ലുഖ്മാന്‍ മമ്പാട്

ല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ്, ഇന്ദ്രപ്രസ്ഥത്തിലും രാജ്യത്താകമാനവും നീതിക്കായി മെഴുകുതിരി തെളിച്ച് കരിമ്പടം പുതച്ച രാഷ്ട്രീയ ഇരുട്ടിനെ വകഞ്ഞു മാറ്റാനുള്ള പ്രത്യാശയുടെ ശബ്ദവും കാഴ്ചയും അറിയുന്നത്. ഹിമാലയത്തിന്റെ താഴ്‌വരയില്‍ ചതഞ്ഞരഞ്ഞ വയലറ്റ് പൂവിന്റെ നിലവിളി കാതുകളില്‍ പ്രതിധ്വനിച്ചു. കാമക്രോധങ്ങളുടെ പകയില്‍ ഊട്ടിയെടുത്തവര്‍ വെറും എട്ടു വയസ്സുള്ള ആ പൊന്നുമോളെ പിച്ചിച്ചീന്തി കൊന്നുതള്ളിയിരിക്കുന്നു; കുലമഹിമയും അധികാര മുഷ്‌കും ഉപയോഗിച്ച് നീതിയുടെ വഴി കൊട്ടയടക്കാന്‍ ശ്രമിക്കുന്നു. ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ് ഇവിടെയാണ് എന്നാണ് കശ്മീറിനെകുറിച്ച് അറിഞ്ഞുവെച്ചത്. ആ പൂങ്കാവനത്തില്‍ വിടരും മുമ്പെ അവള്‍ മൊട്ടറ്റു വീണിരിക്കുന്നു; ചോരകിനിയുന്ന ഹൃദയവുമായി രക്ഷിതാക്കള്‍ ഭയന്നുവിറച്ച് പാലായനം ചെയ്തിരിക്കുന്നു.

സ്വന്തം ആരോഗ്യവും സൗഖ്യവും നോക്കിയിരിക്കാന്‍ എങ്ങിനെ കഴിയും. രോഗവിവരം അറിഞ്ഞ് നാട്ടില്‍ നിന്നെത്തിയ ഭാര്യയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു. വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലിയാണ് നാളെ; സംഭവ ബഹുലമായ അന്‍പത് വര്‍ഷം. 1968 ഏപ്രില്‍ 17നാണ് റുഖിയ നേര്‍പാതിയായി ജീവിതത്തിലേക്ക് കടന്നു വന്നത്. ഈ ദാമ്പത്യ മലര്‍വാടിയില്‍ വിരിഞ്ഞത് നാലു പൂക്കളാണ്; മൂന്ന് ആണും ഒരു പെണ്ണും. വിവാഹ വാര്‍ഷികം വലിയ ആഘോഷമാക്കാറില്ലെങ്കിലും സൗകര്യപ്പെട്ടാല്‍ ഒന്നിച്ചുണ്ടാകാറുണ്ട്. പ്രിയതമക്കും മക്കള്‍ക്കുമൊപ്പം കൂടിയിരുന്ന് ഉണ്ണുന്നത് അരനൂറ്റാണ്ടിന്റെ ബന്ധത്തിന്റെ സ്‌നേഹക്കണ്ണി ദൃഢമാക്കുമല്ലോ. പ്രത്യേകിച്ചും ഉമ്മ പോയ ശേഷമുള്ള ആദ്യത്തെ വിവാഹ വാര്‍ഷികമാണിത്. രാംമനോഹര്‍ ലോഹ്യ ആസ്പത്രി വാര്‍ഡില്‍ ഗുളികയും വെള്ളവും നീട്ടിയപ്പോള്‍ പെണ്ണുമ്മയുടെ കൈപിടിച്ച് അവരുടെ പ്രിയപ്പെട്ട ബാപ്പു പറഞ്ഞു. നമുക്ക് പിറക്കാതെ പോയ ആ മോളെ കാണാന്‍ നാളെ കശ്മീറിലേക്ക് പോകുന്നു… ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ കാശ്മീര്‍ ദൗത്യങ്ങളില്‍ ഇതാദ്യത്തേതല്ല. റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മരുന്നും വെള്ളവും വസ്ത്രവുമായി പലപ്പോഴും അവിടെ പോകാറുണ്ട്. പക്ഷെ, ഈ യാത്ര എല്ലാത്തില്‍ നിന്നും വ്യത്യസ്ഥമാണ്; ഇ.ടി തന്നെ അതു പറയട്ടെ…

? ആസിഫ ബാനു ലോകത്താകമാനം അലയടിക്കുന്ന വിലയ വികാരമാണ്; കശ്മീരിലോ.

