Connect with us

Video Stories

മേടിക്കല്‍ കോളജും ഹസ്തദാന ദക്ഷിണയും

Published

on

ശാരി പി.വി

കൈക്കൂലിയും അഴിമതിയും നടത്താന്‍ ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്‍ അയല്‍ സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്‌നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്‍ സിനിമയില്‍ കേട്ടാല്‍ ഉടന്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ജോലിയില്‍ വ്യാപൃതരായ സെന്‍സര്‍ ബോര്‍ഡിന് അങ്ങനെ പുതിയൊരു പണി കൂടി കിട്ടി. ഇനി മുതല്‍ മെഡിക്കല്‍ കോളജ് എന്നു കേട്ടാലും ബീപ് ശബ്ദം ഇടാവുന്നതാണ്. പല്ലി ചത്തതു മുതല്‍ ദിലീപ് കേസില്‍ വരെ അന്വേഷണം, അന്വേഷണം എന്നും പറഞ്ഞ് നാടു നീളെ തൊണ്ട പൊട്ടിച്ച ആര്‍ഷ ഭാരത സംസ്‌കാര ഗഡികളുടെ കേന്ദ്ര നേതാക്കള്‍ ഇപ്പോള്‍ പറയുന്നു. മെഡിക്കല്‍ കോളജ് കോഴ (മേടിക്കല്‍ എന്ന് തിരുത്തി വായിക്കുക) അഴിമതിയല്ലത്രേ അത് ഏതാണ്ട് മൂല്യശോഷണമാണ് പോലും. എന്താ കഥ. ഇതു പോലെ തരാതരം വ്യാഖ്യാനിക്കാന്‍ സംഘികള്‍ക്കു മാത്രമേ കഴിയൂ. എന്തിനും ഏതിനും ഫേസ്ബുക്കിലൂടെ കൂവുന്ന ഉള്ളിയാതി സംഘികളൊക്കെ ഇപ്പോ ന്യായീകരണ തൊഴിലിലാണ്.
അല്ലേലും വി.ടി ബല്‍റാം പറയും പോലെ സംഘികള്‍ വാങ്ങുന്ന കോഴയെ കൈക്കൂലി എന്നു പറയാന്‍ പാടില്ല, ഹസ്ത വേതന ദക്ഷിണ എന്നാണ് ഹിന്ദുസ്ഥാനിയില്‍ പറയേണ്ടത്. ഒരു ലക്ഷമോ, രണ്ടു ലക്ഷമോ ഒക്കെ ക്യാഷ്് ട്രാന്‍സാക്ഷന്‍ പാടുള്ളൂവെന്നാണ് സംഘികള്‍ തന്നെ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ ഏമാന്‍മാര്‍ ഉത്തരവിട്ടിട്ടുള്ളത്. പക്ഷേ കേരളത്തിലെ ഹസ്ത ദാന ദക്ഷിണ ഒന്നും രണ്ടുമല്ല 5.6 കോടിയാണ്. പണ്ടും ഏതാണ്ടിതുപോലെ വാജ്‌പേയി ഭരണ കാലത്ത് പെട്രോള്‍ പമ്പ് കുംഭകോണം കേരളത്തിലെ താമരച്ചുവട്ടില്‍ തഴച്ചു വളര്‍ന്നിരുന്നുവെന്ന കാര്യം മാലോകര്‍ മറന്നിട്ടൊന്നുമില്ല. ബാങ്കിലൂടെയല്ലാതെ ഇടപാട് പാടില്ലെന്നും പണത്തിന്റെ ഉപയോഗം കുറക്കാന്‍ ഡിജിറ്റല്‍ ഇടപാട് മാതൃകയുമായി വീടു വീടാന്തരം കയറിയിറങ്ങിയ ടീംസ് മേഡിക്കല്‍ കോളജ് കോഴക്കു വേണ്ടി ഉപയോഗിച്ചത് കുഴല്‍പണ ഇടപാടാണ് പോലും. അല്ലേലും സ്വന്തമായി നോട്ടടിക്കുന്ന പ്രസ്സൊക്കെ തൃശൂരില്‍ മണ്ഡലം നേതാവിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള സ്ഥിതിക്ക് ഇതിനൊക്കെ എന്തു ബുദ്ധിമുട്ട്. കോഴി മുട്ടയിട്ടില്ലെങ്കില്‍ ഉടന്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെടുന്ന ഉള്ളിക്കറി വിദ്വാനൊക്കെ ഇപ്പോള്‍ ന്യായീകരണത്തിന്റെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണെന്നാണ് കേട്ടത്. ഇടപാട് ബി.ജെ.പി നേതാക്കളുടേതായതിനാലും സംഘി ചാനലുകള്‍ ഇക്കാര്യം ചര്‍ച്ചിക്കാത്തതിനാലും എന്‍.ഐ.എ വേണ്ട, പകരം പാര്‍ട്ടി തന്നെ നിയോഗിച്ച കമ്മിറ്റി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി (?) നാടുകടത്തുന്നതായിരിക്കും. അല്ലേലും ഏത് അന്വേഷണം നടത്താനും അത് രഹസ്യമായി സൂക്ഷിക്കാനുമുള്ള കഴിവ് കേരളത്തിലെ സംഘികളെ കഴിഞ്ഞേ മറ്റാര്‍ക്കും ഉള്ളൂ. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് (നേതാക്കള്‍) 5.6 കോടി രൂപ അടിച്ചുമാറ്റിയതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്‍ നിന്നു തന്നെ പാപ്പരാസികള്‍ക്ക് ഭംഗിയായി ചോര്‍ന്നു കിട്ടി. ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് ഇപ്പോ സംഘികള്‍ പറയുന്നത് അപ്പോള്‍ പിന്നെ കമ്മീഷനെ നിയമിച്ചതെന്തിനെന്ന് ചോദിച്ചേക്കരുത് ഇവിടെ ഇങ്ങനെയൊക്കെയാണ്. ഭാവിയില്‍ വരാനിരിക്കുന്നത് വരെ അന്വേഷിക്കും. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല, കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. അപ്പോള്‍ ഹവാല, കള്ളപ്പണ ഇടപാടുകളും രാജ്യസ്‌നേഹികള്‍ നടത്തുന്നുണ്ടായിരുന്നുവെന്ന് സാരം. വര്‍ക്കലയിലെ എസ്.ആര്‍ കോളജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്‍, സംസ്ഥാന സെക്രട്ടറി എ.കെ നസീര്‍ എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷന്‍ വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും മുരളീധരപക്ഷം സംഗതി ചര്‍ച്ചയാക്കി. പിന്നാലെ റിപ്പോര്‍ട്ടുമെത്തി. ഡിജിറ്റല്‍ പണമിടപാടിന്റെ സ്വന്തക്കാരായ താമരക്കാര്‍ ഡല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി (നോട്ട് ദ പോയിന്റ്) തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ സതീശ് നായര്‍ ആറന്മുള സ്വദേശിയില്‍ നിന്നും എം.ബി.എ അംഗീകാരം തരപ്പെടുത്താമെന്ന് പറഞ്ഞ് വേറെയും 18 ലക്ഷം അമുക്കി താക്കോല്‍ സ്ഥാനം ഉറപ്പാക്കിയ വ്യക്തികൂടിയാണ്. കുഴല്‍പണ ഇടപാട് രാജ്യദ്രോഹമാണെന്നാണ് കേട്ടറിവ്. അംഗീകൃത രാജ്യസ്‌നേഹികള്‍ ഈ ഇടപാടു നടത്തിയാല്‍ അതു രാജ്യദ്രോഹമല്ലാതാകുമോ? അങ്ങനെയാണെങ്കില്‍ മിസ്ഡ് കോള്‍ അടിച്ച് ഒരു രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി ഈ ഇടപാട് തുടങ്ങാവുന്നതാണ്. നല്ല ലാഭമുള്ള കച്ചവടമാണ്. പാലക്കാട് മെഡിക്കല്‍ കോളജ് തുടങ്ങാന്‍ എം.ടി രമേശ് മുഖേന കാശ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിച്ചു പിന്നാലെ പാര്‍ട്ടി രമേശിന്റെ കരച്ചിലിന് പ്രതിവിധിയായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കിലും അന്വേഷിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് മാതൃക കാണിക്കാന്‍ എന്തായാലും ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടും മഹനീയ മാതൃക തന്നെ. അല്ലെങ്കിലും വ്യാജ ഇടപാട് ബി.ജെ.പിക്ക് പുത്തരിയൊന്നുമല്ല. എല്ലാതരം കോഴയും കൈകാര്യം ചെയ്തു ശീലിച്ച ടീംസ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്‍സിലിനു വേണ്ട വ്യാജ രസീതടിച്ച് കോടികളുടെ ധനസമാഹരണം നടത്തിയെന്ന പരാതി വേറെയുമുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറി ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയ കേസ് പണം തിരിച്ചു നല്‍കി മാതൃക കാണിച്ചാണ് അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്ന മറ്റൊരു സന്തോഷ വാര്‍ത്ത. അഴിമതിക്കെതിരെ ടൊര്‍ണാഡോ പോലെ ആഞ്ഞടിക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ചേര്‍ന്ന് ഇവിടെ ഏതാണ്ടൊരു സ്വര്‍ഗപൂങ്കാവനം സൃഷ്ടിക്കാന്‍ പോവുകയാണെന്ന്. ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി കോഴയും കൈക്കൂലിയും, വ്യാജ നോട്ടടിയും. അഴിമതിക്കെതിരെ ആഞ്ഞടിച്ച ടീമൊക്കെ മെഡിക്കല്‍ കോളജിലെ അഴിമതി വാര്‍ഡില്‍ കൈയും കാലും പ്‌ളാസ്റ്ററിട്ട് കിടക്കുന്ന ദയനീയ കാഴ്ച…സ്ഥിരം ബി.ജെ.പി ചര്‍ച്ച തൊഴിലാളികള്‍ കോഴയെ കുറിച്ച് ചോദിച്ചാല്‍ നികരാഗ്വേയിലെ പട്ടിണിയും ഉഗാണ്ടയിലെ വെള്ളപ്പൊക്കവുമൊക്കെയാണ് മറുപടിയായി മൊഴിയുന്നത്. എന്നാലും അഴിമതിക്കെതിരെ ഗീര്‍വാണം വിട്ട് ഇനിയും വരണേ ആനകളേയും തെളിച്ച് ഇത് വഴി.

