ന്യൂഡല്‍ഹി: പിതാവ് മരിക്കുന്നതിനു മുമ്പ് അരികിലിരുന്ന് ഖുര്‍ആന്‍ ഓതാന്‍ ആസ്പത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് അന്തരിച്ച ഇ അഹമ്മദിന്റെ മക്കള്‍ പറഞ്ഞു. അത്യാസന്ന നിലയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ എത്തിയപ്പോള്‍ ആസ്പത്രി അധികൃതര്‍ മനുഷ്യത്വ രഹിതമായാണ് പെരുമാറിയതെന്നും കുടുംബം പറഞ്ഞു. ഇതിനെതിരെ ഇ അഹമ്മദിന്റെ മക്കള്‍ പോലീസില്‍ പരാതി നല്‍കി.

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഇ അഹമ്മദിന്റെ നില അതീവ ഗുരുതരമായിരുന്നു. പിന്നീട് മക്കള്‍ സന്ദര്‍ശിക്കാനെത്തി. എന്നാല്‍ ആസ്പത്രി അധികൃതര്‍ കുടുംബത്തെ തടയുകയായിരുന്നു. എന്താണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെന്നോ സന്ദര്‍ശിക്കുന്നതിനോ ആര്‍ക്കും അവസരം നല്‍കിയില്ല. അത്യാസന്ന നിലയില്‍ തുടരുന്ന പിതാവിന്റെ അടുത്തിരുന്ന് ഖുര്‍ആന്‍ പാരായണം നടത്താനുള്ള അവകാശം പോലും മകളായ ഫൗസിയക്ക് നിഷേധിക്കുകയായിരുന്നു. മക്കളായ നസീര്‍ അഹമ്മദ്, റഈസ് അഹമ്മദ്, മരുമകന്‍ ബാബു ഷെര്‍ഷാദ് തുടങ്ങിയവര്‍ ആസ്പത്രിയില്‍ എത്തിയിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാന്‍ അനുവദിച്ചില്ലെന്നും ഇതിലൂടെ മക്കളുടെ ബാധ്യതയാണ് ചെയ്യാന്‍ കഴിയാതെ പോയതെന്നും മകന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസിന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പി.വി അബ്ദുല്‍വഹാബ് എം.പിയും പങ്കെടുത്തിരുന്നു.

ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇ അഹമ്മദിനെ കാണാന്‍ അനുമതി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ആസ്പത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. പിന്നീട് ഐ.സി.യുവില്‍ നിന്ന് ട്രോമ കെയറിലേക്ക് മാറ്റിയതിന് ശേഷമാണ് എം.പി മാരായ വയലാര്‍ രവി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ രാഘവന്‍, പി.വി വഹാബ് എന്നിവരെ കാണാന്‍ അനുവദിച്ചത്.