= ഈ ചോദ്യത്തില്‍ തന്നെ ഒരു ശരികേടുണ്ട്. പൈശാചികമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അവരുടെ പേര് പരസ്യമായി പറയുന്നതും എഴുതുന്നതും നിയമത്തിന് എതിരല്ലെ. ഇത്തരം പീഡനങ്ങളില്‍ ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താമോ. ഡല്‍ഹിയില്‍ ബസ്സില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടി ‘നിര്‍ഭയ’ എന്ന അപര നാമത്തിലാണ് അറിയപ്പെടുന്നത്. കഠുവ സംഭവത്തില്‍ വിഷയത്തിന്റെ വൈകാരികതയില്‍ പേരും ഫോട്ടോയും നാടും കുടുംബവും എല്ലാം വ്യക്തമാക്കപ്പെട്ടു. അതൊക്കെ പരസ്യപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ കോടതി നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ആസിഫ ബാനു എന്ന പേര് ലോകത്താകമാനം ചര്‍ച്ചയാണ്. ജാതി മത വര്‍ഗ ഭാഷ രാജ്യ അതിര്‍ത്തികള്‍ക്ക് അപ്പുറം ആ ദാരുണ സംഭവത്തെ അപലപിച്ചു. ഐക്യരാഷ്ട്ര സഭ പോലും ഞെട്ടല്‍ രേഖപ്പെടുത്തി. രാജ്യത്ത് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളും കൊലകളും വര്‍ധിക്കുന്നു എന്നത് ഗൗരവത്തോടെ കാണണം. കഠുവയിലെ സംഭവം ആദ്യത്തോതോ അവസാനത്തേതോ അല്ല. പക്ഷെ, എല്ലാ പീഡന കൊലകളെക്കാളും വ്യത്യസ്ഥവും ഭീകരവുമാണത്. മൂന്ന് മാസം മുമ്പ് നടന്ന ആ ദാരുണ സംഭവം പുറം ലോകം അറിഞ്ഞത് വളരെ വൈകിയാണ്. ഒരാഴ്ചയിലേറെയായി രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ നടക്കുന്നു. നീതിക്കായുള്ള മുറവിളികള്‍ ഉയരുന്നു. എന്നിട്ടും ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ ഒരു മന്ത്രിയും തിരിഞ്ഞു നോക്കിയല്ല. ഒരു എം.പിയോ എം.എല്‍.എയോ അവരെ തേടി ഇതുവരെയും ചെന്നില്ല. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ദേശീയ ഭാരവാഹിയാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ ആശ്വാസമായി. മുസ്‌ലിംലീഗിനെ കുറിച്ചും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ആശ്വാസമെത്തിക്കുന്നതുമൊക്കെ അവര്‍ക്കറിയാം. കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം മൊബൈലില്‍ കാണിച്ചു തന്ന് നാട്ടുകാരില്‍ ഒരാള്‍ അഭിന്ദിച്ചപ്പോള്‍ അഭിമാനം തോന്നി. വളരെ ദൂരെയുള്ള കേരളത്തില്‍ നിന്നെത്തി കണ്ടതിലും പ്രാര്‍ത്ഥിച്ചതിലും കരഞ്ഞുകൊണ്ടാണ് അവര്‍ നന്ദി പറഞ്ഞത്. ഞങ്ങള്‍ ചെല്ലുന്നതറിഞ്ഞ് കോണ്‍ഗ്രസ്സിന്റെയും നാഷണല്‍ കോണ്‍ഫ്രന്‍സിന്റെയും പ്രാദേശിക നേതാക്കള്‍ എത്തിയിരുന്നു. പി.ഡി.പിബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഏറെ അരക്ഷിതരാണവരെന്ന് ബോധ്യപ്പെട്ടു. ഞങ്ങളുടെ കൂടെയണ്ടായിരുന്ന ന്യൂയോര്‍ക്ക് ടൈംസ് ലേഖകനും അതു സാക്ഷ്യപ്പെടുത്തി.

