Connect with us

More

ജനാസ കണ്ണൂരിലെ സ്വവസതിയില്‍; വിടവാങ്ങിയത് ഇന്ത്യയുടെ വിശ്വപൗരന്‍

Published

on

കോഴിക്കോട്: ലോകവേദികളില്‍ ഇന്ത്യക്ക് സൗഹൃദത്തിന്റെ വിലാസം ചാര്‍ത്തി നല്‍കിയ വിശ്വനായകന്‍ ഇനി അമരസ്മരണ. മികച്ച പാര്‍ലമെന്റേറിയനായും ലോകം ഉറ്റുനോക്കിയ നയതന്ത്ര ശാലിയായും കഴിവുറ്റ ഭരണാധികാരിയായും അധഃസ്ഥിത, പിന്നാക്ക, ന്യൂനപക്ഷ ജനതക്ക് ദിശാബോധം പകര്‍ന്നുനല്‍കിയ രാഷ്ട്രീയ നായകനായും കാലം അടയാളപ്പെടുത്തിയ ഇ അഹമ്മദ് എന്ന ജനസേവകന്റെ ജീവിതം ഇനി ചരിത്രത്തിന്റെ ഏടുകളിലേക്ക്. നികത്താനാവാത്ത നഷ്ടങ്ങള്‍ സമ്മാനിച്ചാണ് ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ കര്‍മ്മപഥത്തിന്റെ തിരശ്ശീലക്കു പിന്നിലേക്ക് വിടവാങ്ങിയത്.

ഇന്നലെ പുലര്‍ച്ചെ 2.15ന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആസ്പത്രിയിലായിരുന്നു, മുസ്‌ലിംലീഗ് ദേശീയ പ്രസിഡണ്ടും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് എം.പി(78)യുടെ അന്ത്യം. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ ചൊവ്വാഴ്ച ഉച്ചക്ക് 12.15ന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെതുടര്‍ന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലെ ഇരിപ്പിടത്തില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സഹ എം.പിമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ ആസ്പത്രിയിലേക്ക് മാറ്റി.

ഉച്ചക്ക് രണ്ട് മണിയോടെ ട്രോമാ കെയര്‍ ഐ. സി.യുവിലേക്ക് മാറ്റിയ അഹമ്മദിന് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. വിവരമറിഞ്ഞ് ആസ്പത്രിയില്‍ എത്തിയ മക്കളേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളേയും അഹമ്മദിനെ കാണാന്‍ അനുവദിക്കാതിരുന്നത് ആസ്പത്രിയില്‍ പ്രതിഷേധത്തിനിടയാക്കി. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഒടുവില്‍ ഇന്നലെ പുലര്‍ച്ചെയാണ് മക്കള്‍ക്ക് പിതാവിനെ കാണാന്‍ അവസരം ലഭിച്ചത്. നിമിഷങ്ങള്‍ക്കകം മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

എ.ഐ.ഐ.എം.എസിലേക്ക് മാറ്റിയ മൃതദേഹം എംബാം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കാലത്ത് എട്ട് മണിയോടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലെത്തിച്ച് പൊതുദര്‍ശനത്തിനു വെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു,

അനന്ത്കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, വയലാര്‍ രവി, അഹമ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരും കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മകന്‍ റയീസ് അഹമ്മദിന്റെ നേതൃത്വത്തില്‍ നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ വൈകീട്ട് ആറു മണിയോടെ കരിപ്പൂരിലെത്തിച്ച മൃതദേഹം ഹജ്ജ് ഹൗസില്‍ പൊതുദര്‍ശനത്തിനുവെച്ചു. ഉച്ചയോടെതന്നെ സൂചികുത്താന്‍ ഇടമില്ലാത്തവിധം ഹജ്ജ് ഹൗസും പരിസരവും ജനങ്ങളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. രാത്രിയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്ന മൃതദേഹം ലീഗ്ഹൗസില്‍ പൊതുദര്‍ശനത്തിനു വെച്ചു. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്കു കാണാന്‍ പതിനായിരങ്ങളാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്.

രാത്രി വൈകി കണ്ണൂരിലെ വസതിയായ താണയിലെ ‘സിതാര’യില്‍ എത്തിച്ച ഭൗതിക ശരീരം ഇന്ന് കാലത്ത് 8.30 മുതല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ അങ്കണത്തിലും തുടര്‍ന്ന് സിറ്റിയിലെദീനുല്‍ ഇസ്‌ലാം സഭാ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പൊതുദര്‍ശനത്തിനു വെക്കും. 11 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സിറ്റി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി,ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ ഇ അഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

gulf

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി

ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

Published

on

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുന്നൂറോളം യാത്രക്കാരാണ് ദുബായി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നത്.

ചെക്ക് ഇന്‍ തുടങ്ങാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് യാത്രക്കാര്‍ വിമാനം റദ്ദാക്കിയ വിവരമറിയുന്നത്. ബന്ധുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് യാത്രയ്ക്ക് തയാറെടുത്തവര്‍ തുടങ്ങി അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്.

എന്താണ് വിമാനം റദ്ദാക്കുന്നതെന്നുള്ള വ്യക്തമായ ഉത്തരം അധികൃതര്‍ നല്‍കിയിട്ടില്ല. സാങ്കേതിക തകരാറാണെന്ന് മാത്രമാണ് അറിയിച്ചത്. നാളെ രാവിലെ വിമാനം പുറപ്പെടുമെന്നാണ് ഒടുവിലായി ലഭിക്കുന്ന റിപ്പോര്‍ട്ട്‌

Continue Reading

Education

സി എച്ച് അനുസ്മരണം ഇന്ന്‌ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ

Published

on

മുൻമുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ സിഎച്ച് മുഹമ്മദ് കോയയുടെ നാല്പതാം ചരമവാർഷിക ത്തിൻറെ ഭാഗമായി ഇന്ന്‌ രാവിലെ 9 മണിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി സി എച്ച് ചെയറിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടക്കും . സെമിനാർ ഹാളിൽ ആണ് പരിപാടി .

യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.കെജയരാജ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും .മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ അബ്ദുസമദ് സമദാനി, പി വി അബ്ദുൽ വഹാബ്, മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീർ എംഎൽഎ എന്നിവർ സംസാരിക്കും.

Continue Reading

Trending