ഗുവാഹത്തി: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ഡൈനമോസിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയെ തോല്‍പിച്ചത്. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. സത്യാസെങ്് സെന്‍(60ാം മിനുറ്റ്) റോമാറിക്(71ാം മിനുറ്റ്) എന്നിവരാണ് നോര്‍ത്ത് ഈസ്റ്റിനായി ഗോളുകള്‍ നേടിയത്. ഇഞ്ച്വറി ടൈമില്‍ മാര്‍സിലീന്യയാണ് ഡല്‍ഹിയുടെ മറുപടി ഗോള്‍ നേടിയത്. 20 പോയിന്റുമായി ഡല്‍ഹി നേരത്തെ സെമിയുറപ്പിച്ചിരുന്നു.

 
നോര്‍ത്ത് ഈസ്റ്റുകാരുടെ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് നേരിട്ട് സെമിയിലെത്താമെന്ന പ്രതീക്ഷ അടഞ്ഞു. ഇതോടെ ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സുമായുള്ള നോര്‍ത്ത് ഈസ്റ്റുകാരുടെ മത്സരം നിര്‍ണായകമായി. നോര്‍ത്ത് ഈസ്റ്റിനെ സമനിലയില്‍ തളച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ എത്താം. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചാല്‍ മാത്രമാണ് നോര്‍ത്ത്ഈസ്റ്റുകാര്‍ക്ക് സെമി കാണാനാവൂ. നിലവില്‍ 13 കളികളില്‍ നിന്നായി നോര്‍ത്ത് ഈസ്റ്റിന് 18ഉം ബ്ലാസ്റ്റേഴ്‌സിന് 19 പോയിന്റുമാണ്. കൊച്ചിയിലാണ് മത്സരം എന്നത് ബ്ലാസ്റ്റേഴ്‌സിന് അനുകൂല ഘടകമാണ്.

https://twitter.com/IndSuperLeague/status/803978742896803842