? നാടോടികളായ ആ കുടുംബത്തെ തേടിയുള്ള യാത്രാനുഭവം

= മുസ്‌ലിംകളിലെ ഗുജ്ജാര്‍ ബകര്‍വാല വിഭാഗത്തില്‍ പെട്ടവരാണ് ആ മോളെ കുടുംബം. അതൊരു ജാതിയൊന്നുമല്ല. ബകര്‍വാല്‍ എന്നാല്‍ ആടിനെ മേക്കുന്നവര്‍ എന്നാണു അര്‍ത്ഥം. ജമ്മുവിലെയും കശ്മീര്‍ താഴുവരയിലെയും ആയിരത്തോളം കിലോമീറ്റര്‍ ചുറ്റളവില്‍ ആടുമാടുകളെ മേച്ച് നടക്കുന്ന വിഭാഗമാണത്. വേനലില്‍ താഴ്‌വരയുടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്കും തണുപ്പ് കാലത്ത് താഴുവാരങ്ങളിലേക്കും നാടോടികളായി സഞ്ചരിക്കും. ആടുകള്‍ക്ക് പുറമേ പശു, കുതിര, കഴുത എന്നിവയെ കൂടെ കൂടെ കൊണ്ട് നടക്കുന്നു. പശുവിനെ അറുക്കുകയോ ഭക്ഷണമാക്കുകയോ ചെയ്യില്ല. പശു പാലിന് വേണ്ടിയാണ്. പെട്ടന്ന് അത്യാവശ്യം ദൂരെ പോയി വരാനും മറ്റുമാണ് കുതിരകളെ ഉപയോഗിക്കുന്നത്. സാധങ്ങള്‍ ചുമക്കാനും കുട്ടികളെ യാത്ര ചെയ്യിക്കാനും കഴുതകളെയും. കാലികളാണ് അവരുടെ വരുമാന മാര്‍ഗം.സ്വത്ത് ഓഹരിവെക്കലും ആടു മാടുകളാണ്. കാലികളെയും തെളിച്ച് ഓരോ ദിവസവും എത്രയോ കിലോമീറ്ററുകള്‍ ഇവര്‍ താണ്ടും. കാലാവസ്ഥ വ്യതിയാനം അനുസരിച്ച് പ്രദേശങ്ങള്‍ മാറുമ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിദിനം നൂറു കിലോമീറ്റര്‍ വരെയൊക്കെ കാല്‍നട യാത്ര ചെയ്യുമെന്നാണ് പറയുന്നത്.

ഭൂമിയോ വീടോ ഭൂരിഭാഗത്തിന്റെയും സ്വപനങ്ങളിലില്ല. അങ്ങിനെ അവരെ ആക്കിയതില്‍ പല ഘടകങ്ങളുമുണ്ട്. വീടോ, നിലമോ ഇല്ലെങ്കിലും ഗുജ്ജാര്‍ ബകര്‍വാലകള്‍ എന്നും ഇന്ത്യയോട് കൂറും കടപ്പാടും കാത്തു സൂക്ഷിച്ചവരാണ്. കശ്മീരിന് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവരുടെ കണ്ണിലെ കരടാണിവര്‍. ഭൂമിയില്‍ അവകാശമില്ലാത്തവരുടെ അങ്ങനെ സ്വപ്‌നം കാണാത്തവരുടെ രാഷട്രീയ ബോധത്തില്‍ ആടു മാടുകളെ മേക്കല്‍ മാത്രമെയൊള്ളൂ. വനത്തില്‍ പുലി പിടിക്കുന്നതാണ് അവര്‍ക്കുള്ള പ്രധാന ഭീഷണിയായി അവര്‍ കാണുന്നത്. തമ്പടിച്ച സ്ഥലത്ത് ഇരുമ്പ് അടുപ്പില്‍ ചുറ്റുപാടും നിന്നും ശേഖരിക്കുന്ന വിറകു കത്തിച്ചു ഭക്ഷണമുണ്ടാക്കി കഴിക്കലും ഉറക്കവുമൊക്കെയാണ് ദിനചര്യ. അത്തരം ഒരു കുടുംബത്തെ കണ്ടെത്തുന്നത് ശ്രമകരമാവുമല്ലോ.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വഴി ജമ്മുവില്‍ വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നു. മുസ്‌ലിം ലീഗുകാരായ അവരുമായി ബന്ധപ്പെട്ടാണ് കഠുവയിലെ യാത്ര നിശ്ചയിച്ചത്. സുരക്ഷാ പ്രശ്‌നമുള്ളതിനാല്‍ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പിനെ നേരത്തെ വിവരമറിയിച്ചിരുന്നു. എം.പി എന്ന നിലയില്‍ സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ പൊലീസ് യാത്രക്കായി അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കാന്‍ നിര്‍ദേശിച്ചു. പൊലീസ് മേല്‍നോട്ടത്തില്‍ അതിലായിരുന്നു യാത്ര. കൂട്ടമാനഭംഗവും കൊലയും ചര്‍ച്ചയായതോടെ കഠുവയിലെ കശ്മീരി പണ്ഡിറ്റുകളുടെ ഭീഷണി ഭയന്ന് ആ ഗ്രാമം വിട്ട രക്ഷിതാക്കള്‍ക്ക് അഭയം നല്‍കിയ വ്യക്തിയുടെ അടുത്തേക്ക് പോയി. അദ്ദേഹത്തെയും കൂട്ടി ജമ്മുശ്രീനഗര്‍ നാഷല്‍ ഹൈവേയിലൂടെ 110ല്‍ അധികം സഞ്ചിരിച്ച് പിന്നെ ചെറുവഴിയിലൂടെ എട്ടു കിലോമീറ്റര്‍ പോയപ്പോഴാണ് അവരിപ്പോള്‍ താമസിക്കുന്ന സ്ഥലത്തെത്തിയത്. ഭീഷണി മൂലം രസന ഗ്രാമത്തില്‍ നിന്നും പലായനം ചെയ്ത് ഇപ്പോള്‍ താമസിക്കുന്നത് മലമുകളിലാണ്. അവിടെ നിന്ന് മാതാവിനെ താഴുവാരത്തേക്ക് ഇറക്കികൊണ്ടു വന്നു.

? മാതാ പിതാക്കളുടെ പ്രതികരണം

= ആസിഫയുടെ വളര്‍ത്തു പിതാവ് മുഹമ്മദ് യൂസുഫ് പുജ്‌വാലയും ഭാര്യയുമാണിവര്‍. യഥാര്‍ത്ഥ മാതാ പിതാക്കള്‍ ഏതോ താഴ്‌വരയില്‍ ഉണ്ടാവുമെന്നെ ഇവര്‍ക്കും അറിയൂ. അടുത്തൊന്നും കണ്ടിട്ടില്ല. ഭര്‍ത്താവിന്റെ പെങ്ങളുടെ മകളാണ് ആസിഫ. പിതാവിനെക്കാള്‍ മാതാവാണ് സംസാരിച്ചത്. വായില്‍ പല്ലുമുളക്കുന്നതിന് മുമ്പ് പെറ്റമ്മയായ നാത്തൂന്റെ അടുത്തുനിന്ന് കൊണ്ടുവന്ന ശേഷം മകളായി ആറു വര്‍ഷത്തിലേറെ ഇവിടെയായിരുന്നു. നാലു മക്കളും അപകടത്തില്‍ മരിച്ചപ്പോള്‍ ഞങ്ങള്‍ക്ക് കൈമാറിയതാണ്. എപ്പോഴും തന്നെ ചുറ്റിപ്പറ്റി ഉണ്ടാവും. കിടത്തവും ഭക്ഷണവും എല്ലാം ഒന്നിച്ചായിരുന്നു. അരുസരണക്കേടോ കുശുമ്പോ ഒന്നും ഇല്ലായിരുന്നു. ആരും വല്ലാതെ ഇഷ്ടപ്പെടുന്ന ഓമനത്തമുള്ള കുട്ടി. അധികമൊന്നും പുറത്തുള്ളവരോട് ഇടപഴകുന്ന പ്രകൃതമല്ല അവളുടേത്. പരിചയമുള്ളവര്‍ വിളിച്ചാല്‍ പോലും കൂടെ പോകില്ല. മൃഗങ്ങളോട് അളവറ്റ സ്‌നേഹമായിരുന്നു. പ്രത്യേകിച്ചും കുതിരകളോട്. കുതിരകളെ തൊട്ടു തലോടി കൊഞ്ചികുഴഞ്ഞ് നടക്കും. സ്‌കൂള്‍ പഠനത്തിനൊന്നും അയച്ചില്ല. കഠുവയിലെ സ്ഥലത്തിന്റെ രേഖ ശരിയാക്കിയാല്‍ അവിടെ താമസിച്ച് അടുത്ത വര്‍ഷം സ്‌കൂളില്‍ ചേര്‍ക്കണമെന്നായിരുന്നു മോഹം. പഠിപ്പിച്ച് വലിയ ആളാക്കാനൊന്നുമല്ല. കല്ല്യാണപ്രായമാവുമ്പോള്‍ ആരെയെങ്കിലും ഏല്‍പ്പിക്കണം. അതുവരെ… കരച്ചിലില്‍ വാക്കുകള്‍ മുറിഞ്ഞു.

