കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്‍ സി.പി. എം – ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്‍ സി.പി.എം സഖ്യം ചേരുന്നത്. നാദിയ ജില്ലയിലാണ് ഇതിന്റെ ആദ്യ പരീക്ഷണം. തെരഞ്ഞെടുപ്പ് സഖ്യമല്ല, മറിച്ച് സീറ്റ് വിഭജനത്തിലെ നീക്കുപോക്കുകള്‍ മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ളതെന്നാണ് സി.പി.എം വാദം.
ഹൈദരാബാദില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകമാണ് ബംഗാളില്‍ ബി. ജെ.പിയുമായി സഖ്യം ചേരാനുള്ള സി.പി.എം തീരുമാനം. ഒറ്റപ്പെട്ട സംഭവമെന്നാണ് തെരഞ്ഞെടുപ്പ് സഹകരണത്തെ ബി.ജെ.പി നോര്‍ത്ത് നാദിയ ജില്ലാ പ്രസിഡണ്ട് മഹാദേബ് സര്‍ക്കാര്‍ വിശേഷിപ്പിച്ചത്. പാര്‍ട്ടിയുടെ നയങ്ങളെ ഇത് ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം താഴെ തലത്തില്‍ വരെ സഹകരണം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ പരസ്യ സഖ്യത്തിലേക്കാണ് ബംഗാളില്‍ സി.പി.എമ്മും ബി.ജെ.പിയും നീങ്ങുന്നതെന്ന് ഉറപ്പായി. ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ നിലപാട് പോലും ഇതോടെ ചോദ്യം ചെയ്യപ്പെട്ടേക്കും.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏപ്രില്‍ അവസാന വാരം കരീംപൂര്‍-റണാഗട്ട് മേഖലയില്‍ സി.പി.എമ്മും ബി.ജെ.പിയും സംഘടിപ്പിച്ച സംയുക്ത റാലിയോടെയാണ് സഹകരണത്തിന് തുടക്കം കുറിച്ചത്. മുതിര്‍ന്ന സി.പി.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രമാ ബിശ്വാസ് ഉള്‍പ്പെടെയുള്ളവര്‍ റാലിയില്‍ സംബന്ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് സഹകരണത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടത്. നിലവിലെ ധാരണ അനുസരിച്ച് സി.പി. എമ്മിന് സ്വാധീനമുള്ള വാര്‍ഡുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല. ഇത്തരം വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് സി.പി.എം നിര്‍ത്തുക. ഈ സ്ഥാനാര്‍ത്ഥികളെ ബി.ജെ.പി പിന്തുണക്കും. ബി.ജെ. പി സ്വാധീനമുള്ള സീറ്റുകളില്‍ ഇതേ രീതിയില്‍ സി.പി.എം തിരിച്ചും സഹായിക്കുമെന്നാണ് ധാരണയെന്ന് മഹാദേബ് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സി.പി.എമ്മിന് സ്വാധീനമുള്ള സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളോട് പത്രിക പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നാദിയ ജില്ലയിലെ രാഷ്ട്രീയ നീക്കം ദേശീയ തലത്തില്‍ തന്നെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളില്‍ ഇത് പ്രകടമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ മുന്‍ നിര്‍ത്തി സി.പി.എമ്മിന്റെ രാഷ്ട്രീയ ലൈന്‍ വിലയിരുത്തരുതെന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രവര്‍ത്തിയുടെ മറുപടി.
അതേസമയം ബംഗാളില്‍ സി.പി.എം സ്വീകരിക്കുന്നത് അടവുനയമാണെന്നതിന് തെളിവാണ് നാദിയയിലെ രാഷ്ട്രീയ നീക്കമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ഇതില്‍ അത്ഭുതമില്ല. നാദിയയില്‍ മാത്രമല്ല, മറ്റു ജില്ലകളിലും സി.പി.എമ്മും ബി.ജെ. പിയും തമ്മില്‍ ഇത്തരത്തില്‍ അടവു നയം പ്രയോഗിക്കുന്നുണ്ട്. ബി.ജെ.പിക്കെതിരെ പോരാടുന്ന ഒറ്റ ശക്തിയേ സംസ്ഥാനത്തുള്ളൂവെന്ന് ഇതിലൂടെ തെളിഞ്ഞെന്നും തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.