തൃശൂര്‍: സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് എല്‍.ഡി.എഫിന്റെ പേരില്‍ വെക്കുന്ന പ്രചാരണ ബോര്‍ഡുകളിലൊന്നും സി.പി.ഐയുടെ നേതാക്കളുടെ ചിത്രങ്ങള്‍ഉണ്ടാകാറില്ല. അങ്ങേയറ്റം കുറഞ്ഞ ഇടങ്ങളില്‍ മാത്രമാണ് സി.പി.എം-സി.പി.ഐ നേതാക്കളെ ഒരേ ബോര്‍ഡുകളില്‍ കാണാനാവുക. ഇതിനെതിരെ കാലങ്ങളായി സി.പി.ഐ അമര്‍ഷം ഉയര്‍ത്താറുമുണ്ട്. മുന്നണിക്കകത്തെ ഉള്‍പ്പോരിന്റെ പേരിലാണ് ഇതെന്നാണ് ആക്ഷേപം. എന്നാല്‍ ഈ നടപടിക്കെതിരെ തൃശൂര്‍ എല്‍.ഡി.എഫില്‍ കലഹം രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍.

മുന്നണിക്കു വോട്ട് അഭ്യര്‍ഥിച്ചു കൊണ്ടുള്ള ബോര്‍ഡുകളിലെല്ലാം പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യമെഴുതി എല്‍.ഡി.എഫിന്റെ പേരില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് വെച്ച കട്ട് ഔട്ടുകളിലാണ് സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷി നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കിയത്. കാനം രാജേന്ദ്രന്‍ ഇതിനെതിരെ കനത്ത അമര്‍ഷം അറിയിച്ചു. എല്‍.ഡി.എഫിന്റെ ബോര്‍ഡുകളില്‍ എല്‍.ഡി.എഫ് നേതാക്കളുടെ ചിത്രങ്ങളുണ്ടാകുമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടിയില്‍ തന്നെയുണ്ട് ഈ എതിര്‍പ്പ്.

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിട്ടും തീരാത്ത ഉള്‍പ്പോര് മുന്നണിക്കകത്ത് ഗുരുതരമായ തലവേദനയാണ് സൃഷ്ടിക്കുന്നത്.