ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  പ്രക്ഷോഭരംഗത്തുള്ള കർഷകർക്ക് കടുത്ത തണുപ്പിൽ നിന്ന് രക്ഷ നേടാനായി ചൂടുകുപ്പായങ്ങൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന ചെയ്ത് പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദൊസാഝ്. പഞ്ചാബി ഗായകനായ സിൻഘയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ ഇന്ന് കർഷക പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യാനായി ദിൽജിത് ദൊസാഝ് എത്തിയിരുന്നു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ നിരവധി താരങ്ങളിലൊരാളാണ് ദിൽജിത്. നേരത്തെ, കർഷക സമരത്തെ പരിഹസിച്ച നടി കങ്കണക്കെതിരെ രൂക്ഷവിമർശനമുയർത്തി ദിൽജിത് ശ്രദ്ധേയനാ‍യിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ നടത്തുന്ന സമരം ചരിത്രമാണെന്നും ഈ സമരചരിത്രം വരുംതലമുറകൾ ഏറ്റുപാടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കടുത്ത തണുപ്പിനെ അതിജീവിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരം നടത്തുന്നത്. സമരം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നിരവധി കര്‍ഷകര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.