ടൂറിന്‍: കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തിന് പകരം വീട്ടാനിറങ്ങിയതായിരുന്നു ടൂറിനില്‍ യുവന്റസ്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ റയലിനോട് പക വീട്ടാമെന്ന യുവന്റസിന്റെ മോഹങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് കരിച്ചു കളഞ്ഞത്. തുടര്‍ച്ചയായ 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന ബഹുമതിയും ഈ മത്സരത്തിലൂടെ ക്രിസ്റ്റിയാനോ സ്വന്തമാക്കി.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മാച്ചിന്റെ ഏറ്റവും ആകര്‍ഷണീയത 64-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ബൈസിക്കിള്‍ കിക്കിലൂടെ നേടിയ ഗോളായിരുന്നു. ഡാനി കര്‍വാജല്‍ നല്‍കിയ ക്രോസ് ബൈസിക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ യുവന്റസിന്റെ പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ ബഫണിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമാണുണ്ടായിരുന്നത്.

കഴിഞ്ഞ ഒമ്പത് കളികളില്‍ 19 ഗോളുകളാണ് ക്രിസ്റ്റിയാനോ റയലിന് വേണ്ടി നേടിയത്. അവസാന 10 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ 16 ഗോളുകള്‍ ക്രിസ്റ്റിയാനോ സ്വന്തമാക്കി. ഈ സീസണില്‍ 14 ഗോളുകളും കഴിഞ്ഞ ഫൈനലില്‍ യുവന്റസിനെതിരെ രണ്ട് ഗോളുകളുമാണ് അദ്ദേഹം നേടിയത്.