി.പി. എം സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച കേരളത്തിന്റെ ഭാവി വികസന രേഖയില്‍ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരേണ്ട മാറ്റങ്ങളെകുറിച്ചു പറഞ്ഞത് അപ്പടി അംഗീകരിക്കുകയായിരുന്നു ഇടതു മുന്നണി യോഗം. ഇത് സംബന്ധിച്ചു ഒരു ചര്‍ച്ചയും നടന്നില്ല. ഘടകകക്ഷികളില്‍ ആരും അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. സി. പി.എം തമ്പുരാക്കന്മാര്‍ ചൂണ്ടികാണിച്ചു കൊടുക്കുന്നിടത്ത് ഒപ്പിട്ടുകൊടുക്കുകയെന്നതിലപ്പുറം എല്‍.ഡി.എഫ് ഘടകകക്ഷികള്‍ക്ക് ഇപ്പോള്‍ യാതൊരു മാര്‍ഗവുമില്ലാതായിരിക്കുന്നു. കാരണം പിണറായി വിജയനെ പിണക്കിയാല്‍ അതിന്റെ അനന്തരഫലം അതീവ ഗുരുതരമായിരിക്കും എന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍ക്ക് അംഗീകാരം നല്‍കുകയെന്ന തീരുമാനം ഐകകണ്‌ഠ്യേന യോഗത്തില്‍ പാസ്സായി.

മുന്‍ കാലങ്ങളില്‍ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തെ എന്തിനായിരുന്നു സി.പി.എം എതിര്‍ത്തത്? അഞ്ച് മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുത്തിയത് എന്തിന് വേണ്ടിയായിരുന്നു? നേതാക്കളുടെ ഈ നയംമാറ്റം എങ്ങനെയാണ് പാര്‍ട്ടിക്കും പോഷക സംഘടനകള്‍ക്കും സ്വീകാര്യമാകുന്നത്? സ്വാഭാവികമായും പൊതു സമൂഹത്തില്‍നിന്നും ഉയര്‍ന്നുവരുന്ന ഈ ചോദ്യങ്ങള്‍ക്ക് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍ നല്‍കിയ മറുപടി വളരെ അല്‍ഭുതമുളവാക്കുന്നതായിരുന്നു. ‘ഭൂമി പരന്നതാണെന്ന വിശ്വാസം അറിവുണ്ടായപ്പോള്‍ നാം മാറ്റിയില്ലേ, ഭൂമി ഉരുണ്ടതാണെന്നു ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ടല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം. എന്താണിതിനര്‍ത്ഥം? ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയുടെ ഫലമായി കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്നപ്പോള്‍ സി.പി.എം അതിനെ എതിര്‍ത്തത് അറിവില്ലാത്തതിന്റെ പേരിലായിരുന്നോ? അതിപ്പോള്‍ തിരുത്താനുള്ള ഒരുക്കത്തിലാണോ പാര്‍ട്ടി? അപ്പോള്‍ സി.പി.എം എതിര്‍പ്പുമൂലം മുടങ്ങി പോയ പദ്ധതികള്‍ക്കും അതുമൂലം കേരളത്തിന്റെ പുരോഗതി പിറകോട്ടടിച്ചതിനും ആര് സമാധാനം പറയും? സി.പി.എം സമരങ്ങള്‍മൂലം പൊതുമുതല്‍ നശിപ്പിച്ച് കോടികള്‍ ഗവണ്‍മെന്റിന് നഷ്ടപ്പെടുത്തിയതിന് ആര് ഉത്തരം പറയും? സമരങ്ങളില്‍ കൊല്ലപ്പെട്ടവര്‍, പരിക്ക് പറ്റിയവര്‍, ഒന്നിനും കഴിയാതെ നരകയാതന അനുഭവിക്കുന്നവര്‍ അവരോടൊക്കെ ആര് മറുപടി പറയും?