ലാസ്റ്റ് ലീഫ്:
ആരാണ് ചൈന എന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയായിരിക്കുന്നു. അതും എന്തും ഏതും ഗണിച്ചു പറയുന്ന ആര്‍.എസ്.എസുകാര്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ചൈന അസുരന്‍മാരാണ് പോലും അസുരന്‍മാര്‍!. പത്ത് ദിവസം യുദ്ധം ചെയ്യാന്‍ മാത്രമേ ഇന്ത്യയുടെ പക്കല്‍ ആയുധമുള്ളൂവെന്നാണ് സിആന്റ്എജിയുടെ കണ്ടെത്തലെങ്കിലും ചൈനയെ തുരത്താന്‍ കൊതുകിനെ തുരത്തുന്നതിനേക്കാളും എളുപ്പമാണെന്നാണ് സംഘികള്‍ പറയുന്നത്. ദിവസവും മന്ത്രം ചൊല്ലിയാല്‍ മതിയത്രേ. മന്ത്രം ദിവസവും അഞ്ച് പ്രാവശ്യം ചൊല്ലിയാല്‍ ചൈനയെ കീഴടക്കാമെന്നാണ് ആര്‍എസ്എസ് നിര്‍ദേശിക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ എണീറ്റ് അഞ്ച് പ്രാവശ്യം ഇത് ചൊല്ലണമെന്നാണ് നിര്‍ദേശം. ‘ഹിമാലയം കൈലാസം ടിബറ്റ്, എന്നിവ ചൈനയുടെ അസുരശക്തിയില്‍ നിന്നും രക്ഷപ്പെടും’ ഇതാണ് ചൈനയെ തുരത്താന്‍ ആര്‍എസ്എസ് നിര്‍ദേശിച്ചിരിക്കുന്ന മന്ത്രം. അപ്പോള്‍ പട്ടാളക്കാരോടുള്ള സ്‌നേഹമൊക്കെ ഇനി എന്തു ചെയ്യുമോ ആവോ

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending