മുംബൈ: മൂഡീസ് റേറ്റിങിനെ പ്രകീര്‍ത്തിച്ച് രംഗത്തു വന്ന കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി പി.ചിദംബരം. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ക്രഡിറ്റ് റേറ്റിങ് കണക്കാക്കാന്‍ മൂഡീസ് ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍ പൂര്‍ണമായും അശാസ്ത്രീയമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരുന്നു. റേറ്റിങ് നല്‍കാന്‍ ഉപയോഗിക്കുന്ന രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് മൂഡീസിന് സുദീര്‍ഘമായ ഒരു കത്ത് നല്‍കിയ കാര്യവും ചിദംബരം ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപവും ക്രഡിറ്റ് വളര്‍ച്ച, തൊഴില്‍ മേഖലയിലെ വളര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ ശരിയായ സൂചകങ്ങള്‍. മോദി സര്‍ക്കാരിന് കീഴില്‍ ഈ മൂന്ന് വാചകങ്ങളുടെ സ്ഥിതിയും അപകടത്തിലാണെന്നും ടാറ്റ ലിറ്ററേച്ചര്‍ ലൈവില്‍ സംസാരിക്കവെ ചിദംബരം പറഞ്ഞു. കഴിഞ്ഞ ദിവസം ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയിരുന്നു. ഇതിന് മുമ്പ് 2004ലായിരുന്നു മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തിയത്. സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്ന വിശ്വാസത്താലാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തിയത്. എന്നാല്‍ ഇതേ ഏജന്‍സിയും കേന്ദ്ര സര്‍ക്കാറും നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.7 ശതമാനം പ്രവചിച്ചിരുന്നതാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി.

2015-16ല്‍ എട്ട് ശതമാനമായിരുന്നു. 2016-17ല്‍ ഇത് 7.1 ശതമാനമായി 2017-18ല്‍ ഇത് 6.7 ശതമാനമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതില്‍ നിന്നും വളര്‍ച്ച മുകളിലേക്കോ അതോ താഴെക്കോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂവെന്നും ചിദംബരം പറഞ്ഞു. സ്ഥിര മൂലധന നിക്ഷേപം 7-8 പോയിന്റ് ഇടിഞ്ഞിട്ടുണ്ട്. ഇത് സമീപ ഭാവിയില്‍ തിരിച്ചു വരവ് പ്രകടിപ്പിക്കില്ലെന്ന് ഉറപ്പാണ്. ഇതിനും പുറമെ സ്വകാര്യ നിക്ഷേപം കഴിഞ്ഞ ഏഴ്-എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. എല്ലാത്തിലും ഉപരിയായി പല പദ്ധതികളും നിലച്ചിട്ടുണ്ട്.

പല കമ്പനികളും പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു തുടങ്ങി. ഇതിന്റെ എല്ലാം ഫലമായി തൊഴില്‍ നഷ്ടം പെരുകുകയാണെന്നും ചിദംബരം പറഞ്ഞു. വായ്പ നിരക്ക് രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഓരോ വര്‍ഷവും ആറ് ശതമാനം വെച്ച് ഇത് ഇഴയുകയാണ്. ഇടത്തരം വ്യവസായങ്ങളെ സംബന്ധിച്ച് ഇത് നെഗറ്റീവ് വളര്‍ച്ചയാണ്, ചെറുകിട വ്യവസായം ഔദ്യോഗിക വായ്പ സംവിധാനങ്ങള്‍ക്കു പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുന്നതായും ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ വിശ്വസനീയമായ രേഖകളുമായി രംഗത്തു വരുന്നില്ല. 2017 ജനുവരി മുതല്‍ ജൂണ്‍ വരെ 19,60,000 തൊഴില്‍ നഷ്ടമാണ് രാജ്യത്ത് സംഭവിച്ചതെന്നും മുന്‍ ധനകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ 90 ശതമാനം തൊഴില്‍ പ്രചോദനം നല്‍കുന്ന ചെറുകിട വ്യവസായങ്ങളെ ഉത്തേജിപ്പിക്കേണ്ടതുണ്ടെന്നും ചിദംബരം വ്യക്തമാക്കി.