ഒരു കാലത്ത് കേരളത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങി പാസ്സായാലും മെഡിക്കല്‍, എഞ്ചിനിയറിംഗ് പഠനത്തിന് സീറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഉയര്‍ന്ന ക്യാപിറ്റേഷന്‍ ഫീസ് നല്‍കി വിദ്യാര്‍ത്ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോയികൊണ്ടിരുന്നു. ഇതിന് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് 2001 ലെ എ.കെ ആന്റണി മന്ത്രിസഭ സംസ്ഥാനത്ത് സ്വാശ്രയ പ്രൊഫഷണല്‍ കോളജുകള്‍ തുടങ്ങാനുള്ള തീരുമാനമെടുത്തത്. ‘രണ്ട് സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളജ് സമം ഒരു സര്‍ക്കാര്‍ മെറിറ്റ് കോളജ്’ എന്നതായിരുന്നു സര്‍ക്കാര്‍ നയം. തീരുമാനത്തെ സി.പി.എം എതിര്‍ത്തു. ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സമരരംഗത്തിറങ്ങി. കോളജ് ക്യാമ്പസുകളും തെരുവുകളും സംഘര്‍ഷഭരിതമായി. കുട്ടി സഖാക്കള്‍ പലയിടത്തും അക്രമം അഴിച്ചുവിട്ടു. പൊതു മുതലുകള്‍ തല്ലിതകര്‍ത്തു. ഖജനാവിനു ഒരു പാട് നഷ്ടം വരുത്തിവെച്ചു. പക്ഷേ, ഗവണ്‍മെന്റ് പിന്തിരിഞ്ഞില്ല. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോയി. യു.ഡി.എഫ് സര്‍ക്കാരിന്റെ ഈ തീരുമാനം കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായി.

കേരളത്തിലിപ്പോള്‍ 153 എഞ്ചിനിയറിംഗ് കോളജുകളുണ്ട്. അതില്‍ 119 എണ്ണവും സ്വാശ്രയ മേഖലയില്‍. 27 മെഡിക്കല്‍ കോളജുകളുണ്ട്. അവയില്‍ ഇരുപതും 2001നു ശേഷം ഉണ്ടായവ. വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കേരളത്തിനു പുറത്തേക്കൊഴുകിയിരുന്ന സഹസ്രകോടി കണക്കിനു രൂപയാണ് യു. ഡി.എഫ് സര്‍ക്കാരുകളുടെ ധീരമായ തീരുമാനത്തിലൂടെ കേരളത്തിനു ലഭിച്ചത്. എത്രയോ ലക്ഷം യുവതീയുവാക്കളെ മികച്ച പ്രൊഫഷണലുകളാക്കി മാറ്റാന്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. അവര്‍ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തികൊണ്ടിരിക്കുന്നു. കേരളത്തിനകത്തും പുറത്തുമുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിച്ചവരുടെ കൂട്ടത്തില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരെ സമരം ചെയ്ത നേതാക്കന്മാരുടെ മക്കള്‍ വരെയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളും അതില്‍പ്പെടുന്നു.

അന്നു സമരം ചെയ്ത നേതാക്കള്‍ക്ക് ഒറ്റ ചിന്താഗതിയേ ഉണ്ടായിരുന്നുള്ളു. പാവപ്പെട്ടവരുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടരുത്. അവര്‍ എന്നും പാര്‍ട്ടിക്ക് അടിമപ്പണി ചെയ്യുന്നവരായി കഴിഞ്ഞുകൂടണം. അതുകൊണ്ടുതന്നെ കേരളത്തിന്റെ വികസനവും പുരോഗതിയും ലക്ഷ്യമാക്കി കൊണ്ടുവന്ന പദ്ധതികളെയൊക്കെ അവര്‍ എതിര്‍ത്തു. 1980കളില്‍ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് കോളജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തി ഉന്നതവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ കേരള യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്ന ഡോ. ജെ.വി വിളനിലത്തിനെതിരെ ശക്തമായ സമരവുമായി സി.പിഎം രംഗത്തിറങ്ങി. ശാസ്ത്ര സാങ്കേതികരംഗത്തെ വന്‍ മുന്നേറ്റവുമായി വന്ന പദ്ധതികളെയും വീണ്ടുവിചാരവുമില്ലാതെ എതിര്‍ത്തു. കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അതിനെതിരെ, കാര്‍ഷിക മേഖലയില്‍ ട്രാക്ടര്‍ വന്നപ്പോള്‍ അതിനെതിരെ; ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്നാണ് ഇതിനൊക്കെ കാരണം പറഞ്ഞത്. ശാസ്ത്ര സാങ്കേതിക രംഗത്തും കാര്‍ഷിക മേഖലയിലും കേരളം പിറകോട്ടുപോകാന്‍ ഇതെല്ലാം കാരണമായി. പിന്നീട് ഇതിനെയെല്ലാം അവര്‍ വാരി പുണരുന്നതാണ് കണ്ടത്. കേരളത്തിലേക്ക് വിദേശ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള സി.പി.എം തീരുമാനം നല്ലത്തന്നെ. പക്ഷേ, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തപ്പോള്‍ സമരവുമായി ഇറങ്ങിയ എസ്.എഫ്.ഐ അതിന് നേതൃത്വം നല്‍കിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കമ്മീഷണര്‍ ടി.പി ശ്രീനിവാസനെ തല്ലി നിലത്തിട്ട് ചവിട്ടിയവരാണെന്ന കാര്യം സി.പി.എം മറന്നുപോകരുത്.

