ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപതു ലക്ഷത്തില്‍ എത്തിയേക്കാമെന്നു പഠന റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത് നിലവില്‍ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 50,20,369 ആണെന്നാണ്. കോവിഡ് രോഗികളുടെ കണക്കില്‍ അമേരിക്കയെ ഒക്ടോബറോടെ ഇന്ത്യ മറികടക്കും എന്നാണ് ഈ പഠനം പറയുന്നത്.

നിലവില്‍ ഏറ്റവുമധികം രോഗബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ദീര്‍ഘകാലത്തെ ലോക്ഡൗണ്‍, സാമൂഹികഅകലം പാലിക്കല്‍ എന്നിവയ്‌ക്കൊന്നും ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണത്തെ കുറയ്ക്കാന്‍ സാധിച്ചില്ല എന്നാണു ഈ റിപ്പോര്‍ട്ട് പറയുന്നത്. Statistical learning techniques ഉപയോഗിച്ചാണ് ഈ പഠനം നടത്തിയിരിക്കുന്നത്.
ഏപ്രിലില്‍ ഇന്ത്യയിലെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ ഒതുങ്ങിയിരുന്നു. ഇതാണ് തുടര്‍ന്നുള്ള മാസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ കടന്നത്. സ്ഥിതിഗതികള്‍ ഇനിയും വഷളായേക്കാം എന്നാണ് അനുമാനം. നഗരങ്ങളെയും ഗ്രാമങ്ങളെയും ഒരേപോലെയാണ് രോഗം ബാധിച്ചത്. ഇതാണ് രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കാന്‍ കാരണം.
നിലവില്‍ കോവിഡ് പ്രതിരോധ വാക്‌സീനുകള്‍ പരീക്ഷണഘട്ടത്തിലാണ്. ഇവ എപ്പോള്‍ വിപണിയില്‍ എത്തും എന്നത് സംബന്ധിച്ച് ശരിയായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. സാമൂഹികഅകലം ശക്തമായി പാലിക്കുക, മാസ്‌ക് ധരിക്കുക, കൈകള്‍ അടിക്കടി വൃത്തിയാക്കുക എന്നിവയാണ് തല്ക്കാലം രോഗത്തെ സ്വയം പ്രതിരോധിക്കാന്‍ ചെയ്യാവുന്ന കാര്യങ്ങള്‍.