ബീജിങ്: നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനെയും വൈസ് പ്രസിഡണ്ട് കമല ഹാരിസിനെയും അഭിനന്ദിച്ച് ചൈന. യുഎസ് തെരഞ്ഞെടുപ്പ് വിധി വന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ചൈന ബൈഡനെ അനുമോദിക്കുന്നത്. അമേരിക്കന്‍ ജനതയുടെ തെരഞ്ഞെടുപ്പിനെ മാനിക്കുന്നതായി ചൈന വ്യക്തമാക്കി.

ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ ബൈഡന് ആശംകള്‍ അറിയിച്ചിട്ടും ചൈന ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലയളവില്‍ ഏറെ മോശം ബന്ധമുണ്ടായിരുന്നത് ചൈനയുമായാണ്. കോവിഡിന്റെ വരവോടെ അത് ശീതസമരത്തിലേക്ക് നീങ്ങുകയും ചെയ്തു.

‘അമേരിക്കന്‍ ജനതയുടെ തെരഞ്ഞെടുപ്പിനെ ഞങ്ങള്‍ മാനിക്കുന്നു. ബൈനഡും ഹാരിസിനും അഭിനന്ദനങ്ങള്‍’ – എന്നാണ് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പതിവു പത്ര സമ്മേളനത്തില്‍ പറഞ്ഞത്ത.

അതിനിടെ, യുഎസില്‍ ബൈഡന്റെ വിജയം അംഗീകരിക്കാതെ നില്‍ക്കുകയാണ് ഇപ്പോഴും ട്രംപ്. ദേശവ്യാപകമായി 2.7 ദശലക്ഷം വോട്ടുകള്‍ ഒഴിവാക്കി എന്നാണ് ട്രംപ് ഉന്നയിച്ച ഏറ്റവും പുതിയ ആരോപണം. ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കിയിട്ടില്ല.