സി.പി.എം നയം തിരുത്തികൊണ്ടേയിരിക്കും എന്നത് തന്നെയാണ് സ്വകാര്യ കല്‍പിത സര്‍വകലാശാലയുടെ കാര്യത്തിലും സംഭവിക്കുന്നത്. ഇ.പി ജയരാജന്‍ പറയുന്നത്‌പോലെ അറിവില്ലായ്മ മാത്രമായിരുന്നോ ഇതിനൊക്കെ കാരണം? അല്ലയെന്നു പിന്നീടുണ്ടായ നയമാറ്റങ്ങളില്‍നിന്ന് വളരെ വ്യക്തമാണ്. അന്ന് സി. പി.എം കാട്ടികൂട്ടലുകള്‍ക്ക് പിന്നില്‍ നാടിന്റെ പുരോഗതിയോ നാട്ടാരുടെ ക്ഷേമമോ ആയിരുന്നില്ല ലക്ഷ്യം. സമരങ്ങളിലൂടെ കുറെ നേതാക്കളെ സൃഷ്ടിക്കലായിരുന്നു. വി.എസ് അച്യുതാനന്ദനും പിണറായി വിജയനുമൊക്കെ വലിയ നേതാക്കളായത് അങ്ങനെയാണ്. സി.പി.എം അതിന്റെ നേതാക്കള്‍ക്ക് സംഭവിക്കുന്ന തെറ്റുകളും മണ്ടത്തരങ്ങളും കുറെ കഴിയുമ്പോള്‍ തിരുത്തിയെന്നുവരും. ജയരാജന്‍ സഖാവ് പറയുന്നത്‌പോലെ ഭൂമി ഉരുണ്ടതാണെന്ന ന്യായങ്ങളും അവര്‍ക്കുണ്ടാവും. നേതാക്കളുടെ ഇത്തരം മണ്ടത്തരങ്ങള്‍ കേട്ട് സമരത്തിനും തല്ലാനും കൊല്ലാനും പോയാല്‍ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, നേടാനോ ഒരുപാടുണ്ട്. അപ്പോള്‍ ഇത്തരം അനാവശ്യ സമരങ്ങള്‍കൊണ്ട് നിത്യ ദുരിതത്തിലായവരെയോര്‍ത്ത് കണ്ണീര്‍ വാര്‍ക്കാന്‍ അവര്‍ക്ക് സമയം കിട്ടിയില്ലയെന്നു വന്നേക്കാം.

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

india

മോദിയുടെ ബിരുദ വിവരങ്ങൾ നൽകേണ്ട: അരവിന്ദ് കെജ്‌രിവാളിന് പിഴ വിധിച്ചു ഗുജറാത്ത് ഹൈക്കോടതി

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്

Published

on

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൈമാറണമെന്ന ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര വിവരാവകാശ കമ്മീഷൻ ഗുജറാത്ത് സർവ്വകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.

2016-ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷൻ നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങൾ അപേക്ഷകനായ അരവിന്ദ് കെജ്‌രിവാളിന് കൈമാറാൻ ഉത്തരവിട്ടത്.എന്നാൽ സർവകലാശാലയെ കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് തീരുമാനമെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഈ അപ്പീലിലാണ് ഇന്നത്തെ വിധി.

Continue Reading

india

ഔറംഗാബാദ് സംഘർഷം; പൊലീസ് വെടിവെപ്പിൽ പരിക്കേറ്റയാൾ മരിച്ചു

സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു

Published

on

മഹാരാഷ്ട്രയിലെ സമ്പാജി നഗറിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഉണ്ടായ പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റയാൾ മരിച്ചു.രാം നവമി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തിൽ പൊലീസിന്റെത് അടക്കം 14 ഓളം വാഹനങ്ങൾക്ക് തീയിട്ടു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ ആയതോടെയാണ് പോലീസ് വെടിവച്ചത്.സംഘർഷത്തിൽ 17 പൊലീസുകാർക്കും പരിക്കേറ്റു അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തു.

Continue Reading

Trending