കണ്ണീരും കരച്ചിലുമായി ഭാര്യ കാര്യങ്ങള്‍ പറയുമ്പോള്‍ തൊട്ടടുത്ത് യൂസുഫ് അകം കലങ്ങി മറിയുന്ന സമുദ്രത്തെ ധ്വനിപ്പിക്കുന്ന മുഖഭാവത്തോടെ ഇരുന്നു. ചോദ്യങ്ങള്‍ക്കെല്ലാം കരച്ചിലോടെയാണ് മാതാവിന്റെ മറുപടി. കുതിരകള്‍ക്കൊപ്പം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ11 മണിയോടെ തിരിച്ചെത്തി വീണ്ടും പോയതായിരുന്നു. അവള്‍ പിന്നെ തിരിച്ചു വന്നില്ല. തിരയാവുന്നിത്തൊക്കെ നോക്കി. അത്രയും ദിവസവും വിളിപ്പാടകലെ ഒന്നുറക്കെ കരയാന്‍ പോലുമാകാതെ അവളുണ്ടായിരുന്നെന്ന് ആലോചിക്കുമ്പോള്‍ സഹിക്കാനാവുന്നില്ല. അതൊക്കെ ചെയ്തത് അറിയുന്നവരായിരുന്നു. സ്ഥലത്തിന്റെ രേഖ തരാതെ ഭീഷണിപ്പെടുത്തലൊക്കെ ഉണ്ടായിരുന്നെങ്കിലും മുമ്പൊന്നും ഒരക്രമവും നടന്നിട്ടില്ല. അങ്ങനെയൊരു സൂചനപോലും ഉണ്ടായിരുന്നില്ല. ഒരു നിലക്ക് എല്ലാവരും സൗഹൃദത്തോടെയാണ് കഴിഞ്ഞിരുന്നത്. കണ്ണീരടക്കാനാവാതെ അവര്‍ വിതുമ്പിക്കരഞ്ഞു. എഴുപത് വയസ്സിലേറെ പ്രായമുള്ള ഉമ്മാക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ല. ദുഃഖ ഭാരത്താല്‍ തളര്‍ന്നതിനാലാവണം, അവര്‍ക്ക് ഒറ്റക്ക് നടക്കാനാവാത്ത അവസ്ഥയായിരുന്നു.

? ആസിഫയുടെ കബറിടം

= കബറിടത്തില്‍ പോകാനും പ്രാര്‍ത്ഥനക്കും ആഗ്രഹിച്ചെങ്കിലും സാധ്യമായില്ല. സംഭവം നടന്ന സ്ഥലത്ത് ഖബറടക്കാന്‍ അക്രമികള്‍ സമ്മതിക്കാതെ വളരെ വിജനമായ മലമുകളിലാണ് മറമാടിയത്. ഞങ്ങളെത്തിപ്പെട്ട സ്ഥലത്തു നിന്ന് ചെങ്കുത്തായ മലമ്പാത താണ്ടി ഏതാനും കിലോമീറ്ററുകള്‍ പോകണം. ഞങ്ങളുടെ ആഗ്രഹം അറിയിച്ചപ്പോള്‍ അതത്ര എളുപ്പമല്ലെന്നും അതുപേക്ഷിക്കണമെന്നും രക്ഷിതാക്കള്‍ തന്നെ വിലക്കി. കല്ലുകള്‍ നിറഞ്ഞ കുത്തനെയുള്ള കിലോമീറ്ററുകള്‍ നീളുന്ന മലമ്പാത താണ്ടാന്‍ കുതിര സവാരി അറിയണം. അല്ലെങ്കില്‍ സാഹസമാണ്. പ്രായമായ മാതാപിതാക്കള്‍ക്ക് അവിടെ പോകാന്‍ കഴിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി. മലമുകളില്‍ വെള്ളാരം കല്ലുകള്‍ മുകളില്‍ പാകിയ ഒരു സ്ഥലത്തിന്റെ ഫോട്ടോ കാണിച്ച് ഇതാണ് കബറെന്ന് അവര്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ഖബര്‍സ്ഥാന്‍ തിരിച്ചറിയാന്‍ ഒരു മാര്‍ഗവും കാണില്ല. ആ ഓര്‍മ്മകളെ അക്രമികള്‍ അത്രമേല്‍ ഭയപ്പെടുന്നുണ്ടാവണം.

? എന്താണ് കുടുംബത്തിന്റെ ആവശ്യങ്ങള്‍

പ്രത്യേകിച്ച് മോഹങ്ങളൊന്നുമില്ലാത്ത പാവങ്ങളാണ്. സാമ്പത്തിക സഹായം നല്‍കി കേസ്സിന്റെ കാര്യങ്ങള്‍ നോക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം മുസ്‌ലിംലീഗ് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ നിര്‍ത്താതെ കരച്ചിലായിരുന്നു ഉത്തരം. നിങ്ങളൊക്കെ ഇവിടെ വന്ന് കണ്ടതും പ്രാര്‍ത്ഥിച്ചതും തന്നെ വലിയ ആശ്വാസമായി എന്നായിരുന്നു മറുപടി. പിന്നെ പറഞ്ഞു, ഒന്നും വേണ്ട; മകളെ കൊന്നവരെ തൂക്കികൊല്ലണം. ഉള്ളിലൊതുക്കിയ കനല്‍ കത്തുന്നപോലെ അതുകേട്ട് പിതാവും വിതുമ്പി കരഞ്ഞു.

