ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ ഉപരിസഭ കടക്കുന്നതില്‍ ഭരണകക്ഷിയില്‍ ആശങ്ക. വേണ്ടത്ര അംഗങ്ങള്‍ സഭയില്‍ ഇല്ലാത്തതും ചില സഖ്യകക്ഷികള്‍ ഇടഞ്ഞു നില്‍ക്കുന്നതുമാണ് ബിജെപിയെ ആകുലപ്പെടുത്തുന്നത്. ബില്ലിനെതിരെ വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്‌ വിവിധ കക്ഷികളെ സമീപിച്ചിട്ടുമുണ്ട്.

243 ആണ് ഉപരിസഭയിലെ അംഗബലം. ഇതില്‍ 122 പേരുടെ പിന്തുണയാണ് ബില്‍ പാസാക്കാനായി വേണ്ടത്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് 105 സീറ്റുകളാണ് ഉള്ളത്. പ്രതിപക്ഷത്തിന് നൂറും.

രാജ്യസഭയിലെ പത്ത് എംപിമാര്‍ കോവിഡ് കാലം പങ്കെടുക്കുന്നില്ല. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്, മുന്‍ ധനമന്ത്രി പി ചിദംബരം എന്നിവര്‍ അടക്കം 15 പേര്‍ ഈ സെഷനില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്. അംഗങ്ങള്‍ കുറയുന്ന വേളയില്‍ ഭൂരിപക്ഷത്തിനു വേണ്ട അംഗ ബലത്തിലും കുറവുണ്ടാകും. ബിജെപിക്ക് മാത്രമായി 86 പേരാണ് ഉപരിസഭയിലുള്ളത്. ബാക്കിയുള്ളവര്‍ സഖ്യകക്ഷി അംഗങ്ങളും.

ഇതില്‍ ശിരോമണി അകാലിദളിന്റെ മൂന്ന് എംപിമാര്‍ ബില്ലുകള്‍ക്കെതിരെ വോട്ടു ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പും നല്‍കിയിരുന്നു. ബില്‍ കൊണ്ടുവന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഏക പാര്‍ട്ടി മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ് എന്നാണ് അകാലിദള്‍ ആരോപിക്കുന്നത്.

ബിജെപിയോട് സൗഹൃദം പുലര്‍ത്തുന്ന ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവയുടെ നിലാപടുകള്‍ ബില്ലില്‍ നിര്‍ണായകമാകും. വൈഎസ്ആര്‍ കോണ്‍ഗ്രസിന് ആറും ടിആര്‍എസിന് ഏഴും ബിജെഡിക്ക് ഒമ്പതും സീറ്റാണ് ഉള്ളത്. 135 വോട്ടുകള്‍ ബില്ലുകള്‍ക്ക് അനുകൂലമായി ലഭിക്കും എന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. കോണ്‍ഗ്രസിന് സ്വന്തമായി രാജ്യസഭയില്‍ 40 അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിക്ക് നാലും എസ്പിക്ക് എട്ടും എഎപിക്ക് മൂന്നും സീറ്റുകളുണ്ട്. എന്‍സിപിക്ക് നാലും ശിവസേനയ്ക്ക് മൂന്നും സീറ്റുണ്ട്.