ജിദ്ദ: സൗദിയില്‍ പിഞ്ചുകുഞ്ഞിനെതിരെ നഴ്‌സുമാരുടെ ക്രൂരത. മൂത്രസംബന്ധമായ അസുഖം മൂലം പത്ത് ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞിനോടാണ് നഴ്‌സുമാര്‍ ക്രൂരമായി പെരുമാറിയത്.കുഞ്ഞിന്റെ മുഖത്ത് അമര്‍ത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് നഴ്‌സുമാരുടെ ക്രൂരത പുറം ലോകം അറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ നടപടിയെടുക്കാന്‍ സൗദി ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കാനും നഴ്‌സിങ് ലൈസന്‍സ് റദ്ദാക്കാനും മന്ത്രാലയം നിര്‍ദേശം നല്‍കി.

നവജാത ശിശുവിന്റെ മുഖം പിടിച്ച് ഞെരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത നഴ്‌സുമാരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് അധികൃതര്‍ പ്രതികരിച്ചു. ഇവരുടെ സഹപ്രവര്‍ത്തകര്‍ ഇതു കണ്ടു ചിരിക്കുന്നതും വിഡിയോയിലുണ്ട്.


സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ കണ്ടു ഞെട്ടിപ്പോയെന്ന് കുഞ്ഞിന്റെ പിതാവ് പ്രതികരിച്ചു. ക്രൂരകൃത്യം ചെയ്തവര്‍ക്കെതിരെ മാത്രമല്ല, വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്ന് അദ്ദേഹം ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.