? വര്‍ഗീയമാണോ ആ സംഭവവും കൊലയും

= മേഖലയില്‍ വലിയ വര്‍ഗീയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അവരൊക്കെ പറയുന്നത്. ബകര്‍വാല്‍ സമുദായത്തിലെ ഒരു കുടുംബം പോലും സംഭവം നടന്ന കഠുവയില്‍ ഇപ്പോഴില്ല. എല്ലാവരും ജീവരക്ഷാര്‍ത്ഥം പാലായനം ചെയ്തിരിക്കുന്നു. അവരെ ആട്ടിപ്പായിക്കാന്‍ ഭൂമിയിലെ അവകാശം ഇല്ലായ്മ ചെയ്യാന്‍ ആസൂത്രണം ചെയ്തതാണോ ഇതൊക്കെയെന്ന സംശയത്തില്‍ ന്യായമുണ്ട്. ഇവിടെ പിറന്ന സര്‍വ്വ ജീവജാലങ്ങളെയും ‘ഭൂമിയുടെ അവകാശികള്‍’ എന്നാണ് വിശ്വ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ ഓര്‍മ്മിപ്പിച്ചത്. മനുഷ്യര്‍ക്ക് മാത്രമല്ല, എല്ലാ പക്ഷി മൃഗാദികള്‍ക്കും തുല്ല്യ അവകാശമുള്ള പ്രപഞ്ചത്തെ കുറിച്ച് താത്വികമായ ഒട്ടേറെ ഉല്‍ബോധനങ്ങളുണ്ടായി. ഭക്ഷണം വസ്ത്രം ഒരു തുണ്ട്ഭൂമിയിലൊരു പാര്‍പ്പിടം എന്നിവയൊക്കെ മനുഷ്യാവകാശത്തിന്റെ ഗണത്തില്‍ എണ്ണുന്നതും പുതുമയല്ല. എന്നാല്‍, സ്ഥലമോ വീടോ സ്വന്തമായി ഇല്ലാവരുടെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തി എത്രകാലം മുന്നോട്ടു പോകും.

കഠുവില്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി ഇവര്‍ക്ക് ഉണ്ടായിരുന്നു. അതിലൊരു ചെറിയ കുടിലും. കശ്മീരില്‍ കശ്മീരികള്‍ക്ക് മാത്രമെ ഭൂമി സ്വന്തമായി വാങ്ങാനാവൂ. പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട മുസ്്‌ലിം കുടുംബം എന്ന നിലക്ക് വനനിയമത്തിന്റെ പരിധിയില്‍ പെട്ട ആ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് ഗോത്രവിഭാഗമായ അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ ഭൂമിയുടെ രേഖ പണ്ഡിറ്റുകളായ സര്‍പഞ്ച് നല്‍കിയില്ല. കഠുവയില്‍ നിന്ന് ബകര്‍വാലുകളെ ആട്ടിയോടിക്കുന്നതിലും പട്ടയം നല്‍കുന്നതിനെ എതിര്‍ത്തും ഭീഷണിപ്പെടുത്തിയും ഇത്രനാളും നടത്തിയ ശ്രമങ്ങളിലും പണ്ഡിറ്റുകള്‍ വിജയിച്ചു. ഭയം മൂലം ആരും ഭൂമി സ്വന്തമാക്കി കഠുവയില്‍ താമസിക്കാന്‍ എത്താത്ത സാഹചര്യമാണിപ്പോള്‍. സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ മുഖ്യമന്ത്രി മഹ്്ബൂബ മുഫ്തിയെ ബന്ധപ്പെട്ട് വൈകാതെ ചര്‍ച്ച നടത്തണം.

