ന്യൂഡല്‍ഹി: ഇ അഹമ്മദിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഇ അഹമ്മദിന്റെ മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇ അഹമ്മദിനോട് കേന്ദ്രസര്‍ക്കാര്‍ അനാദരവാണ് കാട്ടിയത്. മരണത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മരണവിവരം പുറത്തുവിടാതിരിക്കാന്‍ ഗൂഢാലോചന നടത്തിയോ എന്നും വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ലമെന്റില്‍വെച്ചാണ് ഇ അഹമ്മദ് കുഴഞ്ഞുവീണത്. പിന്നീട് ഡല്‍ഹിയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കാണാന്‍ കുടുംബത്തെ അനുവദിച്ചിരുന്നില്ല. രാത്രി ആസ്പത്രിയിലെത്തിയ സോണിയ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടലാണ് മരണവിവരം പുറത്തറിയാന്‍ കാരണമായത്. ഇന്നലെ വൈകുന്നേരം കരിപ്പൂരിലെത്തിച്ച മൃതദേഹം ഇന്ന് ഉച്ചയോടെ കണ്ണൂരില്‍ ഖബറടക്കി.