തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് കൊട്ടിക്കലാശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് വൈകീട്ട് ആറ് മണിയോടെ പരസ്യപ്രചാരണത്തിന് സമാപനമാകും. ഈ ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6912 വാര്‍ഡുകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്ന് കൊല്ലം പന്‍മന ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കുണ്ടെങ്കിലും സാധ്യമായ വിധത്തില്‍ അവസാന മണിക്കൂറുകളില്‍ പ്രചാരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികള്‍. കോവിഡ് പശ്ചാത്തലത്തില്‍ അവസാന മണിക്കൂറുകളില്‍ പ്രധാന ജങ്ഷനുകള്‍ കേന്ദ്രീകരിച്ചുള്ള കലാശക്കൊട്ട് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ആറ് മണിക്ക് ശേഷമുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണത്തിന്റെതാണ്. പരമാവധി വോട്ട് സമാഹരിക്കാനുള്ള തന്ത്രങ്ങള്‍ മെനയാനും ഒപ്പം മുഴുവന്‍ വോട്ടര്‍മാരെയും കാണാനുമാവും മുന്നണികള്‍ ഇനിയുള്ള മണിക്കൂറുകള്‍ വിനിയോഗിക്കുക.

കോവിഡ് മഹാമാരി വിതച്ച ആശങ്കകള്‍ക്ക് നടുവില്‍ പതിയെയാണ് പ്രചാരണം തുടങ്ങിയതെങ്കിലും അവസാനത്തിലേക്കെത്തുമ്പോള്‍ തെരഞ്ഞെടുപ്പാവേശം പതിവുപോലെയായി. കോവിഡിന്റെ നിയന്ത്രണ വേലികള്‍ക്കകത്ത് നിലയുറപ്പിക്കുമ്പോഴും തെരഞ്ഞെടുപ്പ് പ്രചാരണാവേശത്തിന് തെല്ലും കുറവുണ്ടായിരുന്നില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചരണ പരീക്ഷണങ്ങളുടെ ദിനങ്ങള്‍ കൂടിയായിരുന്നു കടന്നുപോയത്.

സ്വര്‍ണക്കടത്തും ഇഡി അന്വേഷണവും കിഫ്ബി അഴിമതിയുമെല്ലാം അവസാന നിമിഷം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ കാര്യങ്ങളായിരുന്നു. ഏറ്റവും ഒടുവില്‍ കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഷയമായി. സര്‍ക്കാറിന്റെ അഴിമതി ഭരണത്തോടുള്ള ജനങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താനുള്ള തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.