ആ നിഷ്ടൂര സംഭവത്തെ വര്‍ഗീയമാക്കാനും പ്രതികളെ രക്ഷിക്കാനുമാണ് കൊണ്ടു പിടിച്ച ശ്രമം. ഭരണഘടനാ പദവികള്‍ വഹിക്കുന്ന രണ്ട് മന്ത്രിമാരാണ് പ്രത്യക്ഷത്തില്‍ തന്നെ ഭീഷണിയും വെല്ലുവിളിയും നടത്തിയത്. ജനരോഷം മൂലം ഇരുവരും രാജിവെച്ചെങ്കിലും ബി.ജെ.പിക്കാരനായ ഉപ മുഖ്യമന്ത്രിയുടെ ബലത്തില്‍ രണ്ടും കല്‍പിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണ്. ആവശ്യമില്ലാത്ത അറസ്റ്റ് സമ്മതിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും സമ്മതിക്കില്ലെന്ന് അഭിഭാഷകര്‍ ഭീഷണിപ്പെടുത്തുന്നത് രാജ്യത്ത് കേട്ടുകേള്‍വിയുണ്ടോ. പൊലീസിനെ മാത്രമല്ല, അഭിഭാഷകരെയും ബാര്‍ കൗണ്‍സിലിലെ മേധാവിത്വം ഉപയോഗിച്ച് ചൊല്‍പടിയില്‍ നിര്‍ത്താനാണ് ശ്രമം. രാജ്യത്ത് ഇന്നേവരെ ഇല്ലാത്തതാണിത്.

? അമ്പലവും പൂജാരികളും പ്രതിസ്ഥാനത്താണ്

= അതാണ് വിഷയത്തെ വഴിതിരിച്ചുവിടാന്‍ കരുവാക്കുന്നതും. ക്രൂര കൃത്യം നടന്നത് അമ്പലം ദുരുപയോഗം ചെയ്താണെന്നതോ ഉള്‍പ്പെട്ടത് പൂജാരിയാണെന്നതോ ഹൈന്ദവ സമൂഹത്തെ പ്രതി സ്ഥാനത്ത് നിര്‍ത്താന്‍ ഉതകുന്നതല്ല. ഈ വിഷയം മൂന്ന് മാസത്തോളമായപ്പോഴാണ് നമ്മള്‍ അറിയുന്നത്. പ്രത്യേകിച്ച് കശ്മീറിന്റെ പുറത്തുള്ളവര്‍. ഹിന്ദുമത വിശ്വാസികളായ ഉദ്യോഗസ്ഥരാണ് നിജസ്ഥിതി പുറത്തുകൊണ്ടു വന്നത്. ഇതോടെ ഇളിയ സംഘ്പരിവാര്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യം ഉന്നയിക്കുകയായിരുന്നു. ജമ്മുെ്രെ കംബ്രാഞ്ച് തന്നെ അന്വേഷിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും ഡി.ജി.പി എസ്.പി വേദ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. റിട്ട് പെറ്റിഷന്‍ പരിഗണിച്ച് തൊണ്ണൂറു ദിവസത്തിനകം ചാര്‍ജ് ഷീറ്റ് നല്‍കണം എന്ന് ജമ്മുെ്രെ കംബ്രാഞ്ച് നോട് നിര്‍ദ്ദേശിച്ച് ഉത്തരവിട്ട ജഡ്ജ ഉള്‍പ്പെടെയുള്ള ഹൈന്ദവ വിശ്വാസികളെ നടിച്ച് അമ്പലത്തെ ക്രൂശിക്കണമെന്നാണോ. സംഭവത്തെ ലഘൂകരിക്കാന്‍ സ്വന്തം മതത്തിന്റെ പോരിശയെ മറയാക്കുന്നതും കേസ്സില്‍ നിന്ന് രക്ഷപ്പെടാന്‍ മതത്തെ ദുരുപയോഗം ചെയ്യുന്നതുമാണ് വര്‍ഗീയത.

സ്വന്തം ജീവനുള്ള ഭീഷണി പോലും വകവെക്കാതെയാണ് അഡ്വ.ദീപികയൊക്കെ ശക്തമായി മുന്നോട്ടു പോകുന്നത്. ഈ കേസ്സില്‍ സുപ്രീം കോടതിയില്‍ ഹാജരാവുന്ന അഡ്വ. ഇന്ദിരാ ജെയ്‌സിങ്ങുമായി കണ്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്തെങ്കിലും പ്രലോഭനത്തില്‍ വീഴുന്ന വ്യക്തിയല്ല അവര്‍.ജമ്മുവില്‍ ഈ കേസ്സ് നോക്കുന്നത് ഇവരുടെ ജൂനിയറായ അഡ്വ.ദീപിക സിങ്ങ് രാവത്താണ്. വൈകാതെ അവരെയും കാണണം. ഇരുവര്‍ക്കും എല്ലാ പിന്തുണയും ഉറപ്പാക്കും.

? പ്രതികള്‍ക്കായി അവര്‍ ദേശീയ പതാക പിടിക്കുന്നു

= ബലാത്സംഗ കേസിലെ പ്രതികളെ വിട്ടയക്കണമെന്നും പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്ന കുറ്റപത്രം റദ്ദ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ‘ഹിന്ദു ഏക്താ മഞ്ച്’ ന്റെ വലിയ കോലാഹലം നടക്കുന്നു എന്നതൊഴിച്ചാല്‍ പ്രത്യക്ഷത്തില്‍ കശ്മീരില്‍ എവിടെയും ആസിഫക്കായി പ്രക്ഷോഭങ്ങളൊന്നുമില്ല. പ്രതികള്‍ക്കായി അവര്‍ പിടിക്കുന്ന കൊടി ഇന്ത്യയുടെ ദേശീയ പതാകയാണ് എന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. ഇന്നോളം ഇന്ത്യയോട് ചേര്‍ന്ന വിഭാഗത്തെ പാക്കിസ്ഥാനികളും ദേശ വിരുദ്ധരുമായി മുദ്രകുത്തി ആട്ടിപ്പായിക്കാനും ഹിന്ദു പോളറൈസേഷന്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നത്. ഗതികെട്ടപ്പോള്‍ പ്രധാനമന്ത്രിയുടെ പഴങ്കഞ്ഞി പോലത്തെ പ്രതികരണമൊക്കെ അതുകൊണ്ടാണ്.

ഒരു വലിയ വിഭാഗം ആസിഫക്ക് അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ രംഗത്തുണ്ട്. അതിനെയും ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങളുമുണ്ട്. കേരളത്തില്‍ നടന്ന ഹര്‍ത്താല്‍ പോലും വേറൊരു രീതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചതും നമ്മള്‍ കണ്ടു. നേതൃത്വമില്ലാത്ത സമരങ്ങളുടെയെല്ലാം പരിണിതി അതാവും. കൃത്യമായ ധാരയോടെ പൊതു സമൂഹത്തിന്റെ പിന്തുണയോടെ കുറ്റവാളികളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇന്ത്യ ഒന്നാകെ ആസിഫക്കൊപ്പമാണ്. സംഘ്പരിവാര്‍ പ്രതിരോധത്തിലാണ്. കേരളത്തില്‍ അത്തരം ഉയര്‍ന്ന ബോധം നമ്മള്‍ കണ്ടതാണ്. സച്ചിതാനന്ദന്റെ കവിതയും സിക്ക് എഞ്ചിനീയറുടെ ഒരു മാസത്തെ വേതനവും മകള്‍ക്ക് പേരിട്ട മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടെ നമ്മളെ അനീതിക്കെതിരെ ഒന്നാക്കുന്നു. ഈയൊരു വാട്‌സപ്പ് കത്തുകൂടി ഇവിടെ ചേര്‍ക്കണം: പ്രിയ ഡിസി രവീ,

എന്റെ അന്ധകാണ്ഡം, ദൈവപ്പാതി, ഓ നിഷാദാ, പ്ലമേനമ്മായി, യക്ഷിയും മറ്റും, ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ പുസ്തകങ്ങളുടെ ഏതാണ്ട് അഞ്ച് ലക്ഷം വരുന്ന റോയല്‍റ്റി കത്വയിലെ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് നല്‍കണം. എനിക്കിനി റോയല്‍റ്റി വേണ്ട. എന്റെ എല്ലാ പുസ്തകങ്ങളുടേയും എന്നെന്നേക്കുമുളള റോയല്‍റ്റി ഞാന്‍ നിനക്ക് വില്‍ക്കുന്നു. ഞാനിനി എഴുതുന്നില്ല. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെ പ്രായമുളള ആ കുഞ്ഞിനെ കൊന്നവരെ തൂക്കി കൊല്ലുംവരെ എനിക്കുറക്കമില്ല. തൂക്കി കൊന്നാലും എനിക്കുറക്കമില്ല. ബലാത്സംഗം എന്താണെന്ന് പോലുമറിയാത്ത കുഞ്ഞിനോട് അവര്‍ കാണിച്ചത് കണ്ടില്ലേ. ഞാനിത്ര കാലം കവിതയെഴുതിയിട്ട് മാനുഷിക മൂല്യങ്ങള്‍ക്ക് ഒരു ഗുണവും കിട്ടിയില്ലെന്ന് കാലം തെളിയിച്ചില്ലേ. പിന്നെ ഞാനെന്തിനെഴുതണം. എനിക്ക് നെഞ്ചിലൊരസ്വാസ്ഥ്യം. എനിക്കിനി കവിത വേണ്ട. ജീവിക്കാനര്‍ഹരല്ല നാം… (കവി കെ.ആര്‍ ടോണി).

ആസിഫ മോള്‍ക്ക് നീതി ലഭിക്കാതെ വിശ്രമമില്ല; ചെറു ന്യൂനപക്ഷം ഒഴിച്ചാല്‍ രാജ്യം മുഴുവന്‍ കൂടെയുണ്ട്.