തിരുവനന്തപുരം:തദ്ദെശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് സിപിഎം-ബിജെപി-എസ്ഡിപിഐ എന്നീ പാര്‍ട്ടികള്‍ തമ്മില്‍ അവിശുദ്ധ സഖ്യവും ആസൂത്രിത നീക്കുപോക്കും നടന്നതായി കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. കേരളത്തിലെ നൂറോളം വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. 100 വാര്‍ഡുകളില്‍ പലതിലും സിപിഎമ്മിനു രണ്ടക്ക വോട്ടുകള്‍ മാത്രമാണുള്ളത്. പല സ്ഥലത്തും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ പരോക്ഷമായി, സിപിഎം ബിജെപിക്ക് വോട്ടു മറിച്ചെന്നും അദ്ദേഹം പറഞ്ഞു.

മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി. കെപിസിസി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഡിപ്പാര്‍ട്ട് നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഗ്രാമ പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,12,73,417 പേര്‍ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതില്‍ 74,58,516 പേര്‍ യുഡിഎഫിനും, 74,37,787 പേര്‍ എല്‍ഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എല്‍ഡിഎഫഇന് 34.96% വോട്ടുകള്‍ ലഭിച്ചു. സീറ്റുകള്‍ നേടിയെടുക്കുന്നതില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടെങ്കിലും വോട്ടുകള്‍ കൂടുതല്‍ ലഭിച്ചെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.